തിരിച്ചടിക്കാൻ ട്രംപ്; തിരിച്ചുകയറി സ്വർണം, കേരളത്തിൽ വാങ്ങൽവില വീണ്ടും 69,000ന് മുകളിൽ

Mail This Article
സർവകാല റെക്കോർഡിൽ നിന്ന് കഴിഞ്ഞ രണ്ടുദിവസം കൊണ്ട് 960 രൂപ കുറഞ്ഞ സ്വർണവിലയിൽ ഇന്നു കയറ്റം. സംസ്ഥാനത്ത് പവന് 320 രൂപ വർധിച്ച് വില 63,840 രൂപയായി, ഗ്രാമിന് 40 രൂപ ഉയർന്ന് 7,980 രൂപയും. ഈമാസം 11ന് കുറിച്ച ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമാണ് കേരളത്തിലെ സർവകാല റെക്കോർഡ്.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്നു 30 രൂപ ഉയർന്ന് 6,580 രൂപയായി. വെള്ളിവില മാറ്റമില്ലാതെ തന്നെ തുടരുന്നു; ഗ്രാമിന് 106 രൂപ. ആഗോള വ്യാപാരയുദ്ധം കലുഷിതമാക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘താരിഫ് നിലപാടു’കളാണ് സ്വർണവിലയുടെ മുന്നേറ്റത്തിന് വളമാകുന്നത്. രണ്ടുദിവസം മുമ്പ് ഔൺസിന് 2,942 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ട രാജ്യാന്തര സ്വർണവില, ഇന്നലെ 2,887 ഡോളറിലേക്ക് വീണിരുന്നു. ഇന്നു വില 2,917 ഡോളറിലേക്ക് തിരിച്ചുകയറി. ഇതു കേരളത്തിലും വില കൂടാനിടവരുത്തുകയായിരുന്നു.

യുഎസ് ഉൽപന്നങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലെ ഉൽപന്നങ്ങൾക്കു യുഎസിലും കനത്ത തീരുവ ഏർപ്പെടുത്തുമെന്ന (reciprocal tariffs) ട്രംപിന്റെ മുന്നറിയിപ്പ് സ്വർണവില കൂടാൻ അവസരം സൃഷ്ടിക്കുന്നു. കാരണം, തീരുവ വർധിക്കുന്നത് രാജ്യാന്തര വാണിജ്യ, വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണ്. ഇതു ഓഹരിവിപണികളിലും ആശങ്ക വിതയ്ക്കും.

ഫലത്തിൽ, നിക്ഷേപകർ ഓഹരികളിൽ നിന്ന് പണം പിൻവലിച്ച് സുരക്ഷിത നിക്ഷേപമെന്നോണം ‘ഗോൾഡ് ഇടിഎഫ്’ പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് താൽകാലികമായി മാറ്റും. ആ അവസരത്തിലാണ് വില കൂടുന്നത്. ഇതാണ് നിലവിൽ സംഭവിക്കുന്നതും. ആശങ്കകൾ അകന്നാൽ, സ്വർണനിക്ഷേപങ്ങളിൽ നിന്നവർ പിൻവലിയുകയും വില താഴുകയും ചെയ്യാം. പക്ഷേ, നിലവിൽ സാഹചര്യം സ്വർണത്തിനാണ് അനുകൂലം.
അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നത് ആഭ്യന്തര സ്വർണവിലയുടെ കയറ്റത്തിന്റെ ആക്കംകുറയ്ക്കുന്നത് ആശ്വാസമാണ്. ഇന്നും ഡോളറിനെതിരെ 10 പൈസ ഉയർന്നാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇല്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കൂടുതൽ ഉയർന്നേനെ. കാരണം, ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിക്കുകയും ആ അധികഭാരം ആഭ്യന്തരവിലയിൽ പ്രതിഫലിക്കുകയും ചെയ്യുമായിരുന്നു.
പണിക്കൂലി ഉൾപ്പെടെ വില
ജിഎസ്ടിയും (3%), ഹോൾമാർക്ക് ചാർജും (45 രൂപ+18% ജിഎസ്ടി), പണിക്കൂലിയും (മിനിമം 5% പ്രകാരം) ചേരുമ്പോൾ കേരളത്തിൽ ഒരു പവൻ ആഭരണത്തിന്റെ വാങ്ങൽവില വീണ്ടും 69,000 രൂപ കടന്നു. ഇന്നു മിനിമം വാങ്ങൽവില ഇതുപ്രകാരം 69,030 രൂപ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,635 രൂപയും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business