‘പഠാൻ ബ്രദേഴ്സ്’ 34 പന്തിൽ 95 റൺസ്, യുവിക്കും ഉത്തപ്പയ്ക്കും ഫിഫ്റ്റി; ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ, പാക്കിസ്ഥാനെതിരെ
Mail This Article
നോർതാംപ്ടൻ∙ ലോക ക്രിക്കറ്റിൽ വീണ്ടും ആവേശം വിതച്ച് ഒരിക്കൽക്കൂടി ഇന്ത്യ – പാക്കിസ്ഥാൻ കലാശപ്പോരാട്ടം. പഴയകാല താരങ്ങളുടെ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിലാണ് വീണ്ടും ഇന്ത്യ – പാക്കിസ്ഥാൻ കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ഇന്നലെ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ചാംപ്യൻസ് ഓസ്ട്രേലിയ ചാംപ്യൻസിനെ തോൽപ്പിച്ചതോടെയാണിത്. ഇന്നു രാത്രി 9നാണ് ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ പോരാട്ടം.
ഓസീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ചാംപ്യൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 254 റൺസ്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കളത്തിലിറങ്ങിയ ഓസീസിന് നേടാനായത് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രം. ഇന്ത്യയുടെ വിജയം 86 റൺസിന്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പാക്കിസ്ഥാനോട് 68 റൺസിനു തോറ്റിരുന്നു. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ തോൽപ്പിച്ച ഓസീസിനെതിരെ സെമിയിൽ കൂറ്റൻ വിജയം നേടിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.
നാല് അർധസെഞ്ചറികൾ പിറന്ന ഇന്ത്യൻ ഇന്നിങ്സിൽ, മികച്ച തുടക്കം സമ്മാനിച്ച ഓപ്പണർ റോബിൻ ഉത്തപ്പയാണ് ടോപ് സ്കോറർ. 35 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം ഉത്തപ്പ നേടിയത് 65 റൺസ്. ഉത്തപ്പയ്ക്കു പുറമേ ക്യാപ്റ്റൻ യുവരാജ് സിങ് (28 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 59), യൂസഫ് പഠാൻ (23 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 51), സഹോദരൻ ഇർഫാൻ പഠാൻ (19 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 50) എന്നിവരാണ് അർധസെഞ്ചറി കുറിച്ചത്.
പഠാൻ സഹോദരൻമാർ അഞ്ചാം വിക്കറ്റിൽ അടിച്ചുകൂട്ടിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. വെറും 34 പന്തിൽനിന്ന് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 95 റൺസാണ്! യുവരാജ് – യൂസഫ് പഠാൻ സഖ്യവും അർധസെഞ്ചറി നേടി. ഇന്ത്യൻ നിരയിൽ നിരാശപ്പെടുത്തിയത് അമ്പാട്ടി റായുഡു (11 പന്തിൽ 15), സുരേഷ് റെയ്ന (മൂന്നു പന്തിൽ അഞ്ച്), ഗുർകീരത് സിങ് (0) എന്നിവർ മാത്രം.
ഓസ്ട്രേലിയയ്ക്കായി പീറ്റർ സിഡിൽ നാലു വിക്കറ്റ് വീല്ത്തിയെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 57 റൺസ്! ക്യാപ്റ്റൻ ബ്രെറ്റ് ലീഗ് നാല് ഓവറിൽ 60 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. നേഥൻ കൂൾട്ടർനീൽ നാല് ഓവറിൽ 56 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓസീസിനായി ടോപ് സ്കോററായത് 32 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ടിം പെയ്ൻ. കൂൾട്ടർനീൽ 13 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്ത് പുറത്തായി. ഷോൺ മാർഷ് (2), ആരോൺ ഫിഞ്ച് (17 പന്തിൽ 16), ബെൻ ഡങ്ക് (ഏഴു പന്തിൽ 10), കല്ലം ഫെർഗൂസൻ (19 പന്തിൽ 23), ഡാനിയേൽ ക്രിസ്റ്റ്യൻ (11 പന്തിൽ 18), ബെൻ കട്ടിങ് (ഒൻപതു പന്തിൽ 11) പീറ്റർ സിഡിൽ (എട്ടു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഇന്ത്യയ്ക്കായി പവൻ നേഗി നാല് ഓവറിൽ 35 റൺസ് വഴങ്ങിയും ധവൽ കുൽക്കർണി നാല് ഓവറിൽ 43 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രാഹുൽ ശുക്ല, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.