ട്രംപ് താരിഫ്, മോദിയുടെ അമേരിക്കൻ സന്ദർശനം, ഫെഡ് ചെയർമാന്റെ ടെസ്റ്റിമണി, അമേരിക്കൻ സിപിഐ; ഇന്ന് വിപണി സംഭവ ബഹുലം

Mail This Article
താരിഫ് ഭയത്തിൽ തകർന്നു നിന്ന ഇന്ത്യൻ വിപണിക്ക് എംഎസ് സി ഐ ഫെബ്രുവരി റീജിഗിൽ ഇന്ത്യയുടെ മുൻനിര കമ്പനികളുടെ വെയിറ്റേജ് കുറച്ചത് വീണ്ടും തിരിച്ചടിയായി. ആദ്യ മണിക്കൂറിലെ അതിവില്പന സമ്മർദ്ദത്തിൽ വീണ്ടും ഒരു ശതമാനത്തിൽ കൂടുതൽ തകർന്ന ഇന്ത്യൻ വിപണിക്ക് ആർബിഐ ബാങ്കിങ് സിസ്റ്റത്തിലേക്ക് പണമൊഴുക്കുന്ന വാർത്തയാണ് തിരിച്ചു വരവ് നൽകിയത്.
ആദ്യമണിക്കൂറിൽ തന്നെ 22800 പോയിന്റും ഭേദിച്ച് താഴെ പോയ നിഫ്റ്റി പിന്നീട് തിരിച്ചു വരവ് നടത്തി 23144 പോയിന്റ് വരെ മുന്നേറിയ ശേഷം 23045 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ആയിരം പോയിന്റിലേറെ റിക്കവറി നടത്തിയ സെൻസെക്സ് 122 പോയിന്റ് നഷ്ടത്തിൽ 76171 പോയിന്റിലും ക്ളോസ് ചെയ്തു.

പണപ്പെരുപ്പം കുറയുന്നു
ഇന്ത്യയുടെ ജനുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണി അനുമാനത്തിലും കുറഞ്ഞത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ജനുവരിയിൽ ഇന്ത്യൻ സിപിഐ 4.31% മാത്രമാണ് വളർച്ച കുറിച്ചത്. ഡിസംബറിൽ 5.22% വളർച്ച കുറിച്ച സിപിഐ ഡേറ്റ ജനുവരിയിൽ 4.60% മുന്നേറിയിട്ടുണ്ടാകുമെന്നായിരുന്നു അനുമാനം.
ഇന്ത്യയുടെ ഡിസംബറിലെ വ്യാവസായിക വളർച്ച സൂചികയായ ഐഐപി ഡേറ്റ 3.2% മാത്രമാണ് വളർച്ച കുറിച്ചത്. നവംബറിൽ 5.2% വളർച്ച കുറിച്ച ഐഐപി സൂചിക 3.9% വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നായിരുന്നു അനുമാനം. മാനുഫാക്ച്ചറിങ് മേഖലയുടെ വളർച്ച 5.8%ൽ നിന്നും 3%ലേക്കും കുറഞ്ഞു.
ആർബിഐ ഇടപെടുന്നു
ആർബിഐ ഗവർണർ കഴിഞ്ഞ ആഴ്ചയിൽ നയപ്രഖ്യാപനത്തിൽ സൂചിപ്പിച്ചത് പോലെ പണവിപണിയിൽ ശക്തമായ ഇടപെടൽ നടത്തിയത് രൂപയ്ക്കും, ഇന്ത്യൻ വിപണിക്കും പിന്തുണ നൽകി. ഡോളറിനെതിരെ രൂപ 86.86/- നിരക്കിലാണ് തുടരുന്നത്.
കഴിഞ്ഞ രണ്ട് സെഷനുകളിലും അമേരിക്കൻ ഡോളർ വിറ്റഴിച്ചു കൊണ്ട് രൂപയുടെ വീഴ്ച തടഞ്ഞ ഭാരതീയ റിസർവ് ബാങ്ക് ഇന്ന് വേരിയബിൾ റേറ്റ് റീപോ (വിആർആർ) ഓക്ഷനിലൂടെ ഇന്ത്യൻ ബാങ്കിങ് സിസ്റ്റത്തിലേക്ക് രണ്ടര ലക്ഷം കോടി രൂപ കൂടി ഒഴുക്കുന്ന വാർത്ത വിപണിക്കും തിരിച്ചു വരവ് നൽകി. വീഴ്ചക്ക് ശേഷം ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ തിരിച്ചു വരവ് നടത്തി നേട്ടത്തിലാണ് ക്ളോസ് ചെയ്തത്.
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ്
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിന്റെ (എംഎസ്സിഐ) ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിൽ ഇന്ത്യൻ ഹെവി വെയ്റ്റ് കമ്പനികളുടെ വെയിറ്റേജ് കുറയുന്നത് ഇന്ത്യൻ വിപണിക്കു ക്ഷീണമാണ്. അദാനി ഗ്രീൻ എനർജിക്ക് പകരമായി ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലേക്ക് ഹ്യുണ്ടായി മോട്ടോഴ്‌സ് പുതുതായി ഇടം പിടിക്കുകയും ചെയ്തു.
എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ടിസിഎസ്, ഇൻഫി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയർടെൽ, മഹിന്ദ്ര മുതലായ കമ്പനികളുടെ എംഎസ്സിഐയിലെ വെയിറ്റേജ് കുറയുമ്പോൾ അദാനി എന്റെർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, വോൾട്ടാസ്, മാൻകൈൻഡ്, ഡിക്സൺ, സൊമാറ്റോ, ടോറന്റ് ഫറ മുതലായ കമ്പനികളുടെ വെയിറ്റേജ് വർദ്ധിക്കുകയും ചെയ്യും. ഫെബ്രുവരി 28ന് വിപണി അവസാനിച്ചതിന് ശേഷമാണ് എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിലെ മാറ്റങ്ങൾ നിലവിൽ വരിക.

മോഡി-ട്രംപ് കൂടിക്കാഴ്ച
മോഡി ട്രംപ് കൂടിക്കാഴ്ചയുടെ ഫലങ്ങൾ താരിഫ് ഭീഷണിക്ക് കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. വിഖ്യാതമായ ബ്ലെയർ ഹൗസിൽ ആതിഥ്യം ലഭിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റുമായുള്ള സന്ദര്‍ശനത്തിനൊടുവിൽ നാളെ സംയുക്ത വാർത്താസമ്മേളനം നടത്തുന്നത് വരെ വിപണിയിൽ ‘ഊഹ’ങ്ങൾ തുടരും.
ക്വാഡ് അംഗങ്ങളായ ജപ്പാനും, ഇന്ത്യക്കും താരിഫ് ആഘാതം താരതമ്യേന കുറവായേക്കാമെന്ന വാദം ശക്തമാണെങ്കിലും ‘കരടിപ്പിടുത്ത’ത്തിൽ അകപ്പെട്ടുകഴിഞ്ഞ ഇന്ത്യൻ വിപണി പരിഭ്രാന്തമാണ്.
ഫെഡ് നിരക്ക് കുറക്കുന്നത് സൂക്ഷിച്ച്
പുതിയ അമേരിക്കൻ താരിഫുകൾ പണപ്പെരുപ്പം വർദ്ധിപ്പിച്ചേക്കാമെന്നതിനാൽ ഫെഡ് റിസർവ് നിരക്ക് തുടർന്നും കുറക്കുന്നത് വളരെ സൂക്ഷിച്ച് മാത്രമേ ഉണ്ടാകൂ എന്ന് ഇന്നലെ അമേരിക്കൻ ഫെഡ് ചെയർമാൻ പ്രസ്താവന നടത്തിയത് ഡോളറിനും, ബോണ്ട് യീൽഡിനും മുന്നേറ്റം നൽകിയപ്പോൾ നാസ്ഡാകിന് തിരുത്തൽ നൽകി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നേരിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാസ്ഡാക് ഇന്നലെ നഷ്ടം കുറച്ചപ്പോൾ എസ്&പി നഷ്ടമൊഴിവാക്കുകയും ഡൗ ജോൺസ് നേട്ടം കുറിക്കുകയും ചെയ്തു. ഇന്നും ഫെഡ് ചെയർമാന്റെ ടെസ്റ്റിമണി തുടരുന്നതും അമേരിക്കൻ സിപിഐ ഡേറ്റ വരുന്നതും ലോക വിപണിക്കു പ്രധാനമാണ്.
നാളത്തെ റിസൾട്ടുകൾ
ഹിൻഡാൽകോ, ഐടിഐ, എസ്ജെവിഎൻ, യുണൈറ്റഡ് ബ്രൂവറീസ്, ഐപിസിഎ ലാബ്സ്, ദീപക് നൈട്രേറ്റ്, ഇൻട്രാ സോഫ്റ്റ്, കെഎൻആർ കൺസ്ട്രക്ഷൻസ്, കപ്പാസിറ്റെ ഇൻഫ്രാ, വീറ്റോ, മണപ്പുറം, ടിവിഎസ് ഇലക്ട്രോണിക്സ് മുതലായ കമ്പനികളും നാളെ റിസൾട്ട് പ്രഖ്യാപിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക