ADVERTISEMENT

ഓർക്കുന്നില്ലേ, ഗോൾഫ് താരം ദിക്ഷ ദാഗറിനെ. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ, അവസാന നിമിഷം ഗോൾഫ് മത്സരത്തിൽ ഇന്ത്യയ്ക്കായി ഇറങ്ങിയ താരം. ദക്ഷിണാഫ്രിക്കയുടെ ഒരു മത്സരാർഥി പിൻമാറിയതിനാൽ രാജ്യാന്തര ഗോൾഫ് ഫെഡറേഷൻ ദിക്ഷയ്ക്ക് (അന്ന് 21 വയസ്സ്) അവസരം നൽകുകയായിരുന്നു. അങ്ങനെ, ഔദ്യോഗിക എൻട്രിയായിരുന്ന അദിതി അശോകിനൊപ്പം വനിതാ ഗോൾഫിൽ ദിക്ഷയും മത്സരിച്ചു. ജന്മനാ ഉള്ള കേൾവി വെല്ലുവിളിയെ മറികടന്നാണു ഗോൾഫിൽ ദിക്ഷയുടെ പോരാട്ടം. ഇക്കുറി, 24–ാം വയസ്സിൽ തന്റെ 2–ാം ഒളിംപിക്സിനു പാരിസിൽ ദിക്ഷയുണ്ടാകും.

ദിക്ഷയും ജ്യേഷ്ഠൻ യോഗേഷും കേൾവി വൈകല്യത്തോടെയാണു ജനിച്ചത്. പിതാവ് കേണൽ നരീന്ദർ ദാഗർ പക്ഷേ, തന്റെ മക്കളെ ചേർത്തുപിടിച്ചു. ചെയ്യാവുന്ന ചികിത്സയെല്ലാം കൊടുത്തു. ശസ്ത്രക്രിയയിലൂടെ ഇരുവരുടെയും തകരാർ കുറച്ചു പരിഹരിച്ചു. ഇരുവരുടെയും ആത്മവിശ്വാസം ചോരാതിരിക്കാൻ നരീന്ദറാണു രണ്ടുപേരെയും മൈതാനത്തേക്കു കൊണ്ടുപോയത്. പ്രതീക്ഷ തെറ്റിയില്ല. ദിക്ഷ ടെന്നിസിലും നീന്തലിലും അത്‍‍ലറ്റിക്സിലും മിടുക്കിയായി. പിന്നീടാണു ശ്രദ്ധ ഗോൾഫിലേക്കു തിരിഞ്ഞത്. ഇടംകൈ കരുത്തിൽ അവിടെ വളർച്ച അതിവേഗമായിരുന്നു. ഒരു ദേശീയ പരിശീലകൻ ദിക്ഷയെപ്പറ്റി പറഞ്ഞതിങ്ങനെ: ‘ഞാൻ നിർദേശങ്ങൾ കൊടുക്കുമ്പോൾ 100% ശ്രദ്ധയോടെ നിൽക്കുന്ന കുട്ടിയാണു ദിക്ഷ. ചുണ്ടിന്റെ ചലനം ഒപ്പിയെടുത്ത് എല്ലാം മനസ്സിലാക്കി. ആ ജാഗ്രതയാണ് ദിക്ഷയുടെ കരുത്ത്.’

യൂറോപ്യൻ ലേഡീസ് ടൂർ ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടം 18–ാം വയസ്സിൽ ദിക്ഷ സ്വന്തമാക്കി. 2019ൽ ആയിരുന്നു നേട്ടം. അതിനും 2 വർഷം മുൻപു മറ്റൊരു ചരിത്രനേട്ടം ദിക്ഷ പേരിലാക്കിയിരുന്നു. കേൾവി വെല്ലുവിളി നേരിടുന്നവരുടെ മഹാമേളയായ ഡെഫ്ലിംപിക്സിൽ വെള്ളി. പിന്നീടു 2021ൽ സ്വർണവും സ്വന്തമാക്കി. ഒളിംപിക്സിലും ഡെഫ്ലിംപിക്സിലും പങ്കെടുത്ത ആദ്യ ഗോൾഫർ എന്ന റെക്കോർഡും ഈ ഹരിയാനക്കാരിയുടെ പേരിൽത്തന്നെ.

ഒളിംപിക്സിനു മുൻപായി യൂറോപ്പിലെ വിവിധ ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ‘ടോക്കിയോയിൽ, വെറുതെ പങ്കെടുക്കുക എന്നതിൽക്കവിഞ്ഞ് മറ്റൊരു ലക്ഷ്യമില്ലായിരുന്നു. പക്ഷേ, പാരിസിൽ അങ്ങനെയല്ല. രാജ്യത്തിനായി മികച്ച പ്രകടനമാണു ലക്ഷ്യം. അതിനുള്ള കഠിനാധ്വാനത്തിലാണ്. യൂറോപ്യൻ അനുഭവം പാരിസിൽ തുണയ്ക്കുമെന്നാണു പ്രതീക്ഷ’ – ദിക്ഷ മനസ്സു തുറന്നു. ഒളിംപിക് ഗോൾഫ് റാങ്കിങ്ങിൽ 37–ാം സ്ഥാനത്താണു ദിക്ഷ. അദിതി അശോക് 25–ാം സ്ഥാനത്തും.

English Summary:

Diksha Dagar to Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com