ADVERTISEMENT

പ്രണയനഗരമായ പാരിസിൽ ഒളിംപിക്സിനു തിരശീല ഉയരുമ്പോൾ മത്സരക്കളവും പ്രണയഭരിതമാകും. മെഡൽപ്പോരിനിടയിലും പ്രണയത്തിന്റെ കുളിർതാഴ്‌വരകളിലൂടെ അത്‌ലീറ്റുകളിൽ ചിലർ പ്രയാണം നടത്തും. അങ്ങനെ തീർത്തുപറയാൻ കാരണമുണ്ട്. എത്രയെത്ര ദമ്പതികളും കമിതാക്കളുമാണെന്നോ ഇത്തവണ ഒളിംപിക്സിൽ മത്സരിക്കാനിറങ്ങുന്നത്. അവരിൽ പലർക്കും ഒളിംപിക്സ് അങ്ങനെ വീട്ടുകാര്യവുമാകും.

പ്രണയ‘വാൾ’

പാരിസിൽ ഫെൻസിങ്ങിൽ യുഎസ് ടീമിനായി മത്സരിക്കുന്ന ദമ്പതികളാണു ജെറിക് മെയ്ൻഹാർട്ടും (33) ലീ കീഫറും (30). ജെറിക്കിന് ഇത് 5–ാം ഒളിംപിക്സാണ്. 2 തവണ ടീമിനത്തിൽ വെങ്കലം നേടി. ലീ കഴിഞ്ഞ തവണ ടോക്കിയോയിൽ വ്യക്തിഗതയിനത്തിൽ സ്വർണം നേടി.

paris-olympics-2
ഗെയ്‌ൽ മോൺഫിൽസും എലീന സ്വിറ്റോലിനയും.

സ്നേഹമത്സരം

ഫ്രാൻസിന്റെ ഗെയ്‌ൽ മോൺഫിൽസും (37) ഭാര്യ യുക്രെയ്ന്റെ എലീന സ്വിറ്റോലിനയും (29) ടെന്നിസ് കോർട്ടിലിറങ്ങുമ്പോൾ പ്രണയം ഗാലറിയിലിരുന്നു കയ്യടിക്കും. ടോക്കിയോയിൽ സിംഗിൾസിൽ വെങ്കലം നേടിയ സ്വിറ്റോലിന പാരിസിൽ ഉയർന്ന നേട്ടമാണു ലക്ഷ്യം വയ്ക്കുന്നത്.

paris-olympics-3
അലക്സ് ഡിമിനോറും കെയ്റ്റി ബോൾട്ടറും.

ലവ് ഓൾ

ടെന്നിസിലെ ‘പവർ കപ്പിൾ’ എന്നറിയപ്പെടുന്ന ഓസ്ട്രേലിയയുടെ അലക്സ് ഡിമിനോറും ബ്രിട്ടന്റെ കെയ്റ്റി ബോൾട്ടറും പാരിസ് ഒളിംപിക്സിൽ ടെന്നിസ് കളത്തിൽ തീപടർത്തും. 2020 മുതൽ പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ ദിവസം പരുക്കുമൂലം വിമ്പിൾഡനിൽനിന്നു പിൻമാറിയെങ്കിലും ഒളിംപിക്സിൽ ഡിമിനോർ ഇറങ്ങുമെന്നാണു പ്രതീക്ഷ. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടിയെങ്കിലും മത്സരത്തിനു തൊട്ടുതലേന്ന് കോവിഡ് പോസിറ്റീവായതിനാൽ ഇറങ്ങാൻ കഴിഞ്ഞില്ല. നിലവിൽ ലോക 9–ാം നമ്പർ താരമാണ്.

paris-olympics-4
നോഹ ലൈൽസും ജുനെൽ ബ്രോംഫീൽഡും.

പ്രണയിച്ച് പ്രണയിച്ച്

യുഎസിന്റെ പറക്കും സ്പ്രിന്ററും ലോക ചാംപ്യനുമായ നോഹ ലൈൽസ് പാരിസിൽ 100, 200 മീറ്ററുകളിൽ മത്സരിക്കും. 200 മീറ്ററിൽ സീസണിലെ മികച്ച സമയങ്ങളിലൊന്നു ലൈൽസിന്റെ പേരിലാണ്. ടോക്കിയോയിൽ 200ൽ വെങ്കലം താരം നേടിയിരുന്നു. ഇത്തവണ ഇരട്ടി സന്തോഷത്തിലാണു യുഎസ് താരം (26) പാരിസിലേക്കു വരുന്നത്. കാരണം, കാമുകി ജുനെൽ ബ്രോംഫീൽഡും (26) ഒളിംപിക്സിനുണ്ട്. ജമൈക്കൻ അത്‌ലീറ്റായ ബ്രോംഫീൽഡ് പാരിസിൽ 400 മീറ്ററിൽ മത്സരിക്കും. ടോക്കിയോയിൽ 4x400 മീറ്റർ മിക്സ്ഡ് റിലേയിൽ വെങ്കലം നേടിയിരുന്നു. പ്രണയറീലുകളുമായി ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

paris-olympics-5
ക്രിസ്റ്റ്യൻ പാർലാട്ടിയും ഗബ്രിയേല വില്ലെംസും.

ജൂഡോയിലെ പ്രണയം

ബൽജിയത്തിന്റെ ഗബ്രിയേല വില്ലെംസും പങ്കാളി ഇറ്റലിയുടെ ക്രിസ്റ്റ്യൻ പാർലാട്ടിയും ജൂഡോയിൽ മെഡൽ തേടിയിറങ്ങും. ഏഴു വർഷമായി പ്രണയത്തിലാണ് ഇരുവരും. ക്രിസ്റ്റ്യൻ ടോക്കിയോയിലും മത്സരിച്ചിരുന്നു. ലോക ചാംപ്യൻഷിപ്പിൽ വെള്ളിയും യൂറോപ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്. യൂറോപ്യൻ ചാംപ്യൻഷിപ്പിനിടെയാണ് ഇരുവരും പരിചയപ്പെട്ടതും ഒന്നിക്കാൻ തീരുമാനിച്ചതും. 31ന് ഒരേസമയം ഇരുവരും മത്സരിക്കാനിറങ്ങും.

English Summary:

Partners to compete in Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com