ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം ഗുരുതരം: കേന്ദ്രം ഫെഡറേഷനോട് വിശദീകരണം തേടി
Mail This Article
ന്യൂഡൽഹി ∙ റെസ‌്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി സൂപ്പർതാരങ്ങളായ വിനേഷ് ഫൊഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ രംഗത്ത്. ദേശീയ ക്യാംപുകളിൽവച്ച് പരിശീലകനും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും ഉൾപ്പെടെയുള്ളവർ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഫൊഗട്ട് വെളിപ്പെടുത്തി. ചില പരിശീലകർ വർഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷൻ അധികൃതരിൽനിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും വിനേഷ് ഫൊഗട്ട് ആരോപിച്ചു. താരങ്ങളുടെ ആരോപണം ബ്രിജ് ഭൂഷൺ സിങ് തള്ളിക്കളഞ്ഞു.
അതേസമയം, ഫെഡറേഷൻ പ്രസിഡന്റിനെതിരായ ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം ഗൗരവമുള്ള വിഷയമാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു. സംഭവത്തിൽ കായിക മന്ത്രാലയും ഗുസ്തി ഫെഡറേഷനോട് വിശദീകരണം തേടി. ആരോപണം ഗുരുതരമാണെന്നും 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്നുമാണ് നിർദ്ദേശം. മറുപടി നൽകിയില്ലെങ്കിൽ ഫെഡറേഷനെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലക്നൗവിലെ ദേശീയ ഗുസ്തി ക്യാംപ് റദ്ദാക്കി.
ഡബ്ല്യുഎഫ്ഐയുടെ പ്രവർത്തന രീതികൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് പ്രസിഡന്റിനും പരിശീലകർക്കുമെതിരെ താരങ്ങൾ ലൈംഗികാരോപണം ഉയർത്തിയത്. പുരുഷ, വനിതാ താരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി. വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കു പുറമെ ബജ്‌റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അൻഷു എന്നിവരുൾപ്പെടെ പ്രശസ്തരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ താരങ്ങൾ ഒന്നടങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സഹായം തേടി.
‘വനിതാ താരങ്ങൾ ദേശീയ ക്യാംപിൽവച്ച് പരിശീലകരാലും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനാലും പീഡനത്തിന് ഇരകളായി. ദേശീയ ക്യാംപിൽ നിയമിക്കപ്പെട്ടിരിക്കുന്ന ചില പരിശീലകർ വർഷങ്ങളായി താരങ്ങളെ ഉപദ്രവിക്കുന്നവരാണ്. ഫെഡറേഷൻ പ്രസിഡന്റും ഈ ലൈംഗിക പീഡനങ്ങളുടെ ഭാഗമാണ്. ദേശീയ ക്യാംപിലെ പല യുവ വനിതാ താരങ്ങളും ലൈംഗിക പീഡനത്തെക്കുറിച്ച് പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ദേശീയ ക്യാംപിൽ ലൈംഗിക പീഡനത്തിന് ഇരകളായ കുറഞ്ഞത് 20 വനിതാ താരങ്ങളെ എനിക്ക് വ്യക്തിപരമായി അറിയാം. ഇന്ന് ഇത് തുറന്നുപറയാൻ എനിക്ക് ധൈര്യം കിട്ടി. പക്ഷേ, ഇതിന്റെ പേരിൽ നാളെ ഞാൻ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ല. ഫെഡറേഷനിലെ ആളുകൾ ശക്തരാണ്’ – വിനേഷ് ഫൊഗട്ട് പറഞ്ഞു.
‘ടോക്കിയോ ഒളിംപിക്സിലെ തോൽവിക്കു പിന്നാലെ ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് എന്നെ ‘ഖൊട്ടാ സിക്ക’ എന്നു വിളിച്ചു. ഫെഡറേഷൻ എന്നെ മാനസികമായി പീഡിപ്പിച്ചു. ഓരോ ദിവസവും ജീവനൊടുക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാൽ, അതിന്റെ പൂർണ ഉത്തരവാദിത്തം ഫെഡറേഷൻ പ്രസിഡന്റിനായിരിക്കും’ – ഫൊഗട്ട് പറഞ്ഞു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ് തള്ളിക്കളഞ്ഞു. വിനേഷ് ഫൊഗട്ട് മാത്രമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിങ്ങിന്റെ പ്രതിരോധം.‘‘ഡബ്ല്യുഎഫ്ഐയിലെ ആളുകൾ പീഡിപ്പിച്ചെന്ന് വേറെ ആരെങ്കിലും ഇതുവരെ പരാതിപ്പെട്ടിട്ടുണ്ടോ? വിനേഷ് മാത്രമേ അങ്ങനെ പറഞ്ഞിട്ടുള്ളൂ. ക്യാംപിൽ ലൈംഗിക പീഡനത്തിന് ഇരകളായെന്ന് മറ്റാരെങ്കിലും ഇതുവരെ പറഞ്ഞു കേട്ടിട്ടുണ്ടോ?’ – ബ്രിജ് ഭൂഷൺ ചോദിച്ചു.
English Summary: Women Wrestlers Molested By National Coaches, Alleges Vinesh Phogat