‘അംബാനിക്കല്യാണ’ത്തിന് സകുടുംബം ധോണിയും; വൈറലായി ഹാർദിക്–അനന്യ, രൺവീർ–ഫിഫ പ്രസിഡന്റ് നൃത്തം– വിഡിയോ
Mail This Article
മുംബൈ∙ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങിൽ ശ്രദ്ധ കവർന്ന് ക്രിക്കറ്റ് താരങ്ങളും. മുംബൈ ബാന്ദ്ര–കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിൽ ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിങ് ധോണി എന്നിവർ മുതൽ ഇന്ത്യൻ ടീമിന്റെ നിയുക്ത പരിശീലകൻ ഗൗതം ഗംഭീർ വരെയുള്ളവർ കുടുംബസമേതമെത്തി. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ഫിഫ തലവൻ ജിയാനി ഇൻഫന്റിനോ തുടങ്ങിയവരും ചടങ്ങിനെത്തി.
പൊതുവേദികളിൽ പൊതുവെ പ്രത്യക്ഷപ്പെടാറില്ലാത്ത മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി, ഭാര്യ സാക്ഷിക്കും മകൾക്കുമൊപ്പമാണ് വിവാഹച്ചടങ്ങിന് എത്തിയത്. അംബാനി കുടുംബവുമായി അടുപ്പം സൂക്ഷിക്കുന്ന സച്ചിൻ തെൻഡുൽക്കറും കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. ഗംഭീർ, ക്രുനാൽ പാണ്ഡ്യ തുടങ്ങിയവരും കുടുംബ സമേതം ചടങ്ങിനെത്തി.
വിവാഹമോചന വാർത്തകൾക്ക് ആക്കം കൂട്ടി ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ ഭാര്യയെ കൂടാതെയാണ് ചടങ്ങിനെത്തിയത്. അതേസമയം, ബോളിവുഡ് താരം അനന്യ പാണ്ഡെയ്‌ക്കൊപ്പം വിവാഹവേദിയിൽ ഹാർദിക്കിന്റെ നൃത്തം ശ്രദ്ധ പിടിച്ചുപറ്റി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ പിന്നിൽനിന്ന് കോർത്തുപിടിച്ച് നടൻ രൺവീർ സിങ്ങിന്റെ നൃത്തവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.