ADVERTISEMENT

നികുതിദായകർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പെടെയുള്ള നികുതി വിദഗ്ധർക്കും മനസ്സിലാക്കാൻ ‘കഠിനകഠോരമായ’, 60 വർഷം പഴക്കമുള്ള നിലവിലെ ആദായനികുതി നിയമത്തിനു (Income-Tax Act, 1961) പകരം പുത്തൻ നിയമം (Income-Tax Act, 2025) വ്യാഴാഴ്ച (February 13) പാർലമെന്റിൽ അവതരിപ്പിച്ചേക്കും. തുടർന്ന് പരിശോധനകൾക്കായി പാർലമെന്ററി സമിതിക്കു വിടും. ഇക്കഴിഞ്ഞ ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) ബിൽ ഉടൻ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.


നിർമല സീതാരാമൻ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
നിർമല സീതാരാമൻ (ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

സാധാരണക്കാർക്കുപോലും മനസ്സിലാക്കാവുന്ന വിധം ലളിതമായ നിയമമാണ് അവതരിപ്പിക്കുക. നിയമങ്ങളിലും ചട്ടങ്ങളിലും മാത്രമല്ല, ആദായനികുതി റിട്ടേൺ സമർപ്പണത്തിലും നികുതിദായകരുടെ സൗകര്യാർഥം മാറ്റങ്ങൾ പുതിയ ഇൻകം ടാക്സ് ബിൽ-2025ൽ ഉണ്ടാകും. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവുക, നൂലാമാലകൾ ഒഴിവാക്കി നികുതി റിട്ടേൺ സമർപ്പണം സുഗമമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

അസസ്മെന്റ് ഇയർ ഒഴിവാക്കിയേക്കും

നിലവിലെ ആദായനികുതി നിയമം-1961 പ്രകാരം റിട്ടേൺ സമർപ്പിക്കാനും നികുതിയടവുകൾക്കും ‘അസസ്മെന്റ് ഇയർ’, (റിട്ടേൺ/നികുതി സമർപ്പിക്കുന്ന വർഷം) ‘പ്രീവിയസ് ഇയർ’ (നികുതിബാധകമായ വരുമാനം ലഭിച്ച വർഷം) എന്നീ പദങ്ങൾ ഉപയോഗിക്കാറുണ്ട്. പുതിയ നിയമത്തിൽ അസസ്മെന്റ് ഇയർ ഉണ്ടാകില്ലെന്നും പകരം ‘നികുതിവർഷം’ (ടാക്സ് ഇയർ) എന്ന പദം വരുമെന്നുമാണ് അറിയുന്നത്. ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് സമാപിക്കുന്ന സാമ്പത്തികവർഷത്തിന് അനുസൃതമായാകും ടാക്സ് ഇയറും. മുൻവർഷത്തിന് പകരം ‘സാമ്പത്തിക വർഷം’ (ഫിനാൻഷ്യൽ ഇയർ) എന്ന പദവും ഉപയോഗിക്കും. നികുതിവ്യവസ്ഥകളും റിട്ടേൺ ഫയലിങ്ങും എളുപ്പമാക്കാനാണിത്.

Image : Shutterstock/ANDREI ASKIRKA
Image : Shutterstock/ANDREI ASKIRKA

ഉദാഹരണത്തിന്, നടപ്പുവർഷത്തെ (2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള) വരുമാനത്തിന് അടുത്ത സാമ്പത്തിക വർഷമാണ് (2025-26) കണക്കുകൾ വിലയിരുത്തി നിങ്ങൾ നികുതിയും റിട്ടേണും സമർപ്പിക്കുക. ഇവിടെ 2024-25 മുൻവർഷവും 2025-26 അസസ്മെന്റ് വർഷവുമാണ്. എന്നാൽ, പുതിയ നിയമത്തിൽ അസസ്മെന്റ് എന്നതിനുപകരം ടാക്സ് ഇയർ എന്ന് ലളിതമായി തന്നെ പറയുമെന്നത്, നികുതിദായകർക്ക് നടപടിക്രമങ്ങൾ മനസ്സിലാകാൻ എളുപ്പമാകും. 2026 ഏപ്രിൽ ഒന്നിനായിരിക്കും ടാക്സ് ഇയർ പ്രാബല്യത്തിൽ വരിക.

23 അധ്യായങ്ങൾ, 622 പേജുകൾ

പുതിയ ആദായനികുതി ബില്ലിൽ 23 അധ്യായങ്ങളും 16 ഷെഡ്യൂളുകളുമുണ്ടാകും. ആകെ 622 പേജുകൾ. 1961ൽ നടപ്പിൽവന്ന നിലവിലെ ആദായനികുതി നിയമത്തിന് പകരമാണ് പുതിയ ബിൽ. നേരത്തേ ഇന്ത്യൻ പീനൽ കോഡിനു പകരം ‘ഭാരതീയ ന്യായ സംഹിത’ എന്ന നിയമം കേന്ദ്രം കൊണ്ടുവന്നതിനു സമാനമായ മാറ്റമാണ് വരുന്നത്.

income-tax-return - 1

നിലവിലെ ആദായനികുതി നിയമത്തിലും 23 അധ്യായങ്ങളാണുള്ളത്. എന്നാൽ, ഷെഡ്യൂളുകൾ 14 എണ്ണമേയുള്ളൂ. നിലവിലെ നിയമത്തിൽ 880 പേജുകളുണ്ട്. പുതിയ നിയമത്തിൽ സെക്‍ഷനുകൾ 298ൽ നിന്ന് 536 ആയും ഉയർത്തിയിട്ടുണ്ട്. ഏകദേശം 7,000 നിർദേശങ്ങൾ ലഭിച്ചതു കൂടി വിലയിരുത്തിയാണ് പുതിയ നിയമത്തിന് കേന്ദ്രം രൂപംനൽകിയത്. 100ലേറെ ഉദ്യോഗസ്ഥരും ഈ നടപടിക്രമങ്ങളുടെ ഭാഗമായി.

നികുതിനിരക്കുകൾ മാറില്ല

പുതിയ നിയമം വരുമെങ്കിലും നിലവിലെ ആദായനികുതി നിരക്കുകളിലോ വ്യവസ്ഥകളിലോ മാറ്റത്തിന് സാധ്യതയില്ല. റിട്ടേൺ സമർപ്പിക്കേണ്ട തീയതി, സമയപരിധി എന്നിവയും മാറില്ല.   മൂലധന നേട്ടം കണക്കാക്കുന്ന ഹ്രസ്വകാല മൂലധന നേട്ട (എസ്ടിസിജി) നികുതി, ദീർഘകാല മൂലധന നേട്ട (എൽടിസിജി) നികുതി എന്നിവയിൽ മാറ്റമുണ്ടാകില്ല. എസ്ടിസിജി കണക്കാക്കുന്ന കാലയളവ് 12 മാസമായും നികുതിനിരക്ക് 20 ശതമാനമായും തന്നെ തുടരും. 

Image Credit: NanoStockk/istockphoto.com
Image Credit: NanoStockk/istockphoto.com

ക്രിപ്റ്റോകറൻസി ഉൾപ്പെടെ ഡിജിറ്റൽ ആസ്തിവിഭാഗങ്ങൾ സംബന്ധിച്ച് പുതിയ അഖ്യാനങ്ങളും നിർദിഷ്ട നിയമത്തിലുണ്ടാകും. റെയ്ഡിലും മറ്റും പിടിച്ചെടുക്കുന്ന ക്രിപ്റ്റോകറൻസികൾ (വെർച്വൽ ഡിജിറ്റൽ അസറ്റ്സ്) പുതിയ നിയമപ്രകാരം ‘വെളിപ്പെടുത്താത്ത സ്വത്തിന്റെ’ ഗണത്തിൽപ്പെടും.

സ്വർണം, പണം എന്നിവയ്ക്കു സമാനമായാണ് ക്രിപ്റ്റോയെയും ഉൾപ്പെടുത്തുന്നത്. വെർച്വൽ കറൻസിയുടെ വിഭാഗത്തിൽ ക്രിപ്റ്റോയ്ക്ക് പുറമേ നോൺ-ഫൻജിബിൾ ടോക്കൺ (എൻഎഫ്ടി), മറ്റ് രേഖകൾ തുടങ്ങിയവയും ഉൾപ്പെടും. കർക്കശ വ്യവസ്ഥകളും ക്രിപ്റ്റോ സംബന്ധിച്ച് ബില്ലിലുണ്ടാകും. സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാർക്കുമേലും ചട്ടം മുറുകും. ഇവർ ഉയർന്ന വരുമാനം സ്വന്തമാക്കുന്ന പശ്ചാത്തലത്തിലാണിത്.

സിബിഡിടിക്ക് കൂടുതൽ അധികാരം

നിലവിൽ ആദായനികുതി സംബന്ധിച്ച മാറ്റങ്ങൾക്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിന് (സിബിഡിടി) പാർലമെന്റിന്റെ അനുവാദം ആവശ്യമാണ്. പുതിയ നിയമം വരുന്നതോടെ സിബിഡിടിക്കും കരുത്തേറും. ആദായനികുതി സ്കീമുകൾ, വ്യവസ്ഥങ്ങൾ തുടങ്ങിയവ സംബന്ധിച്ച് സിബിഡിടിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. ഉദ്യോഗസ്ഥൃതല കാലതാമസവും മറ്റും ഒഴിവാക്കാനാണിത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

New Income Tax Bill 2025 To Be Tabled in Parliament Tomorrow (Feb 13): What are expected changes and how will they affect you?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com