വൃക്കരോഗം, ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; ബോഡിബിൽഡർ 34–ാം വയസ്സിൽ മരിച്ചു
Mail This Article
റിയോ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അവസരം കാത്തിരിക്കുകയായിരുന്ന പ്രശസ്ത ബ്രസീലിയൻ ബോഡിബിൽഡർ ക്രിസ്ത്യൻ ആൻസ് ആശുപത്രിയിൽവച്ച് മരിച്ചു. 2022 ലാണ് താരത്തിന് വൃക്ക രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും 34 വയസ്സുകാരനായ ക്രിസ്ത്യന്‍ ആൻസിന്റെ ജീവൻ രക്ഷിക്കാനായില്ല. ജനുവരി 20നാണ് ക്രിസ്ത്യന്‍ ആൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.
ഒരു വൃക്കയുമായി ജനിച്ച ക്രിസ്ത്യൻ ആൻസിന് മുൻപ് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നെന്ന് കാമുകി വാന ടെക്സെര പ്രതികരിച്ചു. ‘‘പരിശോധനാ ഫലം ലഭിച്ചപ്പോൾ അദ്ദേഹം ആരോടും പറഞ്ഞില്ല. ചികിത്സിക്കാനും തയാറായില്ല. പ്രതീക്ഷ വീണ്ടെടുത്തപ്പോൾ, ജീവൻ രക്ഷിക്കാനുള്ള സമയവും ലഭിച്ചില്ല.’’– വാന ഒരു ബ്രസീലിയൻ മാധ്യമത്തോടു പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ നാൽപതിനായിരത്തിലേറെ പേർ പിന്തുടരുന്ന ക്രിസ്ത്യൻ ആൻസ് പരിശീലന വിഡിയോകൾ പോസ്റ്റ് ചെയ്താണ് പ്രശസ്തനായത്. ബ്രസീലിലെ ഒരു ഫിറ്റ്നസ് സെന്ററിൽ പരിശീലകനാണ്. മോഡലിങ്ങിലും താരം സജീവമായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ക്രിസ്ത്യൻ ആൻസിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമായിരുന്നെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.