ആൻസി സോജന്‍ ലോങ്ജംപിൽ വെള്ളി; മെഡൽ വേട്ട തുടർന്ന് ഇന്ത്യ
Mail This Article
ഹാങ്ചോ∙ ഏഷ്യൻ ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യ മെഡൽ വേട്ട തുടരുന്നു. ലോങ്ജംപിൽ മലയാളിതാരം ആൻസി സോജന്‍ വെള്ളിമെഡൽ കരസ്ഥമാക്കി. അഞ്ചാം ശ്രമത്തിൽ കരിയറിലെ മികച്ച ദൂരമായ 6.63 മീറ്റർ കണ്ടെത്തിയാണ് ആൻസി മെഡൽ സ്വന്തമാക്കിയത്. 4x400 മീറ്റർ മിക്സ്ഡ് റിലേയിലും ഇന്ത്യ വെള്ളിമെഡൽ നേടി. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശ്രീലങ്ക അയോഗ്യരായതോടെയാണ് ഇന്ത്യയ്ക്ക് വെള്ളിമെഡൽ സ്വന്തമായത്. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വെള്ളിയും വെങ്കലവും ഇന്ത്യയ്ക്കാണ്. പാരുൾ ചൗധരി വെള്ളിമെഡലും പ്രീതി ലാംബ വെങ്കലമെഡലും സ്വന്തമാക്കി.
ടേബിൾ ടെന്നിസ് വനിതാ ഡബിൾസിൽ സുതീർഥ മുഖർജി, അയ്ഹിക മുഖർജി സഖ്യം വെങ്കലം നേടി. സെമി ഫൈനലിൽ 11-7, 8-11, 11-7, 8-11, 9-11, 11-5, 2-11 എന്ന സ്കോറിനാണ് ഉത്തര കൊറിയയുടെ സുയോങ് ചാ, സുഗ്യോങ് പാക്ക് എന്നിവരോട് സഖ്യം പരാജയപ്പെട്ടത്. ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസ് വനിതാ വിഭാഗത്തിൽ ഇന്ത്യ ആദ്യമായാണ് മെഡൽ നേടുന്നത്.
പുരുഷ–വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടി. സഞ്ജന അതുല, കാര്‍ത്തിക ജഗദീശരന്‍, ഹീരല്‍ സാധു, ആരതി രാജ് കസ്തൂരി എന്നിവരാണ് വനിതാ റിലേയില്‍ ഇറങ്ങിയത്. ആര്യന്‍ പാല്‍ സിങ്, ആനന്ദ്കുമാര്‍ , സിദ്ധാന്ത് കുംബ്ലെ, വിക്രം രാജേന്ദ്ര എന്നിവരാണ് പുരുഷവിഭാഗത്തില്‍ മത്സരിച്ചത്.
പുരുഷ ഹോക്കിയിൽ അവസാന പൂൾ മത്സരത്തിൽ ബംഗ്ലദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ കടന്നു. എതിരില്ലാത്ത 12 ഗോളിനാണ് ബംഗ്ലദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. തുടർച്ചയായ അഞ്ചാം മത്സരമാണ് ഇന്ത്യ വിജയിച്ചത്. വൻ മാർജിനിൽ എല്ലാം ജയവും സ്വന്തമാക്കിയ ഇന്ത്യ, ആകെ 58 ഗോളുകളാണ് അടിച്ചുകൂട്ടിയത്. വഴങ്ങിയത് ആകട്ടെ അഞ്ച് ഗോളുകളും മാത്രവും.
English Summary: Asian Games 2023 Day 9 Updates