ഇവർ ഇന്ത്യൻ ചെസിലെ സുവർണ തലമുറ: ആനന്ദ്
Mail This Article
ഇന്ത്യൻ ചെസിലെ എക്കാലത്തെയും സുവർണതാരം ആരെന്നതിന് ‘വിശ്വനാഥൻ ആനന്ദ്’ എന്നല്ലാതെ ഉത്തരമില്ല. എന്നാൽ ഇന്ത്യൻ ചെസിലെ സുവർണ തലമുറ ഇപ്പോൾ സജീവമായുള്ള കൗമാരതാരങ്ങളാണെന്നു പറയുന്നു 5 തവണ ലോകചാംപ്യനും ലോക ചെസ് ഭരണസമിതിയായ ഫിഡെയുടെ ഡപ്യൂട്ടി പ്രസിഡന്റുമായ ആനന്ദ്. ദ് വീക്ക് വാരികയ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ആനന്ദിന്റെ വിലയിരുത്തൽ. ചെസ് ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ആർ.പ്രഗ്നാനന്ദ ഉൾപ്പെടെയുള്ളവർ ആനന്ദിന്റെ വാക്കുകൾക്കു സാക്ഷ്യം നിൽക്കുന്നു. ആനന്ദുമായുള്ള അഭിമുഖത്തിൽ നിന്ന്...
ഇന്ത്യൻ ആർമി
ഇന്ത്യൻ ചെസിലെ സുവർണ തലമുറ പ്രഗ്നാനന്ദയും ഗുകേഷുമെല്ലാം ഉൾപ്പെടുന്ന ഇപ്പോഴത്തെ താരങ്ങളാണെന്നു ഞാൻ പറയുന്നത് വെറുതെയല്ല. ആ വിശേഷണം ഒട്ടും നേരത്തേയുമല്ല. ഇവരെല്ലാം 2700നു മുകളിൽ ഇലോ റേറ്റിങ് കടന്നവരാണ്. അതോടൊപ്പം തന്നെ ഇരുപതിൽ താഴെ പ്രായമുള്ളവരും. അടുത്ത 10 വർഷം ലോക ചെസിന്റെ ഉന്നതിയിൽ ഇവരെല്ലാം ഉണ്ടാകുമെന്നു തീർച്ചയാണ്. അത് എതിരാളികളായും സുഹൃത്തുക്കളായും സഹയാത്രികരായും ആവാം. പക്ഷേ അത് ഇന്ത്യൻ ചെസിനു നൽകുന്ന ഊർജം വലുതായിരിക്കും.
ഒറ്റയാൻ കാലം
രാജ്യാന്തര ചെസ് ടൂർണമെന്റുകളിലെ ഇന്ത്യൻ സാന്നിധ്യം ഇപ്പോൾ മനോഹരമായൊരു കാഴ്ചയാണ്. എനിക്ക് അതൊരു വലിയ സന്തോഷവുമാണ്. കാരണം ഞാൻ കളിയിൽ വളരെ സജീവമായിരുന്ന കാലത്ത് പല ടൂർണമെന്റുകളിലും ഒരേയൊരു ഇന്ത്യക്കാരനായിരുന്നു ഞാൻ. ഇപ്പോഴുള്ളവരാകട്ടെ പരസ്പരം എതിരാളികളായിരിക്കുമ്പോഴും ചെസിനു പുറത്തുള്ള നിമിഷങ്ങൾ ഒന്നിച്ചാസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നവരാണ്. അവരുടെ ആ ‘പോസിറ്റീവ് വൈബ്’ കാണുമ്പോൾ എന്റെ മനസ്സു നിറയാറുണ്ട്.
ചെസിലെ വിപ്ലവം
ആധുനിക സാങ്കേതിക വിദ്യകൾ ചെസിനെ ഏറെ മാറ്റിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ ഒരു പൊസിഷനിൽ ഏതു മൂവ് സ്വീകരിക്കണം എന്നുള്ള അഭിപ്രായങ്ങൾക്കും ഉപദേശങ്ങൾക്കും ഇന്നു വലിയ പ്രസക്തിയില്ല. കാരണം കംപ്യൂട്ടറിന് അക്കാര്യം വളരെ കൃത്യമായി നിർദ്ദേശിക്കാനാവും. അതുകൊണ്ടുതന്നെ പുതിയ താരങ്ങളോട് അത്തരം കണിശമായ അഭിപ്രായപ്രകടനങ്ങൾക്കു ഞാൻ മുതിരാറില്ല. എന്റെ ഇത്രയും കാലത്തെ അനുഭവങ്ങൾ അവരോടു പങ്കുവയ്ക്കുക മാത്രമാണ് ചെയ്യാറുള്ളത്. ദൈർഘ്യമേറിയ മത്സരങ്ങളിലും ടൂർണമെന്റിലും വൈകാരികക്ഷമത നിലനിർത്താൻ ചില കാര്യങ്ങൾ അവർക്കു ഗുണം ചെയ്തേക്കും എന്നതു കൊണ്ടാണത്. എങ്കിലും അക്കാര്യത്തിലും എന്തെങ്കിലും നിഷ്കർഷിക്കുന്നത് ശരിയല്ല. അവർക്കു വേണ്ടതു മാത്രം സ്വീകരിക്കാം എന്നതാണ് എന്റെ നയം.
English Summary : These are the golden generation of Indian chess says Viswanathan Anand