വയസ്സ് 105; വിവാഹം കഴിച്ചില്ല, ബിയര്‍ കുടിച്ച് ആയുസ്സു വർധിച്ചു: രഹസ്യം വെളിപ്പെടുത്തി മുത്തശ്ശി

Mail This Article
ആയുസ്സിന്റെ കണക്ക് നമുക്ക് പ്രവചനാതീതമാണ്. എന്നാൽ ജീവിതരീതിയിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പലരുടെയും ആയുർദൈർഘ്യം കുറയ്ക്കും. 105 വയസ്സിലൂം തന്റെ പ്രസരിപ്പിന്റെ രഹസ്യം വെളിപ്പെടുത്തി ലോകത്തെ അമ്പരപ്പിക്കുകയാണ് ഒരു മുത്തശ്ശി. ഒറ്റയ്ക്കുള്ള ജീവിതവും ബിയറുമാണ് ആയുസ്സിന്റെ രഹസ്യമെന്ന് പറയുകയാണ് 105കാരിയായ കാത്‌ലിൻ ഹെന്നിങ്സ്. തന്റെ 105–ാം ജൻമദിനാഘോഷത്തിലാണ് കാതലിൻ മുത്തശ്ശി ആയുസ്സിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
ഇംഗ്ലണ്ടിലെ ചെൽറ്റനമിലുള്ള കെയർഹോമിലായിരുന്നു കാതലിൻ മുത്തശ്ശിയുടെ ജൻമദിനാഘോഷം. ഒരു ബിയർ ഗ്ലാസും കയ്യിൽ പിടിച്ച് ചിരിച്ചിരിക്കുന്ന മുത്തശ്ശിയുടെ ചിത്രവും വ്യാപകമായി പ്രചരിച്ചു. പതിനെട്ടാം വയസ്സു മുതൽ ഗിന്നസ് ഐറിഷ് സ്റ്റൗട്ട് ബിയറിന്റെ ആരാധികയാണ് കാതലിൻ. മാതാപിതാക്കളാണ് ഇത് കാതലിനെ പരിചയപ്പെടുത്തിയത്. ജ്യൂസും സപ്ലിമെന്റ്സുമൊന്നുമല്ല, ഈ ബിയറാണ് ഒരുനൂറ്റാണ്ടു പിന്നിട്ട തന്റെ ആയുസ്സിന്റെ രഹസ്യമെന്ന് കാതലിൻ വിശ്വസിക്കുന്നു. ‘നമ്മളെല്ലാവരും വീട്ടിൽ ഗിന്നസ് കുടിക്കാറുണ്ട്. എല്ലാവർക്കും അതിഷ്ടമാണ്. ഞാനിപ്പോഴും അത് കഴിക്കുന്നുണ്ട്.’– കാത്‌ലിൻ പറയുന്നു. ഈ പാനീയത്തിൽ അടങ്ങിയിരിക്കുന്ന അയേൺ ആണ് തന്റെ ഊർജസ്വലതയ്ക്കു കാരണമെന്ന് കാതലിൻ വിശ്വസിക്കുന്നു.
സിംഗിളായിരിക്കുന്നതും മാനസിക സമ്മർദമില്ലാതിരിക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രധാനകാരണമായി അവർ പറയുന്നത്. ഒരിക്കലും വിവാഹം കഴിക്കരുതെന്നാണ് കാത്‌ലിന്റെ ഉപദേശം. സ്വതന്ത്രമായ ജീവിതമാണ് കാത്‌ലിൻ ആഗ്രഹിച്ചത്. അക്കൗണ്ടന്റായാണ് കാത്‌ലിൻ ജോലി ചെയ്തിരുന്നത്. വൈകുന്നേരങ്ങളിൽ നൃത്തം ചെയ്ത് സന്തോഷം കണ്ടെത്തി. സമയം കിട്ടുമ്പോഴെല്ലാം യാത്രകൾ ചെയ്തിരുന്ന കാത്‌ലിന് നിരവധി സുഹൃത്തുക്കളും ഉണ്ട്.