ഓഹരിയിൽ നിക്ഷേപിച്ചാൽ പോരെ, എന്തിനാണീ മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നത്?

Mail This Article
ഓഹരി വിപണിയിൽ നിന്ന് പണമുണ്ടാക്കാൻ ഏറ്റവും അനായാസ മാർഗം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ്. ഇതിനു രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും
1. വൈവിധ്യവൽക്കരിച്ച് നിക്ഷേപിക്കാം
2. മോശം ഓഹരികളെ പുറത്താക്കാം
ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ കൈയ്യിലെ പണം പരിമിതമായതുകൊണ്ടു ഒന്നോ രണ്ടോ സ്റ്റോക്ക് ഒക്കെയാണ് നമുക്ക് വാങ്ങാൻ പറ്റുക. പിന്നീട് ആ ഓഹരിയുടെ മൂല്യം കുറഞ്ഞാലും അത് വിറ്റു ഒഴിവാക്കാൻ പല കാരണങ്ങൾ കൊണ്ടും കഴിഞ്ഞെന്നുവരില്ല. നഷ്ടമാണെങ്കിലും സ്റ്റോക്കിന്റെ മൂല്യം കുറഞ്ഞാലും വില കൂടുന്നതുവരെ കാത്തിരിക്കും.

അതേസമയം മ്യൂച്വൽ ഫണ്ട് കമ്പനികള്‍ ഇതിന്റെ നേരെ വിപരീതമാണ് ചെയ്യുന്നത്. അവർ ഓഹരികൾ വാങ്ങിക്കുമ്പോൾ കൊട്ടക്കണക്കിന് വാങ്ങുന്നു. അതിൽ ഏതെങ്കിലും ഓഹരി തുടർച്ചയായി മോശം പെർഫോമൻസ് കാഴ്ചവച്ചാൽ അത് വിറ്റൊഴിവാക്കുകയും ചെയ്യുന്നു, അതിനു പകരമായി വേറൊരെണ്ണം ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കുന്നു. ഇതാണ് രീതി.
∙ഇവിടെ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വാങ്ങുന്നതിനും വിൽക്കുന്നതിനും നികുതി അടയ്ക്കേണ്ട കാര്യമില്ല.
∙അവർക്ക് ബ്രോക്കറേജ് ചാർജുകളും കുറവാണ്. ഒരു സാധാരണക്കാരന് ഇക്കാര്യങ്ങളൊക്കെ ബുദ്ധിമുട്ടുമാണ്.
നമുക്ക് ഓഹരി വിപണിയുമായി കാര്യമായി ബന്ധമില്ലെങ്കിൽ, അതൊക്കെ പഠിക്കാനും നോക്കാനും സമയമില്ലെങ്കിൽ മ്യൂച്ച്വൽ ഫണ്ട് തന്നെയാണ് ശരിയായ നിക്ഷേപ രീതി.
ലേഖകൻ ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് അഡ്വൈസറാണ്.
അഭിപ്രായങ്ങൾ വ്യക്തിപരം