ADVERTISEMENT

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ജഴ്സിയിൽ കേരളത്തിന്റെ മുദ്ര പതിപ്പിച്ച വയനാട്ടുകാരി മിന്നു മണിയെ കണ്ടെത്തിയതു മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എൽസമ്മയാണ്. പി.ടി.ഉഷയെ ആദ്യമായി ട്രാക്കിലേക്കു കൈപിടിച്ചു നയിച്ചതു തൃക്കോട്ടൂർ യുപി സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാഷാണ്. സ്കൂൾതലത്തിൽ കുട്ടികളുടെ കായികമികവിനെ കണ്ടെത്തി മിനുക്കിയെടുക്കുന്നതിൽ സംസ്ഥാനത്തെ കായികാധ്യാപകർ വലിയ പങ്കുവഹിക്കുന്നവരാണ്. എന്നാൽ, കഴിഞ്ഞ അധ്യയന വർഷം ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 84% യുപി സ്കൂളുകളിലും കായികാധ്യാപകരില്ല. 44% ഹൈസ്കൂളുകളിലും കായികാധ്യാപകരില്ലാത്ത അവസ്ഥ. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആകെ കുട്ടികളുടെ എണ്ണം 22.87 ലക്ഷമാണ്. ഇവർക്കായി യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലുള്ളത് 1869 കായികാധ്യാപകർ മാത്രം. 1223 കുട്ടികൾക്ക് ഒരു അധ്യാപകൻ വീതം. 5 മുതൽ 10 വരെ ക്ലാസുകൾക്ക് ആരോഗ്യ, കായിക വിദ്യാഭ്യാസ പാഠപുസ്തകവും തിയറി, പ്രാക്ടിക്കൽ പരീക്ഷകളും ഉണ്ടെന്നിരിക്കെ അതെല്ലാം കഴിഞ്ഞ് കുട്ടികളെ ഓടിക്കാനും ചാടിക്കാനും ആർക്ക്, എപ്പോൾ സമയം കിട്ടാനാണ്? ‘ക്യാച്ച് ദെം യങ്’ എന്ന സിദ്ധാന്തം നടപ്പാക്കിയാലേ കായികരംഗത്തേക്കു വരും കാലങ്ങളിലെങ്കിലും കേരളത്തിൽനിന്നു വനിതാ ഒളിംപ്യൻമാർ ഉണ്ടാവുകയുള്ളൂ. 

കേരളത്തിലെ കായികപരിശീലകരുടെ അവസ്ഥയും ദയനീയമാണ്. പരിശീലകർക്കുള്ള സ്പോർട്സ് കിറ്റ് കിട്ടാതായിട്ടു നാലുവർഷമായി. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സിലക്‌ഷൻ ട്രയൽസിൽ വിധികർത്താക്കളായി പോകുന്ന പരിശീലകർക്കു യാത്രക്കൂലി നൽകുന്ന പതിവു നിലച്ചിട്ടു കാലങ്ങളായി.  

തെക്കൻ ജില്ലയി‍ൽ ജോലി ചെയ്യുന്ന ഒരു പരിശീലകൻ പറഞ്ഞത് – ‘ഇവിടെയുള്ള ഒരു പരിശീലനകേന്ദ്രത്തിനു സമീപം പുതിയ ഗ്രൗണ്ടും സിന്തറ്റിക് ട്രാക്കുമുണ്ട്. കഴിഞ്ഞ ദിവസം അവിടെ ഒരു സ്കൂളിന്റെ പരിപാടി നടന്നു. പന്തലിട്ടത് ലോങ്ജംപിന്റെ റൺവേയിൽ. കാഴ്ചക്കാരും അതിഥികളും കസേരയിട്ടിരുന്നതു സിന്തറ്റിക് ട്രാക്കിൽ. സ്റ്റേഡിയം അഡ്മിനിസ്ട്രേറ്ററുടെ മുന്നിൽ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ അതിനെന്താ കുഴപ്പം എന്നാണു ചോദിച്ചത്.’ കായികതാൽപര്യം തീരെയില്ലാത്തവരും സ്പോർട്സിനെപ്പറ്റി അറിവില്ലാത്തവരും ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ മനംമടുത്തു നിൽക്കുകയാണു പരിശീലകർ. 

പി.ടി.ഉഷ (ചിത്രം:facebook.com/PT.UshaOfficial/photos)
പി.ടി.ഉഷ (ചിത്രം:facebook.com/PT.UshaOfficial/photos)

കായികപരിശീലനത്തിന്റെ പ്രാഥമിക കളരി നമ്മുടെ സ്കൂളുകളാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. സ്കൂളിൽ പഠിക്കുമ്പോൾ എന്റെ കഴിവുകൾ ആദ്യം കണ്ടെത്തിയത് എന്റെ കായികാധ്യാപകരാണ്. എന്റെ അടുക്കലെത്തിയ ജിസ്ന മാത്യു ഉൾപ്പെടെയുള്ളവരെ കണ്ടെത്തിയതു സ്കൂളുകളിൽ നിന്നാണ്. ഇപ്പോൾ അക്കാലമൊക്കെ പോയി. കായികാധ്യാപകർ വിരമിച്ചാൽ പിന്നെ ആ തസ്തികളിലേക്കു പുതിയവരെ നിയമിക്കുന്നില്ല. കായികവിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കപ്പെടേണ്ട കാലത്ത് അതു ശരിയായ വിധത്തിൽ നടക്കുന്നില്ല. സർക്കാരിന്റെ കായികനയത്തിലും സ്പോർട്സ് കൗൺസിലിന്റെ ഇടപെടലുകളിലും മാറ്റം അത്യാവശ്യമാണ്.    

ഒളിംപ്യൻ പി.ടി.ഉഷ

English Summary:

Schools need more physical education teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com