ADVERTISEMENT

പാരിസ് ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് മെഡൽ മാത്രമാണ് സംഘാടകരിൽനിന്നു ലഭിക്കുന്ന പാരിതോഷികം. എന്നാൽ പശു മുതൽ കാർ വരെയുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയതോടെ പാരിസിലെ പാരിതോഷികങ്ങൾ ചർച്ചയാകുകയാണ്. സ്വർണം നേടിയാൽ വിദേശ നിർമിത കാറാണു മലേഷ്യയുടെ വാഗ്ദാനം. കസഖ്സ്ഥാനിൽ വാഗ്ദാനം ആഡംബര അപാർട്ട്മെന്റാണ്. ടോക്കിയോ ഒളിംപിക്സിൽ വനിതാ ഡബിൾസിൽ സ്വർണം നേടിയ ബാഡ്മിന്റൻ താരങ്ങൾക്ക് ഇന്തൊനീഷ്യ പണം മാത്രമല്ല സമ്മാനിച്ചത്. താരങ്ങളിലൊരാളായ അപ്രിയാനി രഹാനുവിനു സർക്കാർ വീടിനു പുറമേ 5 പശുക്കളെയും കൊടുത്തു. രഹാനുവിനും സഹതാരം ഗ്രെയ്ഷ്യയ്ക്കും ഇന്തൊനീഷ്യയിലെ ഒരു പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് സ്വന്തമായി ഭക്ഷണശാല തുടങ്ങാൻ സ്ഥലം വിട്ടുകൊടുക്കുകയും ചെയ്തു.

ഗോൾഡൻ ലോട്ടറി

ഹോങ്കോങ്ങിൽ നിന്നുള്ള ഒരു താരം പാരിസിൽ ഇത്തവണ സ്വർണം നേടിയാൽ 60 ലക്ഷം ഹോങ്കോങ് ഡോളർ (ഏകദേശം 6.42 കോടി രൂപ) കൊടുക്കുമെന്നാണു വാഗ്ദാനം. സിംഗപ്പൂരിലെ ദേശീയ ലോട്ടറി ബോർഡിന്റെ പ്രഖ്യാപനം ഇങ്ങനെ: വ്യക്തിഗത സ്വർണം നേടിയാൽ 10 ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 6.20 കോടി രൂപ) സമ്മാനം. വെള്ളി നേടിയാൽ 3.10 കോടി, വെങ്കലം നേടിയാൽ 1.5 കോടി. സ്വർണം നേടുന്നവർക്കു ചൈനീസ് തായ്പേയ് കൊടുക്കുന്നതു 2 കോടി തയ്‌വാൻ ഡോളർ (5.14 കോടി രൂപ) ആണ്. 

ഇതിനു പുറമേ ഓരോ മാസവും 3.21 ലക്ഷം രൂപ വീതം ആജീവനാന്തം ലഭിക്കും. യുഎസിൽ ഒളിംപിക് കമ്മിറ്റിക്കു പുറമേ അതതു കായികസംഘടനകളും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ ജേതാക്കൾക്ക് കമ്മിറ്റിയുടെ വക 37,500 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) ലഭിക്കും.

ഇടിക്കൂട്ടിൽ പണക്കിലുക്കം 

ഇത്തവണ പാരിസിൽ അത്‌ലറ്റിക്സിൽ മെഡൽ നേടുന്നവർക്കു ലോക അത്‌ലറ്റിക് സംഘടന കാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനക്കാർക്ക് 50,000 ഡോളർ (ഏകദേശം 41.50 ലക്ഷം രൂപ) ആണു സംഘടനയുടെ പാരിതോഷികം. ഇതിന്റെ ഇരട്ടിത്തുകയാണ് (ഏകദേശം 83 ലക്ഷം രൂപ) ബോക്സിങ്ങിലെ സ്വർണ വിജയികൾക്കു ലോക ബോക്സിങ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്ത്യ കൊടുത്തത്

ടോക്കിയോ ഒളിംപിക്സിലെ സ്വർണം, വെള്ളി, വെങ്കലം ജേതാക്കൾക്ക് യഥാക്രമം 75 ലക്ഷം, 40 ലക്ഷം, 25 ലക്ഷം രൂപ എന്ന ക്രമത്തിലാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നൽകിയത്. ഇതിനു പുറമേ സ്വർണ ജേതാവ് നീരജ് ചോപ്രയ്ക്കു ബിസിസിഐ ഒരു കോടി നൽകി. വെള്ളി, വെങ്കല ജേതാക്കൾക്ക് യഥാക്രമം 50 ലക്ഷവും 25 ലക്ഷവും കൊടുത്തു. ഹരിയാന സർക്കാർ നീരജിനു കൊടുത്തത് 6 കോടി രൂപയാണ്. ഹോക്കി വെങ്കലം നേടിയ പി.ആർ.ശ്രീജേഷിനു കേരള സർക്കാർ 2 കോടി രൂപ പാരിതോഷികം നൽകി.

ഗൾഫിൽ ചാകര

ടോക്കിയോ ഒളിംപിക്സിൽ കരാട്ടെയിൽ വെള്ളി നേടിയ താരെഗ് ഹമീദിക്കു സൗദി ഭരണകൂടം സമ്മാനിച്ചത് 50 ലക്ഷം റിയാൽ (ഏകദേശം 10 കോടി രൂപ) ആണ്. ഖത്തർ, ബഹ്റൈൻ രാജ്യങ്ങൾ വലിയ വാഗ്ദാനങ്ങൾ നൽകി വിദേശ അത്‌ലീറ്റുകളെ തങ്ങളുടെ രാജ്യത്തേക്കു ക്ഷണിക്കാറുണ്ട്. അവർക്കു പണവും മറ്റെല്ലാ സൗകര്യങ്ങളും നൽകും. 

English Summary:

Countries announced different awards for Olympic medal winners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com