ഏഷ്യൻ ഗെയിംസ്: റഷ്യ, ബെലാറൂസ് താരങ്ങളില്ല
Mail This Article
ഈ മാസം 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ റഷ്യ, ബെലാറൂസ് രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കില്ല. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾക്ക് സ്വതന്ത്ര അത്‍ലീറ്റുകളായി ഏഷ്യൻ ഗെയിംസിൽ മത്സരാനുമതി നൽകാൻ സംഘാടകരമായ ഒളിംപിക്സ് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ (ഐഒസി) എതിർപ്പിനെത്തുടർന്ന് ഒസിഎ ഈ തീരുമാനത്തിൽ നിന്നു പിൻമാറിയതായാണ് റിപ്പോർട്ടുകൾ.
2024 പാരിസ് ഒളിംപിക്സിന് യോഗ്യത നേടാൻ ഇരു രാജ്യങ്ങളിലെയും താരങ്ങൾക്ക് അവസരമൊരുക്കാനാണ് ഏഷ്യൻ ഗെയിംസിൽ മത്സരാനുമതി നൽകാൻ തീരുമാനിച്ചത്. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയും ബെലാറൂസും രാജ്യാന്തര ഒളിംപിക്സ് കൗൺസിലിന്റെ വിലക്ക് നേരിടുകയാണ്. അതിനാൽ അവിടുത്തെ കായികതാരങ്ങൾക്ക് ഒളിംപിക്സ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ല.
പുരുഷ ഹോക്കി ടീമിൽ 3 മാറ്റം
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിൽ 3 മാറ്റങ്ങൾ. കഴിഞ്ഞമാസം ചെന്നൈയിൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ജേതാക്കളായ ടീമിൽ അംഗങ്ങളായിരുന്ന മുന്നേറ്റനിര താരം ആകാശ്ദീപ് സിങ്, യുവതാരങ്ങളായ ജുഗ്‌രാജ് സിങ്, കാർത്തി സെൽവം എന്നിവരെയാണ് ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കിയത്.
ഏഷ്യൻ ചാംപ്യൻസ്ട്രോഫിയിൽ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോററായിരുന്നു ആകാശ്ദീപ്. 18 അംഗ ടീമിനെ ഹർമൻപ്രീത് സിങ് നയിക്കും. മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷ് ടീമിലുണ്ട്. ടോക്കിയോ ഒളിംപിക്സിൽ കളിച്ച ലളിത് കുമാർ ഉപധ്യായ് ടീമിൽ തിരിച്ചെത്തി.
ക്രിക്കറ്റ് മത്സരങ്ങൾ 19 മുതൽ
9 വർഷത്തെ ഇടവേളയ്ക്കുശേഷം ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിലേക്കു തിരിച്ചെത്തുമ്പോൾ ആദ്യ മത്സരം ഹോങ്കോങും ആതിഥേയരായ ചൈനയും തമ്മിൽ. വനിതാ ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ 19ന് ആണ് ഇരു ടീമുകളും ഏറ്റുമുട്ടുക. വനിതകളിൽ 22നാണ് ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം. പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ 28ന് ഒമാൻ സൗദി അറേബ്യയെ നേരിടും. ഒക്ടോബർ അഞ്ചിനാണ് ഇന്ത്യയുടെ ക്വാർട്ടർ പോരാട്ടം. പുരുഷ, വനിതാ ക്രിക്കറ്റിൽ ഇന്ത്യൻ ടീം നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു.
റോളർ സ്കേറ്റിങ്: 2 മത്സരങ്ങൾ ഒഴിവാക്കി
നിശ്ചിത എണ്ണം മത്സരാർഥികളില്ലാതായതോടെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെ 2 റോളർ സ്കേറ്റിങ് മത്സരങ്ങൾ ഒഴിവാക്കി. പുരുഷ വിഭാഗം ക്വാഡ് ഫ്രീ സ്കേറ്റിങ്, കപ്പിൾ ഡാൻസ് എന്നീ മത്സരങ്ങളാണ് ഒഴിവാക്കിയത്. ഏഷ്യൻ ഗെയിംസിലെ ഒരു മത്സരയിനത്തിൽ കുറഞ്ഞത് 6 രാജ്യങ്ങളിൽ നിന്നുള്ള അത്‍ലീറ്റുകൾ റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണിത്. ഏഷ്യൻ ഗെയിംസിലെ മെഡൽ ഇനങ്ങൾ ഇതോടെ 481 ആയി.
English Summary: No players from Russia and Belarus in Asian Games