വന്യജീവി ആക്രമണം: നേരിടാൻ വനം വകുപ്പ്; പദ്ധതികൾ 10

Mail This Article
തിരുവനന്തപുരം ∙ വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും 10 കർമ പദ്ധതികളുമായി (മിഷൻ) വനം വകുപ്പ്. കാട്ടാന ആക്രമണത്തിൽ തുടർച്ചയായി ജീവാപായമുണ്ടായ സാഹചര്യത്തിലാണ് നടപടി. വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ് എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കർമ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഓരോ ദൗത്യത്തിനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അതേസമയം, നേരത്തേ വന്യജീവി ആക്രമണമുണ്ടായപ്പോൾ പ്രഖ്യാപിച്ച പദ്ധതിയാണ് പുതിയ രൂപത്തിൽ പ്രഖ്യാപിച്ചതെന്നും ആരോപണം ഉയർന്നു.
കർമ പദ്ധതികൾ:
∙ ആനത്താരകൾ, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ എന്നിവയുടെ നിരീക്ഷണം
∙ സംഘർഷ പ്രദേശങ്ങളിൽ പ്രാദേശികമായി സന്നദ്ധ പ്രതികരണ സേന
∙ മനുഷ്യ-വന്യമൃഗ സംഘർഷ ലഘൂകരണത്തിന് ഗോത്ര സമൂഹങ്ങളുടെ പ്രാദേശിക അറിവ് പ്രയോജനപ്പെടുത്തും
∙ വന്യജീവികൾക്ക് ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ ഉറപ്പു വരുത്തും
∙ കുരങ്ങുകളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും.
∙ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനു പഞ്ചായത്തുകൾക്കു വനം വകുപ്പിന്റെ സഹായം. എംപാനൽ ചെയ്ത ഷൂട്ടേഴ്‌സിന് വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കും.
∙ വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ പ്രവേശിക്കുന്നതു തടയാൻ സൗരോർജ വേലികളുടെ നിർമാണം പരമാവധി പൂർത്തിയാക്കും
∙ മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ച് കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
മറ്റു തീരുമാനങ്ങൾ
കാടുപിടിച്ചു കിടക്കുന്ന എസ്റ്റേറ്റുകളുടെ ഉടമകൾ അടിയന്തരമായി കാടു നീക്കം ചെയ്യണം. വനത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ സമീപത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ചു വിസ്ത ക്ലിയറൻസ് നടത്തും. ഹോട്‌സ്പോട്ടുകളായ പഞ്ചായത്തുകളിൽ നിരീക്ഷണം ഉടൻ ആരംഭിക്കും. പൊലീസ്, റവന്യു, തദ്ദേശ വകുപ്പുകൾ സംയുക്തമായാകും പ്രവർത്തിക്കുക.