പഠിക്കാൻ പറയുന്നതല്ല ജീവിതം, കുട്ടികളിലെ ധാർമ്മിക മൂല്യം വളർത്തേണ്ടത് മാതാപിതാക്കൾ: സുധാ മൂർത്തി

Mail This Article
പ്രായം 18 കഴിഞ്ഞു, ഇപ്പോഴും നെഞ്ചിലൊരു ആധിയാ.. എങ്ങനെ വളർത്തിയെടുക്കുമെന്ന് ഓർത്ത്. മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ ആധിയാണ് പലപ്പോഴും ഇത്തരത്തിലുള്ള പറച്ചിലുകളിലൂടെ പുറത്തുവരുന്നത്. ലളിതമായ ജീവിതശൈലി കൊണ്ട് എല്ലാവരുടെയും മനസിൽ ഇടംപിടിച്ച വ്യക്തിയാണ് ഇൻഫോസിസിന്റെ ചെയർപേഴ്സണും എംപിയും എഴുത്തുകാരിയുമെല്ലാമായ സുധാ മൂർത്തി. പേരന്റിങ് ബാലികേറാ മലയെന്ന് വിചാരിക്കുന്ന ലോകത്ത്, അത് എത്ര ലളിതവും സുന്ദരവുമാണെന്ന് പറയുകയാണ് അവർ.
കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുതെന്നും, പുസ്തകങ്ങൾ മാത്രമല്ല ജീവിതമെന്ന അറിവ് അവർക്ക് പകർന്നു നൽകണമെന്നുമാണ് ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സുധാമൂർത്തി പറഞ്ഞത്. "മാതാപിതാക്കളും മുതിർന്നവരും എപ്പോഴും കുട്ടികളോട് പഠിക്കാനും മാർക്ക് വാങ്ങാനുമാണ് പറയുന്നത്. അയൽപക്കത്തെ കുട്ടി മികച്ച മാർക്ക് വാങ്ങിയാൽ മാതാപിതാക്കൾക്ക് പിന്നെ ആധിയും തലവേദനയുമാണ്. എന്നാൽ പഠിക്കാനിരിക്കുന്ന വെറും മൂന്ന് മണിക്കൂറല്ല, ജീവിതമെന്ന് കുട്ടികളെ മനസിലാക്കേണ്ടതുണ്ട്. അമിത ഫോൺ ഉപയോഗം പ്രായഭേദമന്യേ എല്ലാവർക്കുമുണ്ട്. പലപ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കാറുണ്ട്. പക്ഷേ ഫോൺ ഉപയോഗം കുറച്ച് കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് മാതാപിതാക്കൾ".– സുധാ മൂർത്തി പറഞ്ഞു.
നല്ല മനുഷ്യരാകാനാണ് ഞാൻ മക്കളോട് പറഞ്ഞിട്ടുള്ളത്. അവരുടെ വിശ്വാസത്തിന് അനുസരിച്ച് മുന്നോട്ട് പോകാനുള്ള പിന്തുണ നാം അവർക്ക് നൽകണം. കാരണം നാളെ ഒരു കാലത്ത് നമുക്ക് അവരെ ഓർത്ത് അഭിമാനിക്കാം. കുട്ടികളിലെ ധാർമ്മിക മൂല്യം വളർത്തേണ്ടതിനെ കുറിച്ചും സുധാ മൂർത്തി പറഞ്ഞു. ജോലി കഴിഞ്ഞ് വന്നതിനു ശേഷമുള്ള സമയം ഞാൻ മക്കൾക്കൊപ്പമാണ് ചെലവഴിച്ചിരുന്നത്. കുട്ടികളിൽ ധാർമ്മിക മൂല്യം വളർത്തേണ്ടത് മാതാപിതാക്കളാണ്. ഓരേ സമയം രണ്ട് കാര്യങ്ങൾ ചെയ്ത് പൂർത്തിയാക്കാൻ സാധിക്കില്ല. അതിനാൽ മാതാപിതാക്കൾ മുൻഗണന നൽകേണ്ടത് മക്കൾക്കാണ്. അമ്മയുടെ പ്രതികരണം മകൾ അക്ഷത മൂർത്തിയും ശരിവച്ചു.
എന്റെ അച്ഛൻ ഡോക്ടറായിരുന്നു. ആശുപത്രി അച്ഛന് ക്ഷേത്രം പോലെയും. അത്രത്തോളം ആത്മാർഥമായാണ് അദ്ദേഹം ജോലിയെ സമീപിച്ചത്. ഇത് കണ്ടാണ് വളർന്നതെന്നും ജീവിതത്തിലുടനീളം പങ്കാളി നാരായണമൂർത്തിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.