വിറ്റ സാധനങ്ങൾ കടകളിൽ തിരിച്ചെടുക്കില്ലേ? കേടായ ഉൽപന്നം മാറ്റി വാങ്ങാൻ സാധിക്കില്ലേ? ആ ബോർഡുകൾ വെറുതെ, പരിഹാരമുണ്ട്

Mail This Article
കോളജിലെ ഒരു പരിപാടിക്കു വേണ്ടി ഏറെ അന്വേഷിച്ച് ഒടുവിൽ ടിയയ്ക്കു കിട്ടിയതായിരുന്നു ആ ഒരു ജോഡി ഷൂസ്. വാങ്ങി വീട്ടിലെത്തി പായ്ക്കറ്റ് തുറന്നപ്പോഴാണ് ഒരു പന്തികേട്. ഷൂസിന്റെ ഒരു വശത്ത് ചെറിയൊരു കീറൽ പോലെ. വാങ്ങുമ്പോള്‍ ഇതു കണ്ടില്ലല്ലോ! പായ്ക്കു ചെയ്തപ്പോൾ വേറെ ജോഡി ഷൂസാണോ അവർ തന്നത്? ടിയയുടെ തല നിറയെ സംശയങ്ങളായി. പെട്ടെന്നുതന്നെ വണ്ടി പിടിച്ച് കടയിലെത്തി. ഷൂസ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ കടയുടമ ഒരു വല്ലാത്ത ചിരിയോടെ ചുമരിലെ ഒരു ബോർഡിലേക്ക് കൈചൂണ്ടി. അതിൽ എഴുതിയിരിക്കുന്നു– ‘ഒരിക്കൽ വിറ്റ സാധനങ്ങൾ തിരികെ എടുക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കില്ല’. ‘അതെന്തൊരു ഏർപ്പാടാ!’ ടിയയ്ക്കു ദേഷ്യം വന്നു. ഇങ്ങനെ എത്രയോ പേർ കേടായ ഷൂസും വാങ്ങി ഒന്നും തിരിച്ചു പറയാനാകാതെ പോയിട്ടുണ്ടാകും. ടിയ പക്ഷേ ഒരു കാര്യം ഉറപ്പിച്ചു. ഷൂസ് മാറ്റിക്കിട്ടാതെ തിരികെ പോകുന്ന പ്രശ്നമില്ല. ടിയയ്ക്ക് അങ്ങനെ എത്ര നേരം കടക്കാരനോട് വഴക്കുണ്ടാക്കിയും തർക്കിച്ചും നിൽക്കാനാകും? നിയമം മൂലം ഇതിനെ നേരിടാനാകില്ലേ?