നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്; മുന്നൂറ് മുട്ടക്കോഴി തരും മുടങ്ങാതെ വരുമാനം

Mail This Article
വാണിജ്യാടിസ്ഥാനത്തിലുള്ള ഇറച്ചിക്കോഴിവളർത്തലിനു വലിയ സ്വീകാര്യത ലഭിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വലിയ മുട്ടക്കോഴിവളർത്തല്‍ സംരംഭങ്ങള്‍ തീരെക്കുറവാണ്. ഉയർന്ന ഉൽപാദനച്ചെലവുതന്നെ പ്രശ്നം (ഇറച്ചിക്കോഴിയുടെ കാര്യത്തിൽ, കൂലി വാങ്ങി വളർത്തിക്കൈമാറുന്ന ഇന്റഗ്രേഷൻ രീതിയായതു കൊണ്ട് ഉൽപാദനച്ചെലവ് ബാധകമല്ല). എന്നാല്‍, അടുക്കളമുറ്റത്തെ മുട്ടക്കോഴിവളർത്തൽ കാലങ്ങളായുണ്ട്. കോഴികളെ അഴിച്ചുവിട്ടു വളർത്തുന്ന ഈ പരമ്പരാഗതരീതിയെ ലഘുസംരംഭമായി ഉയർത്താനായാൽ കൂടുതൽ വരുമാനം സ്ഥിരമായി നേടാമെന്ന് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്ത് ആയവനയിലെ സമ്മിശ്രക്കർഷകനായ പറയിടത്തിൽ ഇമ്മാനുവേൽ ജോസഫ് (തങ്കച്ചൻ) പറയുന്നു.
നേട്ടം ബിവി 380
മുട്ടക്കോഴിവളർത്തലിനെ സ്ഥിരവരുമാനത്തിലെത്തിച്ചത് ബിവി 380 ഇനമെന്നു തങ്കച്ചൻ. നമ്മുടെ നാട്ടിൽ കാലങ്ങളായി പ്രചാരത്തിലുള്ള നാടൻകോഴികൾ വർഷം നൂറോ നൂറ്റിപ്പത്തോ മുട്ടയിടുമ്പോൾ മുന്നൂറിനു മുകളിലെത്തും ബിവി 380 ഇനത്തിന്റെ ഉൽപാദനം. അഞ്ചര മാസം കൊണ്ടുതന്നെ മുട്ടയിട്ടു തുടങ്ങും. കേജ് സംവിധാനത്തിലാണ് പരിപാലിക്കുന്നതെങ്കിൽ ഒരു വർഷത്തിലേറെ തുടർച്ചയായി മുട്ടയിടും. ആഴ്ചയിൽ 5 മുട്ട ഉറപ്പ്. മുട്ടയ്ക്ക് നാടൻമുട്ടയുടെ നിറമാണെന്നത് വിപണനം എളുപ്പമാക്കുന്നു. മുട്ടയിടീൽ തീരുന്നതോടെ ഇറച്ചിക്കായി വിൽക്കാം. ഇറച്ചിക്കോഴിവിലയേക്കാൾ കിലോയ്ക്ക് 20 രൂപ കൂടുതൽ നൽകി കോഴിക്കടക്കാർതന്നെ വാങ്ങിക്കൊള്ളും. വിൽക്കുന്ന സമയത്തു കോഴിയൊന്നിന് ശരാശരി ഒന്നേമുക്കാൽ കിലോ തൂക്കമുണ്ടാകും. കോഴിക്കുഞ്ഞിനെ വാങ്ങിയ തുക അതിലൂടെ മുതലാകും.

വളർത്താൻ വലക്കൂട്
ഒരു ബാച്ചിൽ 300 മുട്ടക്കോഴികളെയാണു തങ്കച്ചൻ പരിപാലിക്കുന്നത്. 70 ദിവസം പ്രായമെത്തിയ കോഴിക്കുഞ്ഞുങ്ങളെയാണു വാങ്ങുക. ഒന്നിന് 220 രൂപ വിലയാകും. 150–170 ദിവസംകൊണ്ട് മുട്ടയിട്ടു തുടങ്ങും. ദിവസവും നിശ്ചിത അളവ് കൃത്രിമത്തീറ്റ മുടങ്ങാതെ നൽകി വളർത്തിയാൽ മുട്ടയും മുടങ്ങാതെ കിട്ടുമെന്നു തങ്കച്ചൻ. രണ്ടു രീതിയിലാണ് തങ്കച്ചന്റെ വളർത്തൽ. ആദ്യത്തേത് കേജ് സംവിധാനം. രണ്ടാമത്തേത് ഷെഡിൽ തുറന്നുവിട്ടു വളർത്തൽ. 50 കോഴികളെ വീതം ഇടാവുന്ന മൂന്ന് കേജുകളാണ് തങ്കച്ചൻ ക്രമീകരിച്ചിരിക്കുന്നത്. തീറ്റപ്പാത്രങ്ങൾ, കുടിവെള്ള സംവിധാനം എന്നിവയെല്ലാം ചേരുന്ന, തുരുമ്പെടുക്കാത്ത ഇത്തരം ഹൈടെക് ഇരുമ്പുവലക്കൂടുകൾ ഇന്നു മിക്കവർക്കും സുപരിചിതമാണ്. മുട്ട ഉരുണ്ടുപോയി ഒരു വശത്ത് സുരക്ഷിതമായി ശേഖരിക്കപ്പെടുന്നവിധമാണ് കൂടുനിർമാണം.
മുട്ടയിടുന്ന ഒരു കോഴിക്ക് ദിവസം 110 ഗ്രാം തീറ്റ വേണ്ടിവരും. മുട്ടക്കോഴിവളർത്തലിൽനിന്നു പലരെയും പിന്തിരിപ്പിക്കുന്നത് ഈ കൃത്രിമത്തീറ്റയുടെ ഉയര്‍ന്ന വിലയാണെന്നു തങ്കച്ചൻ. നിലവിൽ കിലോയ്ക്ക് 35 രൂപ വരും വില. തീറ്റയ്ക്കും അനുബന്ധകാര്യങ്ങള്‍ക്കും കൂടി ഒരു കോഴിക്ക് ദിവസം 5 രൂപ അടുത്തു ചെലവു വരും. കോഴിക്കുഞ്ഞിനെ വാങ്ങിയശേഷം മുട്ടയിടുന്ന കാലം വരെ ഏതാണ്ട് 3 മാസത്തെ തീറ്റ കൂടി കണക്കാക്കിയാൽ ചെലവു പിന്നെയും ഉയരും. അപ്പോൾ മുട്ടയൊന്നിനു കുറഞ്ഞത് 9 രൂപ ലഭിച്ചെങ്കിലേ സംരംഭം ലാഭകരമാവുകയുള്ളൂ. നാട്ടിൻപുറങ്ങളിൽ ഇത്രയും വില ലഭിക്കാറില്ല. അതേസമയം, നഗരങ്ങളിൽ വിപണി ലഭിച്ചാൽ മികച്ച വിലയ്ക്കു മുട്ട വിൽക്കാം. നാടൻമുട്ട എന്ന നിലയ്ക്ക് അതു വാങ്ങാൻ നഗരങ്ങളിൽ ഉപഭോക്താക്കള്‍ കൂടും. മൂവാറ്റുപുഴയിലെ സൂപ്പർ മാർക്കറ്റുകളിൽ മുട്ടയ്ക്ക് നല്ല ഡിമാന്‍ഡ് ഉള്ളതുകൊണ്ടാണ് തന്റെ സംരംഭം നന്നായി പോകുന്നതെന്നു തങ്കച്ചൻ.
ഇറച്ചിക്കോഴികളെപ്പോലെ, ഷെഡിൽ തുറന്നുവിട്ടും തങ്കച്ചൻ മുട്ടക്കോഴികളെ പരിപാലിക്കുന്നുണ്ട്. എന്നാൽ ഈ രീതി അത്ര വിജയമല്ലെന്നാണ് അനുഭവം. വിശാലമായ സ്ഥലം ലഭിക്കുന്നതോടെ കോഴികൾ കൂടുതൽ ഓടുകയും പറക്കുകയുമൊക്കെ ചെയ്യും. അതുണ്ടാക്കുന്ന ഊർജനഷ്ടം മുട്ടയിടീലിനെ ബാധിക്കും. അതു പരിഹരിക്കാനായി അധിക തീറ്റയായി പുല്ല് നൽകും. ഷെഡിൽ പലയിടങ്ങളിലായി മുട്ടയിടുന്നതും കോഴികൾതന്നെ അവ ചവിട്ടിപ്പൊട്ടിക്കുന്നതുമാണ് ഈ രീതിയുടെ മറ്റൊരു കുഴപ്പം. അതുകൊണ്ടുതന്നെ കൂടുതൽ കമ്പിവലക്കൂടുകൾ ഒരുക്കി പൂർണമായും കേജ് രീതിയിലാക്കുകയാണ് ഇപ്പോൾ.
ബിരുദപഠന ശേഷം കൃഷിയിലിറങ്ങിയ തങ്കച്ചന്റെ അതേ വഴിയിൽത്തന്നെയുണ്ട് മകൻ ജോസ്മോനും. ബിരുദപഠന ശേഷം ഡെയറി ഫാം സംരംഭത്തിലേക്കു തിരിഞ്ഞ ജോസ്മോൻ ഇന്ന് മുപ്പതിലേറെ പശുക്കളും, ചാണകം ഉണക്കി വിൽക്കാനുള്ള യന്ത്രസൗകര്യങ്ങളുമെല്ലാമുള്ള ഹൈടെക് ഡെയറിഫാമിന് ഉടമയാണ്. കൃത്യമായ ആസൂത്രണത്തോടെ സമീപിച്ചാൽ കൃഷി ലാഭകരമാക്കാമെന്ന് ഇരുവരും പറയുന്നു.
ഫോൺ: 9446951134