ADVERTISEMENT

ന്യൂഡൽഹി ∙ ജീവനക്കാരെ നിയമിക്കാനും അവരെ ജോലിയിൽ നിന്നു പിരിച്ചുവിടാനുമുള്ള അധികാരം, ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) ഭരണസമിതിക്കില്ലെന്ന് പ്രസിഡന്റ് പി.ടി. ഉഷ. അസോസിയേഷന്റെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാനുള്ള അധികാരം പ്രസിഡന്റിനാണെന്നും ഭരണസമിതി അംഗങ്ങൾക്കു നൽകിയ കത്തിൽ ഉഷ വ്യക്തമാക്കി. 

സിഇഒ, എക്സിക്യുട്ടീവ് അസിസ്റ്റന്റ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഒളിംപിക് അസോസിയേഷൻ ഭരണസമിതിയിലുണ്ടായ ഭിന്നതകളിലാണ് ഉഷ നിലപാട് അറിയിച്ചത്. ഐഒഎ സിഇഒയായി രഘുറാം അയ്യരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മാസങ്ങൾക്കു മുൻപ് ആരംഭിച്ച വിവാദങ്ങളാണ് ഇപ്പോൾ രൂക്ഷമായത്. ‌

3 കോടി രൂപ വാർഷിക ശമ്പളത്തിൽ രഘുറാം അയ്യരെ നിയമിച്ചതായിരുന്നു ആദ്യ തർക്ക വിഷയം. തുടർന്ന് ഐഒഎ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി നിയമിച്ചിരുന്ന അജയ് കുമാർ നരാംഗിനെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ പുറത്താക്കിയതോടെ ഭിന്നതകൾ രൂക്ഷമായി.

പിന്നാലെ അനുമതിയില്ലാത്ത വ്യക്തികൾ ഐഒഎ ആസ്ഥാനത്തു പ്രവേശിക്കരുതെന്നു വ്യക്തമാക്കി ഭരണസമിതി അംഗങ്ങൾ ഒളിംപിക് ഭവനു മുന്നിൽ നോട്ടിസ് പതിപ്പിച്ചതോടെ പോര് പരസ്യമായി. സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേലിന്റെ നേതൃത്വത്തിൽ ഭരണസമിതിയിലെ 9 അംഗങ്ങൾ ഒപ്പുവച്ച നോട്ടിസാണ് കഴിഞ്ഞദിവസം പതിപ്പിച്ചത്. രഘുറാം അയ്യരും അജയ് കുമാറും ഓഫിസിലെത്തുന്നതു ത‌ടയുകയായിരുന്നു നോട്ടിസിന്റെ ലക്ഷ്യം.  ഇതിനാണ് ഉഷ കത്തിലൂടെ മറുപടി നൽകിയത്. ‌‌

English Summary:

Indian olmpics Association president has power to appoint staff says PT Usha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com