ഓർമകളിലെ മിന്നൽ സ്മാഷുകൾ
Mail This Article
കൊച്ചി∙ ആറടിയോളം ഉയരം. അതിവേഗം ഉയർന്നുപൊങ്ങി എതിർടീമിന്റെ ഫസ്റ്റ് കോർട്ടിൽ പന്തടിച്ചിട്ട് കാണികളെ ത്രസിപ്പിച്ച നെയ്യശേരി ജോസ് (സി.കെ.ഔസേഫ്) ഇനി ഓർമ. ജിമ്മി ജോർജിനെ അനുസ്മരിപ്പിക്കുന്ന ചാട്ടവും കരുത്തുറ്റ സ്മാഷുമായിരുന്നു നെയ്യശേരി ജോസിനെ വോളിബോൾ കമ്പക്കാരുടെ പ്രിയങ്കരനാക്കിയിരുന്നത്. ഇന്ത്യയ്ക്കായും കേരളത്തിനായും എഫ്എസിടിക്കായും കളിച്ച ജോസ് കേരളത്തിന്റെ ക്യാപ്റ്റനുമായിരുന്നു. വോളിബോളിനു പുറമേ അറിയപ്പെടുന്ന അത്‌ലീറ്റുമായിരുന്നു അദ്ദേഹം. ലോങ്ജംപ്, ഹൈജംപ്, ട്രിപ്പിൾ ജംപ് എന്നിവയിൽ കേരളത്തെ പ്രതിനിധീകരിച്ച തൊടുപുഴ സ്വദേശി നെയ്യശേരി ജോസ്, ഒളിംപ്യൻ സുരേഷ്ബാബുവിന്റെ വരവോടെയാണു പിന്നാക്കം പോയതെന്ന് ഓർക്കുന്നു കേരള ടീമിലും എഫ്എസിടിയിലും സഹതാരമായിരുന്ന പി.ഭുവൻദാസ്. സ്കൂൾതലങ്ങളിൽ കേരളത്തിനായി വിവിധ ജംപുകളിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട് അദ്ദേഹം.
അറുപതുകളിലും എഴുപതുകളുടെ തുടക്കത്തിലും കേരളത്തിന്റെ ഗ്രാമീണമേഖലകളിലെ ജനകീയ വോളി താരമായിരുന്നു ജോസ്. ജോസ് ടീമിലുണ്ടെങ്കിൽ ഉയർന്നുപൊങ്ങിയുള്ള ആ ചാട്ടവും സ്മാഷും കാണാൻ മാത്രം കാണികളെത്തിയിരുന്നു. കരുത്തും ബുദ്ധിയും സമന്വയിപ്പിച്ച പവർ ഗെയിമിന് ഉടമയായിരുന്നു ജോസെന്നു ഭുവൻദാസ് ഓർക്കുന്നു.
റെയിൽവേയിൽ പാലക്കാട് ഒലവക്കോട്ടാണ് അദ്ദേഹം ആദ്യം ജോലി ചെയ്തിരുന്നത്. അവിടെനിന്നാണ് എഫ്എസിടിയിലെത്തിയത്. എഫ്എസിടിയിൽനിന്നു വിരമിക്കാൻ മൂന്നു വർഷമുള്ളപ്പോൾ സ്വയം ജോലി മതിയാക്കുകയായിരുന്നു. മികവുറ്റ താരമായിരിക്കുമ്പോഴും തനി നാട്ടിൻപുറത്തുകാരനായാണു ജീവിച്ചത്. കളിക്കളത്തിലെ ആക്രമണശൈലി കോർട്ടിനു പുറത്തെത്തിയാൽ ശാന്തതയിലേക്കു വഴിമാറി. ജോസ് നിത്യശാന്തിയിലേക്കു മടങ്ങുമ്പോൾ രാജ്യാന്തര താരങ്ങളടങ്ങിയ മുൻ സഹതാരങ്ങൾക്ക് ഓർക്കാൻ മികവും കരുത്തും നിറഞ്ഞ നല്ല ഓർമകൾ മാത്രം.