ഓഹരി വിപണി ഇടിയുന്നതിൽ പേടിയുണ്ടോ? കണക്കുകൾ മനസിലാക്കിയാൽ പേടി മാറും

Mail This Article
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി കുത്തനെ താഴുകയാണ്. വിദേശ ഫണ്ടുകളുടെ വില്പനയ്ക്ക് ഒരു ശമനം ഇല്ലാത്തതിനാൽ ഈ വർഷം മുഴുവൻ ഇനിയും താഴ്ച മാത്രമായിരിക്കുമോ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടാകുക എന്ന് പേടിക്കുന്നവരും ഉണ്ട്. അടുത്തകാലത്തെ ഉയർച്ചയിൽ നിന്നും ഇന്ത്യൻ ഓഹരി വിപണി പെട്ടെന്ന് ഇടിഞ്ഞതിനാൽ സ്‌മോൾ ക്യാപുകളിലും, മിഡ് ക്യാപുകളിലും നിക്ഷേപിച്ചവരുടെ പേടി കൂടുതലാണ്.
നഷ്ടമാണെങ്കിലും വിറ്റൊഴിഞ്ഞു പുതിയ ഓഹരികൾ അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ടുകൾ വാങ്ങാൻ അനേകരാണ് ഒരുങ്ങുന്നത്. ഓഹരി വിപണി നഷ്ടം മാത്രമേ തരൂ എന്ന ചിന്തയിൽ ഓഹരി വിപണിയോട് 'ടാറ്റാ' പറയാൻ ഒരുങ്ങുന്ന അനേകം ചെറുകിട നിക്ഷേപകരും ഉണ്ട്.

എന്നാൽ ഓഹരി വിപണിക്ക് എന്നും ഉയർന്നു മാത്രം ഒരേ ദിശയിൽ സഞ്ചരിക്കാൻ ആകുമോ? ഓഹരി വിപണിയിൽ ഉണ്ടാകുന്ന ഈ ഇടിവ് എല്ലാ വർഷവും ഉണ്ടാകുന്നതല്ലേ ? അതല്ലേ വിപണിയെ ശക്തിപ്പെടുത്തുന്നത്?
1980 മുതൽ 2024 വരെയുള്ള സെൻസെക്സ് കണക്കുകൾ നോക്കിയാൽ എല്ലാ വർഷവും 10 മുതൽ 20 ശതമാനം വരെ ഇടിഞ്ഞതായി കാണാം. 40 വർഷത്തിനുള്ളിൽ വെറും 4 പ്രാവശ്യം മാത്രമേ 10 ശതമാനത്തിൽ താഴെ ഇടിവ് ഉണ്ടായിട്ടുള്ളു. 1992 ൽ 47 ശതമാനമാണ് സെൻസെക്സ് ഇടിഞ്ഞത്. 2001 ൽ 41 ശതമാനം ഇടിഞ്ഞിരുന്നൂ. 2008 ൽ 60 ശതമായിരുന്നു സെൻസെക്സ് കൂപ്പ് കുത്തിയത്. 2011 ൽ 26 ശതമാനവും, 2020 ൽ 38 ശതമാനവുമാണ് ഇടിഞ്ഞിട്ടുള്ളത്. ഈ വർഷം ഇതുവരെ 10 ശതമാനം ആണ് ഇടിഞ്ഞിരിക്കുന്നത്. ഓരോ വർഷവും എത്ര ശതമാനം ഇടിഞ്ഞെന്നു താഴെയുള്ള ചാർട്ടിൽ നിന്നും മനസിലാക്കാം.
ഇപ്പോൾ വിൽക്കണോ അതോ വാങ്ങണോ ?

നിലവിൽ ഓഹരികൾ നഷ്ടത്തിൽ ഉള്ളവരോട് 'കൊടുങ്കാറ്റിന്റെ നടുവിൽ തീരുമാനമെടുക്കേണ്ട' എന്ന ഉപദേശമാണ് വിദഗ്ധർ നൽകുന്നത്. എന്നാൽ പുതിയ നിക്ഷേപകരോട് ധൈര്യമായി നിക്ഷേപിക്കാനും വിദഗ്ധർ പറയുന്നു. കാരണം കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഓഹരി വിപണി പത്തു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട് എന്നുള്ള കാര്യം മുതലെടുക്കാം എന്നാണ് വിദഗ്ധോപദേശം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ തുടരാനും വിദഗ്ധർ ഉപദേശിക്കുന്നു. സ്‌മോൾ ക്യാപ് ഓഹരികൾ പലരുടെ പോർട്ടഫോളിയോയിലും 30 മുതൽ 40 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ ഓഹരി വിപണി തിരിച്ചു കയറ്റം തുടങ്ങുമ്പോൾ ഏറ്റവും കൂടുതൽ വേഗത്തിൽ കരകയറുന്നതും മിഡ് ക്യാപ് , സ്‌മോൾ ക്യാപ് ഓഹരികൾ തന്നെയാണ് എന്നു ഓഹരി രംഗത്തെ വിദഗ്ധർ ആണയിടുന്നു.
ഓരോ വർഷത്തിലും ഓഹരി വിപണിയുടെ ഇടിവിനു ശേഷം പ്രത്യേകിച്ച് 10 ശതമാനത്തിനു മുകളിൽ ഇടിഞ്ഞ ശേഷം പിന്നീടുള്ള 12 മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഓഹരി വിപണി 15 ശതമാനം മുതൽ 127 ശതമാനം വരെ ഉയർന്നതായും കാണാം. ഒരു ബുൾ റണ്ണിന് മുന്നോടിയായി ഇത്തരം ഇടിവുകൾ സാധാരണമാണ് എന്ന് അഭിപ്രായപ്പെടുന്ന ഓഹരി വിശകലന വിദഗ്ധരും ഉണ്ട്.