ADVERTISEMENT

ഇംഗ്ലിഷിൽ എഴുതിത്തീർത്ത ആത്മകഥയ്ക്ക് ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോളി പി.ആർ.ശ്രീജേഷ് നൽകിയ പേര് ‘ഫെയ്ത്ത് ബിഹൈൻഡ് ദ് ഗ്രിൽ’ എന്നാണ്. ഗോൾപോസ്റ്റിനു മുന്നിൽ, ഇരുമ്പിന്റെ അഴികളുള്ള ഹെൽമറ്റ് ധരിച്ചു നിൽക്കുന്ന ഗോളിയുടെ ‘ഏകാന്തത’ മുതൽ തന്റെ ജീവിതവഴിയിലെ ഓരോ മുഹൂർത്തവും വരെ വരച്ചിടുന്ന സംഭവബഹുലമായ കഥ പ്രസിദ്ധീകരിക്കാൻ ഇനിയും സമയമായിട്ടില്ലെന്നു പറയുകയാണു കരിയറിലെ നാലാമത്തെ ഒളിംപിക്സിന് ഒരുങ്ങുന്ന ഈ കൊച്ചി പള്ളിക്കര സ്വദേശി. പരിശീലനത്തിന്റെ ഇടവേളയിൽ നാട്ടിലെത്തിയ കേരളത്തിന്റെ അഭിമാന‘ശ്രീ’ മനോരമയോടു സംസാരിക്കുന്നു... 

ഗുഡ്ബൈ, ഒളിംപിക്സ് !

2012ൽ ലണ്ടനിൽ തുടങ്ങിയ ഒളിംപിക്സ് പ്രയാണത്തിന് ഇത്തവണ പാരിസിൽ ഞാൻ അവസാനം കുറിക്കും. ഇനിയൊരു ഒളിംപിക്സിനില്ല. ടോക്കിയോയിൽ വെങ്കലം നേടിയതാണു കരിയറിലെ സുവർണതിലകം. 2 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം. 2 കോമൺവെൽത്ത് വെള്ളി. ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ 4 സ്വർണം. 2004ൽ ജൂനിയർ ഇന്ത്യൻ ടീമിൽ ഇടംനേടിയതു മുതൽ രാജ്യത്തിന്റെ കുപ്പായത്തിൽ കളിക്കുന്നു. ഇപ്പോൾ 36 വയസ്സായി.  പക്ഷേ, കളിക്കളത്തിൽനിന്നു പൂർണമായി വിരമിക്കുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല. ടീമിൽ ഇടംപിടിക്കാൻ പ്രായമല്ല മാനദണ്ഡം, പ്രകടനമാണ്. 

പരിശീലകക്കുപ്പായം

16 പരിശീലകർക്കു കീഴിൽ ഞാൻ കളിച്ചിട്ടുണ്ട്.  ഇപ്പോൾ എനിക്കൊപ്പം ടീമിലുള്ള അരിജീത് സിങ് ജനിച്ചത് 2004ൽ ആണ്;  ഞാൻ ആദ്യമായി ജൂനിയർ ഇന്ത്യയ്ക്കായി കളിക്കുന്ന കാലത്ത്! ടീമിലെ ഏറ്റവും സീനിയറായ എനിക്ക് ഓരോ ടീമംഗത്തെയും ശാസിക്കാനും അഭിനന്ദിക്കാനുമുള്ള സ്വാതന്ത്ര്യം പരിശീലകൻ തന്നിട്ടുണ്ട്. ‘പ്രാക്ടിക്കൽസ്’ പറഞ്ഞുകൊടുക്കുമ്പോൾ ഒരു ‘കോച്ച് മെറ്റീരിയൽ’ ആകാനുള്ള അനുഭവം എനിക്കുണ്ടെന്നു തോന്നാറുണ്ട്. കളത്തിനോടു ഗുഡ്ബൈ പറഞ്ഞാൽ പരിശീലകവേഷത്തിൽ എന്നെ പ്രതീക്ഷിക്കാം. 

എല്ലാം സെറ്റ് 

2016ൽ പരുക്കിന്റെ പിടിയിലായപ്പോഴാണു വായന ശീലമാക്കിയത്. പിന്നാലെ എഴുത്തും തുടങ്ങി. അങ്ങനെയാണ് ആത്മകഥയിലേക്കെത്തിയത്. ഇപ്പോൾ ലക്ഷ്യം ഒളിംപിക്സാണ്. ബെംഗളൂരുവിലെ പരിശീലനക്യാംപിനു ശേഷം അടുത്ത മാസം 8നു സ്വിറ്റ്സർലൻഡിലേക്ക്. അവിടെനിന്നു 12നു ഹോളണ്ടിലേക്ക്. 20 മുതൽ ഞങ്ങൾ പാരിസിലുണ്ടാകും. ജൂലൈ 27ന് ആദ്യ മത്സരത്തിൽ ന്യൂസീലൻഡാണു നമ്മുടെ എതിരാളികൾ. ടീമിലാകെ യുവതാരങ്ങളാണ് (ഞാനൊഴികെ!). ലോകവേദിയിൽ അവർ തിളങ്ങിയാൽ നമ്മൾ കലക്കും. അവർക്കു നിർഭയം പോരാടാം; പോസ്റ്റിൽ അവർക്ക് ആത്മവിശ്വാസമേകി ഞാനുണ്ടല്ലോ...

English Summary:

Indian hockey player PR Sreejesh says that Paris olympics is his last Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com