സിംഗപ്പുർ മെഡലിന് മലയാളി സ്പർശം, ശാന്തി പെരേരയുടെ ‘കേരള കണക്ഷൻ’
Mail This Article
ഹാങ്ചോ ∙ ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്നലെ നടന്ന 100 മീറ്ററിൽ പോരാട്ടങ്ങളിൽ മത്സരിക്കാൻ ഇന്ത്യൻ താരങ്ങളുണ്ടായിരുന്നില്ല. പക്ഷേ മെഡലുകളിലൊന്നിന് മലയാളി ബന്ധമുണ്ട്. വനിതാ 100 മീറ്ററിൽ വെള്ളി നേടിയ സിംഗപ്പുർ താരം ശാന്തി പെരേരയ്ക്കാണ് കേരളത്തിൽ വേരുകളുള്ളത്. ശാന്തിയുടെ അച്ഛൻ ക്ലാരൻസ് പെരേരയുടെ കുടുംബം വർഷങ്ങൾക്കു മുൻപ് കോട്ടയം പാലായിൽ നിന്ന് സിംഗപ്പുരിലേക്ക് കുടിയേറിയതാണ്.
ഏഷ്യൻ ഗെയിംസ് മെഡലിനായുള്ള സിംഗപ്പുരിന്റെ 47 വർഷത്തെ കാത്തിരിപ്പാണ് ഇന്നലെ ശാന്തിയുടെ വെള്ളി നേട്ടത്തോടെ അവസാനിച്ചത്. 1974ലെ ഗെയിംസിലാണ് ഇതിനു മുൻപ് ഒരു സിംഗപ്പുർ താരം അത്‌ലറ്റിക്സ് മെഡൽ നേടിയത്. സിംഗപ്പുർ അത്‌ലറ്റിക്സിലെ സൂപ്പർ സ്റ്റാറാണ് ശാന്തി പെരേര.
ജൂലൈയിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ 100, 200 മീറ്ററുകളിൽ ജേതാവായ താരം ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സെമിയിലുമെത്തി. ലോക ചാംപ്യൻഷിപ്പിന്റെ സെമിയിലെത്തുന്ന ആദ്യ സിംഗപ്പുർ അത്‌ലീറ്റും ശാന്തിയാണ്. സ്പ്രിന്റ് ഇനങ്ങളിൽ വിവിധ പ്രായ വിഭാഗങ്ങളിലെ സിംഗപ്പൂർ ദേശീയ റെക്കോർഡുകളെല്ലാം വർഷങ്ങളായി കയ്യടക്കിവച്ചിരിക്കുകയാണ് ഈ ഇരുപത്താറുകാരി. ഇന്ന് 200 മീറ്ററിലും മത്സരിക്കുന്നുണ്ട്.
English Summary : Shanti Pereira makes history with silver win at 19th Asian Games