ADVERTISEMENT

ടൊറന്റോ (കാനഡ) ∙ ലോക ചെസ് ചാംപ്യൻ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനായി സംഘടിപ്പിക്കുന്ന കാൻഡിഡേറ്റ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളുടെ കുതിപ്പിനു കാതോർത്ത് ചെസ് പ്രേമികൾ. ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ എന്നിവരിലാണ് ഈ പ്രതീക്ഷകളൊക്കെയും. ആകെ 14 റൗണ്ടുകളുള്ള ചാംപ്യൻഷിപ്പിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ, നിലവിലെ ചാംപ്യൻ റഷ്യക്കാരൻ യാൻ നീപോംനീഷിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഗുകേഷും പ്രഗ്ഗയും. ശേഷിക്കുന്ന 7 റൗണ്ടുകളിൽ ചതുരംഗക്കളത്തിൽ അട്ടിമറികളും ആവേശവും നിറഞ്ഞാൽ ടൊറന്റോയിൽ ഇന്ത്യൻ വിജയഭേരി മുഴങ്ങും.

കൗമാര താരം പ്രഗ്നാനന്ദ അടുത്ത മത്സരത്തിൽ ഫ്ര‍ഞ്ചുകാരൻ അലിറേസ ഫിറൂസ്ജയെയാണ് നേരിടുന്നത്. ഗുകേഷ് ഇന്ത്യക്കാരൻ വിദിത് ഗുജറാത്തിക്കെതിരെയും മത്സരിക്കുന്നു. രണ്ടുപേർക്കും നിർണായകമാണ് ഈ മത്സരങ്ങൾ. കഴിഞ്ഞ മത്സരത്തിൽ ഫാബിയോ കരുവാനയെ സമനിലയിൽ തളച്ച പ്രഗ്ഗയ്ക്ക് അലിറേസയ്ക്കെതിരെ വിജയം നേടാനായാൽ അതു വലിയ മുന്നേറ്റത്തിനു വഴിയൊരുക്കും. ഗുകേഷ് കഴിഞ്ഞ ദിവസം അലിറേസയോടു പരാജയപ്പെട്ടതോടെയാണ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. 

തോൽവിയറിയാതെ നീപോംനീഷി, കരുവാന

ടൂർണമെന്റിൽ കഴിഞ്ഞ 7 റൗണ്ടുകളിൽ തോൽവിയറിയാതെ മുന്നേറുന്നതു രണ്ടുപേർ മാത്രമാണ്, യാൻ നീപോംനീഷിയും ഫാബിയോ കരുവാനയും. കാൻഡിഡേറ്റ്സിൽ തുടർച്ചായ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ്, റഷ്യക്കാരനായതിനാൽ ഫിഡെയുടെ പതാകയ്ക്കു കീഴിൽ മത്സരിക്കുന്ന നീപോംനീഷി രംഗത്തുള്ളത്. ഏതുനിമിഷവും ഫോമിലേക്കുയരാൻ കഴിവുള്ള ചെസ് താരമായി വിലയിരുത്തപ്പെടുന്ന അമേരിക്കക്കാരൻ ഫാബിയോ കരുവാന, നീപോംനീഷിക്കു കനത്ത വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്തുമുണ്ട്.

അനുഭവങ്ങൾ, പാളിച്ചകൾ

ടൂർണമെന്റിന്റെ ആദ്യപകുതിയിൽ ഗുകേഷിനും പ്രഗ്നാനന്ദയ്ക്കും സംഭവിച്ച പിഴവുകൾ ജയമുറപ്പിച്ച മത്സരങ്ങൾ സമനിലയിൽ അവസാനിപ്പിക്കാൻ കാരണമായിട്ടുണ്ട്. അത്തരം പിഴവുകളിൽനിന്നു പാഠം പഠിക്കാനായാൽ, അതു രണ്ടാം പകുതിയിൽ ഇന്ത്യൻ താരങ്ങൾക്കു ഗുണം ചെയ്യും. മത്സരത്തിന്റെ അവസാന ഭാഗത്ത് ഫോമിലേക്കുയരുന്ന ശീലമുള്ള വിദിത് ഗുജറാത്തിയിലും ഇന്ത്യൻ പ്രതീക്ഷകളുണ്ട്. ഹികാരു നകാമുറയ്ക്കൊപ്പം 5–ാം സ്ഥാനത്താണ് വിദിത്തുള്ളത്.

അസർബൈജാൻ താരം നിജാത് അബാസോവിനെതിര കഴിഞ്ഞ മത്സരത്തിൽ മികച്ച നിലയിൽ നിൽക്കെ വിദിത്തിനു സംഭവിച്ച പിഴവുകളാണ്   സമനിലയിൽ അവസാനിക്കാൻ കാരണമായത്. അലിറേസയ്ക്കെതിരെ പിഴവു വരുത്തിയതാണ് കഴിഞ്ഞ മത്സരത്തിൽ ഗുകേഷിനും തിരിച്ചടിയായത്.

പ്രതീക്ഷയോടെ പ്രഗ്ഗ

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരിൽ വ്യക്തമായ മേധാവിത്തത്തോടെ മത്സരങ്ങളെ നേരിടുന്നത് ആർ. പ്രഗ്നാനന്ദയാണ്. കറുത്ത കരുക്കളുമായി കളിച്ചു ഫാബിയോ കരുവാനയെ ഫ്രഞ്ച് ഡിഫൻസിൽ സമനിലപ്പൂട്ടിട്ട പ്രഗ്നാനന്ദയുടെ ആത്മവിശ്വാസത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു വിദിത് ഗുജറാത്തിക്കെതിരെ ജയിച്ച മത്സരം. വെല്ലുവിളി ഏറ്റെടുക്കാൻ താൻ തയാറാണെന്നു പ്രഖ്യാപിക്കുന്ന കരുനിലയായിരുന്നു ഈ കളിയിൽ പ്രഗ്ഗയുടേത്.

നിരാശപ്പെടുത്തി വനിതകൾ

വനിതാ വിഭാഗം പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഇന്ത്യൻ താരങ്ങൾ. കൊനേരു ഹംപിയുടെ മത്സരപരിചയവും പ്രഗ്നാനന്ദയുടെ സഹോദരി ആർ.വൈശാലിയുടെ ഭയരഹിതമായ ശൈലിയും ഇന്ത്യയ്ക്കു നേട്ടമുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തൽ. പക്ഷേ, ഇരുവരുടെയും പ്രകടനം ടൂർണമെന്റിന്റെ തുടക്കം മുതൽ മങ്ങി. ചൈനയുടെ ടാൻ സോങ്‌യിയാണ് 5 പോയിന്റോടെ ഒന്നാമത്. റഷ്യയുടെ അലക്സാന്ദ്ര ഗോര്യാച്കിന 4.5 പോയിന്റോടെ രണ്ടാം സ്ഥാനത്തും. വനിതാ വിഭാഗത്തിൽ പോരാട്ടം ഇവർ രണ്ടു പേരിലേക്കും മാത്രമായി ഒതുങ്ങിക്കഴിഞ്ഞു.

English Summary:

Indian Prospects in Candidates Chess

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com