ADVERTISEMENT

മേടച്ചൂടിലും തിരഞ്ഞെടുപ്പു ചൂടിലും ഉരുകി രാജ്യം ഉറങ്ങുമ്പോൾ കാനഡയിലെ ടൊറന്റോയിൽ ഒരിന്ത്യക്കാരൻ കടിച്ചുപറിക്കുന്ന തണുപ്പിനെ ഉരുക്കി ഇന്ത്യയ്ക്കായി വിജയമുറപ്പാക്കുന്ന തിരക്കിലായിരുന്നു. ലോക ചെസ് ചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസിന്റെ 13–ാം റൗണ്ടിലെ വിജയത്തോടെ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷ് ചരിത്രത്തിനു തൊട്ടടുത്താണ്. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ അവസാന റൗണ്ടിന് ഇറങ്ങുമ്പോൾ ഈ പതിനേഴുകാരന് എതിരാളികളെക്കാൾ അരപോയിന്റ്  (ആകെ പോയിന്റ് 8.5) ലീഡുണ്ട്. അവസാന കളി ജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ ചാലഞ്ചർ എന്ന നേട്ടത്തിലേക്ക് ഗുകേഷ് നടന്നുകയറും. 

13 ാം റൗണ്ട് തുടങ്ങുമ്പോൾ 7.5 പോയിന്റുമായി മൂന്നുപേരായിരുന്നു മുന്നിൽ. ഡി. ഗുകേഷ്, യാൻ നീപോംനീഷി, ഹികാരു നകാമുറ എന്നിവർ. നീപോംനീഷി–നകാമുറ കളി സമനിലയാകുകയും ഗുകേഷ് വിജയിക്കുകയും ചെയ്തു. ഇവർക്ക് അരപ്പോയിന്റ് പിന്നിലുണ്ടായിരുന്ന അമേരിക്കൻ താരം ഫാബിയാനോ കരുവാന ആർ. പ്രഗ്നാനന്ദയെ തോൽപിച്ചു. ‍‍

വനിതകളിൽ ചൈനയുടെ ടാൻ സോങ്‌യി ഒരു പോയിന്റ് ലീഡുമായി വിജയം ഏറക്കുറെ ഉറപ്പിച്ചു. ഇന്ത്യയുടെ ആർ. വൈശാലി തുടർ തോൽവികൾക്കൊടുവിൽ ജയം കണ്ടു. 

അവസാന റൗണ്ട് ഇങ്ങനെ

8 പോയിന്റുള്ള അമേരിക്കയുടെ ഹികാരു നകാമുറയാണ് അവസാന റൗണ്ടിൽ ഗുകേഷിന്റെ എതിരാളി. 8 പോയിന്റ് വീതമുള്ള ഫാബിയാനോ കരുവാന–നീപോംനീഷി മത്സരം സമനിലയായാൽ ഗുകേഷിന് കാൻഡിഡേറ്റ്സ് വിജയിക്കാൻ ഒരുസമനില മാത്രം മതിയാകും. ഗുകേഷ് സമനില പാലിക്കുകയും കരുവാന–നീപോംനീഷി കളിയിൽ ആരെങ്കിലും വിജയിക്കുകയും ചെയ്താൽ അവർ തമ്മിൽ ടൈബ്രേക്കർ മത്സരം നടക്കും. 

ഗുകേഷ്– അലിറേസ 

ഞായറാഴ്ച ഇന്ത്യൻ സമയം അർധരാത്രി12.30. അപകടകാരിയായ അലിറേസ ഫിറൂസ്ജയായിരുന്നു ഗുകേഷിന്റെ എതിരാളി.  തനിക്കു പിൻഗാമിയെന്ന് സാക്ഷാൽ മാഗ്നസ് കാൾസൻ പലവട്ടം വാഴ്ത്തിയ പ്രതിഭ. പോരാതെ, 7ാം റൗണ്ടിൽ ഗുകേഷിനെ തോൽപിച്ചതിന്റെ  മാനസിക മുൻതൂക്കവും അലിറേസയ്ക്കുണ്ടായിരുന്നു.  ഗുകേഷിന്റെ കിങ് പോൺ പ്രാരംഭത്തിനെതിരെ റുയ്‌ലോപസ് പ്രാരംഭത്തിലെ ബെർലിൻ പ്രതിരോധമാണ് അലി അവലംബിച്ചത്. കളി മധ്യഘട്ടം പിന്നിട്ടപ്പോൾ മധ്യകളങ്ങളിൽ ആധിപത്യം പുലർത്തിയ അലി രാജാവിന്റെ വശത്തുള്ള കാലാളുകളെ നീക്കി ആക്രമണം തുടങ്ങി. കംപ്യൂട്ടർ എൻജിനുകൾപോലും നേരിയ ആനുകൂല്യം അലിക്കു വിധിച്ച സമയം. എന്നാൽ രാജ്ഞിയുടെ വശത്ത് കാലാൾച്ചങ്ങല സൃഷ്ടിച്ച് അന്ത്യഘട്ടത്തിലേക്കുള്ള ഒരുക്കം അപ്പോഴേ തുടങ്ങിയിരുന്നു ഗുകേഷ്.  

chess
42–ാം നീക്കത്തിൽ കരുനില ആവർത്തിച്ച് സമനിലയാക്കാനുള്ള അലിറേസയുടെ സൂചന തള്ളി ഗുകേഷ് രാഞ്ജിയെ നീക്കിയപ്പോൾ

ഒന്നാംസമയഘട്ടം (40 നീക്കങ്ങൾ)പിന്നിടുമ്പോൾ കരുനില ആവർത്തിച്ച് സമനില കൈവരിക്കാൻ അലിറേസ നൽകിയ സൂചന തള്ളി ഗുകേഷ് രാജ്ഞിയെ നീക്കി. (ചിത്രം കാണുക) 45–ാം നീക്കത്തിൽ രാജ്ഞിമാരെ പരസ്പരം വെട്ടിമാറ്റാൻ അലിറേസ അവസരം നൽകിയത് തെറ്റായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.  സമയസമ്മർദത്തിലും ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത മട്ടിൽ പൊരുതിയ അലിറേസയുടെ നീക്കങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി ഗുകേഷ് ദൗത്യം പൂർത്തിയാക്കിയപ്പോൾ 63 നീക്കം പിന്നിട്ടിരുന്നു; സമയം പുലർച്ചെ 5.30 ഉം. 

English Summary:

Candidates chess update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com