ചൈനയുടെ അധീശത്വത്തിന് തടയിടാൻ രൂപീകരിച്ച് ഓക്കസ്; ഇനി ഓസ്ട്രേലിയയ്ക്ക് ആണവ അന്തർ വാഹിനി

Mail This Article
ഓക്കസ് കൂട്ടായ്മയുടെ കീഴിൽ രൂപീകരിച്ച ആണവ അന്തർവാഹിനി കരാറിനായി 50 കോടി യുഎസ് ഡോളർ ഓസ്ട്രേലിയ കൈമാറി. ആകെ 300 കോടി യുഎസ് ഡോളറാണ് ഓസ്ട്രേലിയ നൽകുക. വെർജീനിയ ക്ലാസ് അന്തർവാഹിനികളാണു ഓസ്ട്രേലിയയ്ക്കു ലഭിക്കുക. ഓക്കസ് പോലെ യുഎസ് ഉൾപ്പെട്ടിട്ടുള്ള രാജ്യാന്തര ശാക്തിക കൂട്ടായ്മകൾക്ക് ട്രംപ് ഭരണകൂടത്തിനു കീഴിൽ എന്തു സംഭവിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഓസ്ട്രേലിയയുടെ നീക്കം.

ചൈനയുടെ വർധിച്ചു വരുന്ന സ്വാധീനത്തിനും മറ്റു രാജ്യങ്ങൾക്കുമേൽ പുലർത്താൻ നോക്കുന്ന അധീശത്വത്തിനും തടയിടാൻ ത്രികക്ഷി സുരക്ഷാസംവിധാനമൊരുക്കാനായാണ് യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ അണിചേർന്ന് ഓക്കസ് കൂട്ടായ്മ(AUKUS) രൂപീകരിച്ചത്.
കലുഷിതമായ രാജ്യാന്തര ബലാബല മത്സരം നടക്കുന്ന മേഖലയാണ് പസിഫിക് മേഖല. ഓസ്ട്രേലിയയും ചൈനയും സജീവ വ്യാപാര പങ്കാളികളുമായിരുന്നു. ഓസ്ട്രേലിയലിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യമാണ് ചൈന. എന്നാൽ ഷി ചിൻപിങ് യുഗത്തിനു ശേഷമുള്ള, ചൈനയുടെ തെക്കൻ ചൈനാക്കടലിലെ കടന്നുകയറ്റം ഓസ്ട്രേലിയയ്ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.
ഓക്കസ് പദ്ധതിയിലെ ആദ്യഘട്ടം
ഓസ്ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി ലഭ്യമാക്കുന്നതാണ് ഓക്കസ് പദ്ധതിയിലെ ആദ്യഘട്ടം. ഇതു യാഥാർഥ്യമാകുന്നതോടെ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുള്ള ഏഴാമത്തെ രാജ്യമായി ഓസ്ട്രേലിയ മാറും. തെക്കൻ ചൈനാക്കടലിൽ ചൈന പുലർത്തുന്ന അധീശത്വവും തായ്‌വാന്റെ സ്വാതന്ത്ര്യത്തിലുള്ള അസഹിഷ്ണുത കൂടുന്നതുമാണ് ഓക്കസിന്റെ പിറവിക്കുള്ള പ്രധാന കാരണം.
വളരെ നിശ്ശബ്ദമായി പ്രവർത്തിക്കാനാകും
നിലവിൽ കോളിൻ ക്ലാസ് എന്നറിയപ്പെടുന്ന അന്തർവാഹിനികളാണ് ഓസ്ട്രേലിയൻ നേവിക്കുള്ളത്. ഡീസൽ ഊർജത്തിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒരുപാടുകാലം കടലിൽ കിടക്കാൻ കഴിയില്ല.എന്നാൽ ആണവ പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വരുന്നതോടെ ഇക്കാര്യത്തിൽ മാറ്റമാകും. പിന്നീട് 5 മാസത്തോളം പസിഫിക് മേഖലയിൽ കിടക്കാനും വളരെ നിശ്ശബ്ദമായി പ്രവർത്തിക്കാനും ഓസ്ട്രേലിയൻ നേവിക്ക് അവസരമൊരുങ്ങും.