വോട്ടിനു സൗജന്യം: പാർട്ടികൾക്ക് സുപ്രീംകോടതിയുടെ വിമർശനം

Mail This Article
ന്യൂഡൽഹി ∙ വോട്ട് നേടാൻ രാഷ്ട്രീയപാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാൽ ജനങ്ങൾ ജോലി ചെയ്യാൻ തയാറാകുന്നില്ല. രാജ്യവികസനത്തിൽ പങ്കാളികളാക്കുന്നതിൽ നിന്നു നിരുത്സാഹപ്പെടുത്തി പരാദജീവികളുടെ വർഗത്തെ സൃഷ്ടിക്കുകയല്ലേയെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ഡൽഹിയിലെ വീടില്ലാത്തവർക്ക് താമസസൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.ജി. മസീഹും ഉൾപ്പെടുന്ന ബെഞ്ച്.
‘നിർഭാഗ്യവശാൽ ഈ സൗജന്യങ്ങൾ കാരണം ജനങ്ങൾ ജോലി ചെയ്യാൻ തയാറല്ല. ഒരു ജോലിയും ചെയ്യാതെ പണം ലഭിക്കുന്നു. പറയുന്നതിൽ ഖേദമുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ കക്ഷികൾ പറയുന്നത് ഇത്രയേറെ സൗജന്യങ്ങൾ നൽകണമെന്നാണ്’– ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. താൻ ഒരു കർഷക കുടുംബത്തിൽ നിന്നാണു വരുന്നതെന്നും മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനു മുൻപ് പ്രഖ്യാപിച്ച സൗജന്യങ്ങൾ കാരണം കർഷകർക്കു തൊഴിലാളികളെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ സൗജന്യവാഗ്ദാനങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി നേരത്തെ സുപ്രീം കോടതിയിൽ ഹർജിയെത്തിയിരുന്നു. 2022 ൽ ഇതു പരിഗണിച്ച രണ്ടംഗ ബെഞ്ച് ഏതാനും നിർദേശങ്ങൾ നൽകുകയും വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു. ഇത് ഇപ്പോഴും പരിഗണിച്ചിട്ടില്ല.
നഗര ദാരിദ്ര്യ നിർമാർജന ദൗത്യം ഉടൻ: കേന്ദ്രം
നഗരങ്ങളിലെ ഭവനരഹിതരുടെ താമസം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ദാരിദ്യ്ര നിർമാർജന ദൗത്യത്തിനു കേന്ദ്രം അന്തിമ രൂപം നൽകുകയാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയിൽ അറിയിച്ചു. പദ്ധതി എത്രകാലത്തിനുള്ളിൽ നടപ്പാക്കുമെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ആറാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. വീടില്ലാത്തവർക്കുള്ള ഷെൽറ്ററുകൾക്കു സാമ്പത്തിക സഹായം നൽകുന്നതു കേന്ദ്രം അവസാനിപ്പിച്ചുവെന്നും ഇതു സംസ്ഥാനങ്ങൾക്കു വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും ഹർജിക്കാർക്കായി പ്രശാന്ത് ഭൂഷൺ വാദിച്ചു. ഡൽഹിയിൽ ഈ വർഷത്തെ തണുപ്പുകാലത്ത് 750 ൽ ഏറെ ഭവനരഹിതർ നിരത്തിൽ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.