ബാറ്റു വീശിയത് ഇഷ്ടപ്പെട്ടില്ല; ബ്രീറ്റ്സ്കിയുടെ ‘വഴി മുടക്കി’ അഫ്രീദി, ഓടുന്നതിനിടെ കൂട്ടിയിടി- വിഡിയോ

Mail This Article
കറാച്ചി∙ ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഗ്രൗണ്ടിൽ ഷഹീൻ അഫ്രീദി– മാത്യു ബ്രീറ്റ്സ്കി വാക്പോര്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ ഇരു താരങ്ങളും നേര്‍ക്കുനേർ വന്നതോടെ അംപയർമാരും ടീം ക്യാപ്റ്റൻമാരും ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച ഇന്നിങ്സ് കെട്ടിപ്പടുത്തതിനു പിന്നാലെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ടോണി ഡെ സോർസിയെ 22 ന് റൺസിനു പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാനു പ്രതീക്ഷ നൽകിയിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമയും യുവതാരം മാത്യു ബ്രീറ്റ്സ്കിയും ചേർന്ന് 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിനിടെ 29–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പന്തു നേരിട്ട ശേഷം ഓടാൻ മടിച്ച ബ്രീറ്റ്സ്കി പാക്ക് ഫീൽഡറെ നോക്കി ബാറ്റു കൊണ്ട് ഒരു ‘പ്രത്യേക തരം ആക്ഷൻ’ കാണിച്ചിരുന്നു. ഇത് അഫ്രീദിക്കു രസിച്ചില്ല. ദക്ഷിണാഫ്രിക്കൻ ബാറ്ററെ അഫ്രീദി ചോദ്യം ചെയ്തതോടെ തര്‍ക്കമായി. ഇതേ ഓവറിൽ ബ്രീറ്റ്സ്കി റണ്ണിനായി ഓടുന്നതിനിടെ ‘വഴിമുടക്കി’ അഫ്രീദി നിന്നതും വിവാദമായി. ബ്രീറ്റ്സ്കിയും അഫ്രീദിയും തമ്മിൽ കൂട്ടിയിടിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും തർക്കമായി. തുടർന്ന് അംപയർമാർ ഇടപെട്ടാണു രണ്ടു താരങ്ങളെയും സമാധാനിപ്പിച്ചു വിട്ടത്. മത്സരത്തിൽ 84 പന്തുകൾ നേരിട്ട ബ്രീറ്റ്സ്കി 83 റൺസെടുത്തിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 352 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി. പാക്ക് ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനും (128 പന്തിൽ 122), സൽമാൻ ആഗയും (103 പന്തിൽ 134) സെഞ്ചറി നേടിയതോടെയാണ് പാക്കിസ്ഥാൻ ആറു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പാക്കിസ്ഥാൻ പിന്തുടര്‍ന്നു വിജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. റിസ്‍വാനും സൽമാന്‍ ആഗയും ചേർന്ന് ഉയർത്തിയ 260 റൺസ് കൂട്ടുകെട്ട് പാക്കിസ്ഥാന്റെ ഏകദിന ചരിത്രത്തിലെ മികച്ച നാലാം വിക്കറ്റ് സ്കോറാണ്.