ADVERTISEMENT

ഏറ്റവും ഇഷ്ടം? ‘‘ചെസ്.’’ അതു കഴിഞ്ഞാൽ?–‘‘അതു കഴിയുന്നില്ലല്ലോ’’. ഒരു പതിനേഴുകാരനിൽനിന്നു പ്രതീക്ഷിക്കുന്നതിലും കനമുണ്ട് ദൊമ്മരാജു ഗുകേഷ് എന്ന ചെന്നൈ പയ്യന്റെ വാക്കുകൾക്ക്. ലൈവ് ചെസ് റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ താരമായപ്പോൾ ഗുകേഷിന്റെ കളികളിലൂടെ കടന്നുപോയിട്ടുള്ള ആരും അമ്പരന്നില്ല. ‘മദ്രാസിലെ കടുവ’യുടെ നേട്ടം മറികടക്കാൻ ഗുകേഷ് തിരഞ്ഞെടുത്തത് മുൻ ലോക ചാംപ്യൻ ഗാരി കാസ്പറോവിന്റെ ജന്മസ്ഥലമായ അസർബൈജാനിലെ ബാക്കുവാണ് എന്നത് മാത്രമായിരുന്നു ആകസ്മികം.

ഇഎൻടി സർജനായ പിതാവ് ഡോ. രജനീകാന്തും മൈക്രോബയോളജിസ്റ്റായ അമ്മ പത്മകുമാരിയും ഒഴിവുവേളകളിൽ ചെസ് കളിക്കുന്നത് കണ്ടാണ് ഗുകേഷ് വളർന്നത്. നൂറുമീറ്റർ ഓട്ടമത്സരത്തിന്റെ തുടക്കം പോലെ ദ്രുതചലനങ്ങളുമായി പ്രഗ്നാനന്ദ, അർജുൻ എരിഗാസി, നിഹാൽ സരിൻ എന്ന ‘ഇന്ത്യൻ ബാറ്ററി’ ലോക ചെസ് രംഗത്ത് ഒരേപോലെ കുതിച്ചപ്പോൾ ഒപ്പം നിശബ്ദമുന്നേറ്റം നടത്തുകയായിരുന്നു ഗുകേഷ്. തമിഴ്നാട്ടിലെ മഹാബലിപുരത്ത് കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ലോക ചെസ് ഒളിംപ്യാഡിൽ തുടർച്ചയായ എട്ടുവിജയങ്ങളോടെയും ഒട്ടേറെ അട്ടിമറികളോടെയും ഗുകേഷ് വരവറിയിച്ചു.  ഒളിംപ്യാഡിലെ വ്യക്തിഗത സ്വർണനേട്ടവും കടന്ന് ആ മുന്നേറ്റം ചെന്നുനിന്നത് ഇലോ റേറ്റിങ്ങിലെ മഹാമലയായ 2750 റേറ്റിങ് കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന മാഗ്നസ് കാൾസന്റെ റെക്കോർഡ് തകർത്താണ്.

2016ൽ ഒരു ടൂർണമെന്റിനിടെ പി. ഹരികൃഷ്ണ ലൈവ് റേറ്റിങ് ലിസ്റ്റിൽ ആനന്ദിനെ മറികടന്നിരുന്നെങ്കിലും ഔദ്യോഗിക റേറ്റിങ് ലിസ്റ്റിൽ ആ നേട്ടം തുടരാനായിരുന്നില്ല. സെപ്റ്റംബറിലെ മാസാദ്യ റേറ്റിങ് ഏതാനും ആഴ്ച അകലെയാണെങ്കിലും വരും കാലത്ത് ഗുകേഷിന്റെ ഗ്രാഫ് മുന്നോട്ടാകുമെന്നതിനാൽ ആർക്കും സംശയമില്ല.

‘‘സ്ഥിരതയാണ് ഗുകേഷിന്റെ കൈമുതൽ. ഒരു ടൂർണമെന്റിലും നിലവാരം താഴാറില്ല. നന്നായി കണക്കുകൂട്ടാനുള്ള കഴിവ്, കളിയിലെ ഫോക്കസ് എന്നിവയെല്ലാമാണ് പ്രത്യേകത– ദീർഘകാലമായി ഗുകേഷിന്റെ കോച്ചായ ഗ്രാൻഡ്മാസ്റ്റർ വിഷ്ണു പ്രസന്ന ‘മനോരമ’യോടു പറഞ്ഞു.

ഗുകേഷ് ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് ഇന്ത്യയുടെ മൂന്നാം ചെസ് ഗ്രാൻഡ്മാസ്റ്ററും ആനന്ദിനു മുൻപ് ഇന്ത്യയിലെ ഒന്നാം നമ്പർ താരവുമായ പ്രവീൺ തിപ്സെയുടെ പ്രവചനം. ‘‘നല്ല പോലെ ചിന്തിച്ചാണ് ഗുകേഷിന്റെ ഓരോ നീക്കവും. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഗുണവും ദോഷവും. റാപിഡിൽ ഇത് സമയസമ്മർദത്തിനിടയാക്കുമ്പോൾ ക്ലാസിക്കൽ ചെസിൽ ഇത് വലിയ ഫലം നൽകുന്നു. ഇപ്പോഴത്തെ നിലയിൽ മുന്നേറിയാൽ 2026ൽ ഗുകേഷ് ലോക ചാംപ്യൻഷിപ് കളിക്കുമെന്നാണ് എന്റെ പ്രതീക്ഷ’’– പ്രവീൺ തിപ്സെ പറഞ്ഞു.

∙ 'ഗുകേഷിന്റെ നേട്ടം വളരെ വലുതാണ്. ഈ വർഷത്തെ പ്രകടനം മികച്ചതും. ആക്രമണോത്സുകമായ ശൈലി. എല്ലാവരോടും ധീരമായാണ് പോരാടുന്നത്. ഒരു സമ്പൂർണ കളിക്കാരൻ..' - (വിശ്വനാഥൻ ആനന്ദ് മനോരമയോട്. ചെസ് ലോകകപ്പിലെ മുഖ്യ കമന്റേറ്ററെന്ന നിലയിൽ അസർബൈജാനിലാണ് ആനന്ദ് ഇപ്പോൾ) 

English Summary : Indian chess player D. Gukesh overcome  viswanathan anand in live chess rating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com