കളിക്കിടെ മസാജിങ്ങിനു പോയി; ശ്രീശാന്തിനെ തിരിച്ചയയ്ക്കാൻ ധോണി നിർദ്ദേശിച്ചു: വെളിപ്പെടുത്തി അശ്വിൻ
Mail This Article
ന്യൂഡൽഹി ∙ 2010ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഇന്ത്യൻ താരം എസ്.ശ്രീശാന്തിനെ നാട്ടിലേക്കു തിരിച്ചയയ്ക്കാൻ ക്യാപ്റ്റൻ എം.എസ്.ധോണി ഒരുങ്ങിയതായി സ്പിന്നർ ആർ.അശ്വിന്റെ വെളിപ്പെടുത്തൽ. പോർട്ട് എലിസബത്തിൽ നടന്ന ഏകദിന മത്സരത്തിനിടെ ടീമിലെ റിസർവ് താരമായ ശ്രീശാന്ത് ഡഗൗട്ടിൽ ഇരിക്കാതെ ഡ്രസിങ് റൂമിൽ മസാജിങ്ങിനു പോയെന്നും ഇക്കാര്യമറിഞ്ഞ ധോണി രോഷാകുലനായെന്നുമാണ് അശ്വിൻ തന്റെ ആത്മകഥയായ ‘ഐ ഹാവ് ദ് സ്ട്രീറ്റ്സ്– എ കുട്ടി ക്രിക്കറ്റ് സ്റ്റോറി’യിലൂടെ വെളിപ്പെടുത്തിയത്.
കാര്യങ്ങൾ വഷളായെന്നറിഞ്ഞ ശ്രീശാന്ത് പിന്നീട് ഡഗൗട്ടിലേക്കു തിരിച്ചെത്തിയെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും ആത്മകഥയിൽ പറയുന്നു. ആത്മകഥയിൽ നിന്ന്:
ടീമിലെ റിസർവ് താരങ്ങളെല്ലാം ഡഗൗട്ടിൽ ഉണ്ടാകണമെന്നായിരുന്നു ക്യാപ്റ്റൻ ധോണിയുടെ നിർദേശം. 2010ൽ പോർട്ട് എലിസബത്തിലെ ഏകദിന മത്സരത്തിൽ ഞാനുൾപ്പെടെയുള്ള റിസർവ് താരങ്ങൾ ഡഗൗട്ടിൽ ഇരിക്കുമ്പോൾ ശ്രീശാന്ത് മാത്രം ഡ്രസിങ് റൂമിലേക്കു പോയി. മത്സരത്തിനിടെ വെള്ളം കൊടുക്കാൻ ഞാൻ മൈതാനത്ത് എത്തിയപ്പോൾ ശ്രീശാന്ത് എവിടെയെന്നായിരുന്നു ധോണിയുടെ ചോദ്യം.
ഡഗൗട്ടിൽ വന്നിരിക്കാൻ ശ്രീശാന്തിനോടു പറയണമെന്ന് ക്യാപ്റ്റൻ നിർദേശിച്ചു ഞാൻ ഡ്രസിങ് റൂമിലെത്തി ഇക്കാര്യം പറഞ്ഞു. താങ്കൾക്കു വെള്ളം കൊടുക്കാൻ കഴിയില്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മറുചോദ്യം.
ഹെൽമറ്റ് നൽകാൻ അടുത്ത തവണ ഞാൻ വീണ്ടും ഗ്രൗണ്ടിലെത്തിയപ്പോൾ ശ്രീശാന്തിനെക്കുറിച്ച് ചോദിച്ച് ധോണി രോഷാകുലനായി. അദ്ദേഹം ഡ്രസിങ് റൂമിൽ മസാജിങ്ങിനു പോയെന്നു പറഞ്ഞിട്ടും ധോണി പിൻമാറിയില്ല. ശ്രീശാന്തിന് ഇവിടെ തുടരാൻ താൽപര്യമില്ലെന്ന് ഉടൻ ടീം മാനേജരെ അറിയിക്കണം. നാളെത്തന്നെ നാട്ടിലേക്കു മടങ്ങാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണം– ധോണി പറഞ്ഞതായി അശ്വിന്റെ വെളിപ്പെടുത്തൽ.