കരളിന്റെ ആരോഗ്യം അപകടത്തിലോ? ശരീരം നൽകുന്ന ഈ സൂചനകൾ തിരിച്ചറിയാം

Mail This Article
ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). അവസാനഘട്ടം വരെയും ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ രോഗം, തെറ്റായ ഭക്ഷണശീലം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, പൊണ്ണത്തടി തുടങ്ങിയവ മൂലം ഉണ്ടാകാം. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ ഇതിനെ ഒരു നിശ്ശബ്ദരോഗം എന്നാണ് വിളിക്കാറ്. എന്നാൽ ശരീരം നൽകുന്ന ചില സൂചനകളെ അവഗണിക്കാതിരിക്കാം.
തുടർച്ചയായുള്ള ക്ഷീണവും തളർച്ചയും അകാരണമായി ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വയറിൽ അസ്വസ്ഥത, വയറിന്റെ വലതു മുകൾ ഭാഗത്തായി വയർ നിറഞ്ഞപോലെ തോന്നുക, മലത്തിന് നിറവ്യത്യാസം, ഇരുണ്ടനിറത്തിൽ മൂത്രം പോവുക തുടങ്ങിയ ലക്ഷണങ്ങളെ ശ്രദ്ധിക്കാം. രോഗം അധികരിക്കുന്ന ഘട്ടത്തിൽ മഞ്ഞപ്പിത്തവും വരാം. ഈ ലക്ഷണങ്ങളെ അവഗണിച്ചാൽ എൻ എ എഫ് എൽ ഡി ഗുരുതരമാകും. ഫൈബ്രോസിസ്, സിറോസിസ് ഉൾപ്പെടെ ഗുരുതരമായ കരൾനാശത്തിനും ഇത് കാരണമാകും.
പ്രതിരോധവും ചികിത്സയും
നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിന് അംഗീകരിക്കപ്പെട്ട മരുന്നുകൾ ഒന്നുമില്ല. രോഗം വരാതെ തടയാനും രോഗം നിയന്ത്രിക്കാനും ഏറ്റവും ഫലപ്രദമായ മാർഗം ജീവിതശൈലിയിൽ വ്യത്യാസം വരുത്തുക എന്നതാണ്.

ഭക്ഷണം
സംസ്കരിച്ച ഭക്ഷണങ്ങൾ (processed foods) റിഫൈൻഡ് ഷുഗർ, അനാരോഗ്യകരമായ കൊഴുപ്പുകൾ ഇവ ഒഴിവാക്കാം. മുഴുധാന്യങ്ങൾ പ്രോട്ടീൻ പച്ചക്കറികൾ, നട്സ്, ഒലിവ് ഓയിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വ്യായാമം
വ്യായാമം ശീലമാക്കാം. കുറഞ്ഞത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും അരമണിക്കൂർ ബ്രിസ്ക് വോക്കിങ്ങ് ചെയ്യാം.
നിയന്ത്രിക്കാം ശരീരഭാരം
ശരീരഭാരത്തിന്റെ 5 മുതൽ 10 ശതമാനം കുറയ്ക്കുന്നതു പോലും കരളിലെ കൊഴുപ്പ് കുറയ്ക്കും. ബോഡിമാസ് ഇൻഡക്സ് 30 ൽ കുറയുക എന്നത് പ്രധാനമാണ്.

കൊളസ്ട്രോൾ
നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് പ്രമേഹവും ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യപരിശോധനകൾ പതിവായി ചെയ്യേണ്ടതാണ്. ഒപ്പം പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിച്ചു നിർത്തുകയും വേണം.
വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിക്കാം. അനാവശ്യമായി മരുന്നുകളും സപ്ലിമെന്റുകളും കഴിക്കുന്നത് കരളിനെ സമ്മർദത്തിലാക്കും എന്നതിനാൽ ഇത് പരിമിതപ്പെടുത്താം. നിശ്ശബ്ദമെങ്കിലും എൻഎഎഫ്എൽഡി ചില ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ട്. ദിനചര്യയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും കരളിനെ ഗുരുതരമായ സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കും. എന്തെങ്കിലും മാറ്റങ്ങൾ പ്രകടമാകുകയാണെങ്കിൽ വിദഗ്ധചികിത്സ തേടാം. കരൾരോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാനാകും.