പ്രഗ്നാനന്ദയുടെ വൻ കരുനീക്കം, തേരോട്ടം
Mail This Article
വീക് ആൻ സീ (നെതർലൻഡ്സ്) ∙ പുതിയ വർഷത്തിൽ, വലിയ പ്രതീക്ഷയുമായി, ലോക ചെസ് ബോർഡിൽ ഇന്ത്യൻ താരം ആർ.പ്രഗ്നാനന്ദയുടെ വൻകരുനീക്കം. 2024ലെ ആദ്യ രാജ്യാന്തര ടൂർണമെന്റിൽ ലോക ചെസ് ചാംപ്യൻ ഡിങ് ലിറനെ വീഴ്ത്തിയ പ്രഗ്നാനന്ദ, കാൻഡിഡേറ്റ്സ് ടൂർണമെന്റ് അടക്കം ഈ വർഷം നടക്കുന്ന ലോക പോരാട്ടങ്ങളിൽ രാജ്യത്തിന്റെ പ്രതീക്ഷ വർധിപ്പിച്ചു. നെതർലൻഡ്സിൽ നടക്കുന്ന ടാറ്റാ സ്റ്റീൽ ടൂർണമെന്റിന്റെ നാലാം റൗണ്ടിലാണ് പ്രഗ്നാനന്ദ ഡിങ് ലിറനെ അട്ടിമറിച്ചത്. വിശ്വനാഥൻ ആനന്ദിനുശേഷം ക്ലാസിക്കൽ ചെസിൽ നിലവിലെ ലോക ചാംപ്യനെ തോൽപിക്കുന്ന ഇന്ത്യക്കാരൻ എന്ന അപൂർവ നേട്ടവും പ്രഗ്ഗയ്ക്കു സ്വന്തമായി. കഴിഞ്ഞവർഷം ഇതേ ടൂർണമെന്റിൽ പ്രഗ്നാനന്ദ ഡിങ് ലിറനെ തോൽപിച്ചിരുന്നു. എന്നാൽ അന്ന് മാഗ്നസ് കാൾസനായിരുന്നു ലോക ചാംപ്യൻ.
ലോക ചെസ് സംഘടനയുടെ (ഫിഡെ) ലൈവ് റേറ്റിങ്ങിൽ ആനന്ദിനെ മറികടന്ന്, ഇന്ത്യയിലെ ഒന്നാം നമ്പർ താരമായതോടെ ഒരു ദിവസത്തിനിടെ പതിനെട്ടുകാരൻ പ്രഗ്നാനന്ദ കൈവരിച്ച വലിയ നേട്ടങ്ങൾ രണ്ടായി. ഡിങ് ലിറനെതിരായ വിജയത്തോടെ ലൈവ് റേറ്റിങ്ങിൽ ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനത്താണ് പ്രഗ്നാനന്ദ (2748.3). ആനന്ദ് പന്ത്രണ്ടാമതും (2748). 2830 പോയിന്റുമായി മാഗ്നസ് കാൾസനാണ് ഒന്നാമത്. റേറ്റിങ്ങിൽ 37 വർഷമായി ആനന്ദ് കയ്യടക്കിവച്ചിരുന്ന ഇന്ത്യക്കാരിലെ ഒന്നാംസ്ഥാനം കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആദ്യം മറികടന്നത് ഡി.ഗുകേഷാണ്. എന്നാൽ മോശം പ്രകടനത്തെത്തുടർന്ന് ഗുകേഷ് പിന്നീട് റേറ്റിങ്ങിൽ പിന്നോട്ടു പോകുകയും ആനന്ദ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തുകയുമായിരുന്നു.
ലോക ചെസ് ചാംപ്യൻഷിപ് ഫൈനലിൽ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്തുന്നതിനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റ് ഏപ്രിലിൽ ടൊറന്റോയിൽ ആരംഭിക്കാനിരിക്കെ, പ്രഗ്നാനന്ദയുടെ ആത്മവിശ്വാസമുയർത്തുന്നതാണ് നെതർലൻഡ്സിലെ വൻ വിജയം. കഴിഞ്ഞവർഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെയാണ് പ്രഗ്നാനന്ദ കാൻഡിഡേറ്റ്സ് മത്സരത്തിന് യോഗ്യത നേടിയത്.