കാര്യമായ നിക്ഷേപമില്ലെങ്കിലെന്താ, കടൽകടന്നും ട്രെയിനിലേറിയും അലിയുടെ അച്ചാറുകൾ!

Mail This Article
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ കൂടെക്കൊണ്ടുപോകുന്നു. കുടുംബ ബിസിനസ് എന്നനിലയിൽ ഇരുപതിൽപരം വെറൈറ്റി അച്ചാറുകളാണ് അലി പടിഞ്ഞാറേതിൽ ഉണ്ടാക്കി വിൽക്കുന്നത്. കാര്യമായ നിക്ഷേപമൊന്നും ഇല്ലാതെ തുടങ്ങിയ സംരംഭം പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് എഴുവന്തല(നെല്ലായി)യിലാണ് പ്രവർത്തിക്കുന്നത്.
മത്സ്യമാണ് താരം
അലിയുടെ ഉൽപന്നങ്ങളിലെ താരങ്ങൾ മീൻ അച്ചാറുകളാണ്. ശീലാവ്, െചമ്പല്ലി, നെത്തോലി, വറ്റ, തിരണ്ടി, കണവ, ചൂര, നങ്ക്, ചെമ്മീൻ, മത്തി, അയല, അയക്കൂറ, ആവോലി അങ്ങനെ നീളുന്നു മീൻ അച്ചാറുകളുടെ നിര. ബീഫ് അച്ചാറുകൾക്കും നല്ല ഡിമാൻഡുണ്ട്. അതുപോലെ അമ്പഴങ്ങ, നെല്ലിക്ക, മാങ്ങ, കാന്താരി എന്നിവയുടെ ഉപ്പിലിട്ടതും വിൽപനയ്ക്കുണ്ട്. ഉണക്കിയ മാങ്ങ, നാരങ്ങ, നെല്ലിക്ക എന്നിവയ്ക്കു പുറമെ കടുമാങ്ങ, അമ്പഴങ്ങ എന്നിവകൊണ്ടും അച്ചാറുകളുണ്ടാക്കുന്നു. എങ്കിലും അലിയുടെ നോൺ–വെജിറ്റേറിയൻ അച്ചാറുകളാണ് പേരുകേട്ടത്. അധികം വിറ്റുപോവുന്നതും ഈ അച്ചാറുകൾതന്നെ.

നിക്ഷേപം ആവശ്യമില്ല
സ്ഥിരനിക്ഷേപം ആവശ്യമില്ലാത്ത സംരംഭമാണ് അച്ചാർ കച്ചവടം എന്നാണ് അലി പറയുന്നത്. ഉൽപാദനം വീട്ടിൽതന്നെ, മെഷീനറികൾ ഉപയോഗിക്കാതെ എല്ലാം കൈകൊണ്ടാണ് ചെയ്യുന്നത്. രണ്ടു സ്ഥിരം തൊഴിലാളികളും അലിക്കൊപ്പമുണ്ട്. അസംസ്കൃതവസ്തുക്കൾ ശേഖരിച്ച് സ്റ്റോക് ചെയ്യുന്നതിന് ഒരു ലക്ഷം രൂപയോളം വേണ്ടിവരും. അതിനപ്പുറം കാര്യമായ നിക്ഷേപം ഒന്നും ഇല്ലാതെതന്നെ നോൺ–വെജിറ്റേറിയൻ അച്ചാറുകൾ വളരെ നല്ല രീതിയിൽ തയാറാക്കാനാകുമെന്ന് അലി പറയുന്നു.
മത്സ്യം എത്തിക്കാൻ സ്ഥിരം ആളുകൾ
പാലക്കാടുനിന്നാണ് ഫ്രഷ് മത്സ്യം ലഭിക്കുന്നത്. സ്ഥിരമായി, ആവശ്യാനുസരണം മത്സ്യം എത്തിച്ചുതരുന്നവരുണ്ട്. അതും മൊത്ത വിൽപനവിലയിൽ ലഭിക്കും. ചൂര, വറ്റ, ചെമ്മീൻ അച്ചാറുകളാണ് പ്രവാസികൾ കൂടുതലായും കൊണ്ടുപോകുന്നത്. അതിനാൽ അവ കൂടുതലായി വാങ്ങും. നത്തോലി, മത്തി അച്ചാറുകൾക്കും നാട്ടിൽ ആവശ്യക്കാർ ഏറെയാണ്.
പച്ചക്കറികളും എണ്ണയും അനുസാരികളും പൊതുവിപണിയിൽനിന്നു വാങ്ങും. സ്വന്തം ഫോർമുല അനുസരിച്ചുണ്ടാക്കുന്നതാണ് അച്ചാറിന്റെ കൂട്ടുകൾ. ഈ അച്ചാർപ്പൊടിക്കൂട്ടാണ് അലിയുടെ അച്ചാറുകളെ പ്രശസ്തമാക്കുന്നതും. ഇറച്ചിക്കും മത്സ്യത്തിനും എല്ലാം പ്രത്യേകം അച്ചാർപ്പൊടികളാണ് ഉപയോഗിക്കുന്നത്.

സ്വന്തം ഷോപ്പുകൾ 4
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാർ ഉണ്ടാക്കി ബന്ധുക്കൾക്കും അയൽക്കാർക്കും വിറ്റുകൊണ്ടായിരുന്നു തുടക്കം. തുടക്കത്തിലെ 2 കിലോ എന്നതിൽ നിന്ന് ഇപ്പോൾ പ്രതിദിനം 2,000 കിലോഗ്രാം എന്ന നിലയിലേക്കു കച്ചവടം വളർന്നു. ഇപ്പോൾ ഒറ്റപ്പാലം കേന്ദ്രീകരിച്ച് നാലു ഷോപ്പുകൾ സ്വന്തമായുണ്ട്. വിതരണക്കാർ പലരും സമീപിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ല. പണം പിരിഞ്ഞുകിട്ടാൻ പ്രയാസം േനരിടും എന്നതാണു കാരണം.
വിപുലമാകുന്ന വിൽപന
ഇന്ത്യൻ റെയിൽവേയുടെ വൺസ്റ്റേഷൻ വൺ പ്രോഡക്ട്സ് എന്ന പ്രോജക്ടിലേക്ക് അലിയുടെ പിഎം ബ്രാൻഡ് അച്ചാറുകൾ തിരഞ്ഞെടുത്തിരുന്നു. അതോടെ അങ്ങാടിപ്പുറം റെയിൽവേസ്റ്റേഷനിൽ സ്ഥിരമായി ഒരു വിൽപനകേന്ദ്രവും ലഭിച്ചു. വാങ്ങിയവർതന്നെ വീണ്ടും വാങ്ങുന്നതിനാൽ നല്ല രീതിയിലുള്ള വിൽപന നടക്കുന്നുണ്ട്.
ജാർഖണ്ഡ്, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മിലിറ്ററി ക്യാംപുകളിലേക്ക് നോൺ വെജ് അച്ചാറുകളുടെ സ്ഥിരം ഓർഡറുകളും നേടാനായി. വിദേശത്തേക്കു പോകുന്ന മലയാളികൾ ധാരാളമായി വാങ്ങിക്കൊണ്ടുപോകുന്നതിനാൽ ലഗേജ് ബാഗിൽ കൊണ്ടുപോകാവുന്ന രീതിയിൽ മികച്ച പാക്കിങ്ങിലാണ് അച്ചാറുകളുടെ വിൽപന. ഉപഭോക്താക്കളിൽ സിംഹഭാഗവും പ്രവാസികളാണ്. വിൽപന രംഗത്ത് മത്സരമുണ്ടെങ്കിലും ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾക്ക് എപ്പോഴും സാധ്യതയുണ്ടെന്ന് അലി ചൂണ്ടിക്കാട്ടുന്നു.
അച്ചാർ നിർമാണത്തിൽ പരിശീലനം
കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, ഖാദിബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നും വിദഗ്ധ പരിശീലനവും ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കിയ അലി ഭക്ഷ്യസംസ്കരണം, പ്രിസർവേഷൻ, ക്യാനിങ് എന്നിവയിൽ സാങ്കേതിക പരിശീലനവും നൽകുന്നുണ്ട്.
ഭാവി പദ്ധതികൾ
പിഎം അച്ചാർ എന്ന പേരിലാണ് വിൽപന. കുറച്ചുകൂടി പരിഷ്കരിച്ച് ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്യാനും ഒരു അച്ചാർ പ്ലാന്റ് തുടങ്ങാനുമുള്ള ഒരുക്കത്തിലാണ് അലി. നേരിട്ടുള്ള കയറ്റുമതിയിലേക്കു കടക്കാനും പദ്ധതിയുണ്ട്. ഭാര്യയുടെ മേൽനോട്ടത്തിലാണ് വീട്ടിൽ ഉൽപാദനം നടക്കുന്നത്. മക്കളടക്കം കുടുംബം മുഴുവൻ അലിക്കു സഹായമായി ഒപ്പമുണ്ട്.
പുതുസംരംഭകരോടു പറയാൻ
ഭക്ഷ്യവിഭവങ്ങളുടെ നിർമാണവും വിൽപനയും ഏറ്റവും ലാഭകരമായി ചെയ്യാവുന്ന ബിസിനസുകളിൽ ഒന്നാണ്. ഇത്തരം ഒട്ടേറെ ഉൽപന്നങ്ങൾ വീട്ടിൽ നിർമിച്ചു വിൽക്കാം. അച്ചാറുകൾപോലുള്ളവയ്ക്കും ധാരാളം ആവശ്യക്കാരുണ്ട്. ആരോഗ്യകരമായി വ്യത്യസ്ത രുചിഭേദങ്ങളിൽ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കിയാൽ നല്ല വിജയം നേടാം. കുടുംബാംഗങ്ങളുടെ സഹകരണംകൂടി ഉറപ്പാക്കണം. 2 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടാനായാൽപോലും 60,000 രൂപയോളം സമ്പാദിക്കാം.
ലേഖകൻ സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്
ഫെബ്രുവരി ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്