ADVERTISEMENT

കുട്ടികളെ ഉറക്കാൻ ചിലപ്പോൾ അമ്മമാർ പാട്ടുപാടാറുണ്ട്. ഒളിംപിക്സിൽ പങ്കെടുക്കുന്ന ‘വലിയ കുട്ടികളെ’ ഉറക്കാനായി അമ്മമാർക്ക് കൂടെപ്പോകാൻ സാധിക്കാത്തതിനാലാകാം ചില രാജ്യങ്ങൾ ഈ പണി സ്ലീപ് തെറപ്പിസ്റ്റുകളെ ഏൽപിച്ചത്. ഇത്തവണത്തെ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സപ്പോർട്ട് സ്റ്റാഫിൽ പരിശീലകൻ, ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തുടങ്ങിയവർക്കു പുറമേ സ്ലീപ് തെറപ്പിസ്റ്റുമുണ്ട്!

സ്ലീപ് തെറപ്പി

കായികതാരങ്ങൾക്ക് വ്യായാമം പോലെ തന്നെ പ്രധാനമാണ് വിശ്രമവും. മത്സരത്തലേന്നു മാനസിക സമ്മർദം മൂലം പലർക്കും ആവശ്യമായ ഉറക്കം ലഭിക്കാറില്ല. ഇത് പിറ്റേന്നുള്ള മത്സരത്തിൽ അവരുടെ പ്രകടനത്തെ ബാധിക്കുന്നതു പതിവാണ്. ഇതൊഴിവാക്കാനാണ് സ്ലീപ് തെറപ്പിസ്റ്റിന്റെ സഹായത്തോടെ കായികതാരങ്ങൾക്ക് ആവശ്യമായ ഉറക്കം ഉറപ്പുവരുത്തുന്നത്.

ഓരോരുത്തർക്കും ഇഷ്ടപ്പെട്ട സംഗീതം കേൾപ്പിക്കുക, മെഡിറ്റേഷൻ, ഉറങ്ങാൻ സഹായിക്കുന്ന ലഘു വ്യായാമങ്ങൾ എന്നിങ്ങനെ വിവിധ രീതികളിലൂടെയാണ് സ്ലീപ് തെറപ്പിസ്റ്റുകൾ ഇതു ചെയ്യുന്നത്. ടെക്നിക്കൽ ടീമിന്റെ സഹായത്തോടെ ഓരോ താരത്തിന്റെയും ഉറക്കം ‘അളന്ന’ ശേഷമാണ് യോജിച്ച രീതിയിലുള്ള തെറപ്പി അവർക്കു നൽകുക. മുൻപ് സൈക്കോളജിസ്റ്റുകൾക്കായിരുന്നു ഈ ചുമതലയെങ്കിൽ ഇപ്പോൾ ഉറക്കം നിയന്ത്രിക്കുന്നതിനു മാത്രമായി പ്രത്യേകം തെറപ്പിസ്റ്റുകളുണ്ട്. 

ഫിസിയോ

അത്‌ലീറ്റുകളുടെ ശരീരക്ഷമത ഉറപ്പുവരുത്തുക, മെഡിക്കൽ സപ്പോർട്ട് നൽകുക, പരുക്കുകളിൽനിന്ന് തിരിച്ചുവരാൻ സഹായിക്കുക തുടങ്ങിയവയാണ് ഫിസിയോതെറപ്പിസ്റ്റിന്റെ ചുമതല. എല്ലാ കായികതാരങ്ങൾക്കും ടീമുകൾക്കും ഫിസിയോ ഉണ്ടാകും. ഇവർക്കു പുറമേ ചില താരങ്ങൾക്കു സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് പരിശീലകരുമുണ്ടാകും.

ന്യൂട്രീഷനിസ്റ്റ്

അത്‌ലീറ്റിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നതാണ് ന്യൂട്രീഷനിസ്റ്റിന്റെ ചുമതല. ഓരോ അത്‌ലീറ്റിന്റെയും ശരീരഘടനയും ആവശ്യമായ പോഷകങ്ങളും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് അവരുടെ ഡയറ്റ് തയാറാക്കുന്നത് ന്യൂട്രീഷനിസ്റ്റാണ്.

മെന്റൽ കണ്ടിഷനിങ് കോച്ച്

ശരീരക്ഷമത പോലെ തന്നെ കായികതാരങ്ങളുടെ മനോനിലയും പ്രധാനമാണ്. താരങ്ങളെ മാനസികമായി ഒരുക്കുകയാണ് മെന്റൽ കണ്ടിഷനിങ് കോച്ചിന്റെ ചുമതല. അത്‌ലീറ്റുകളുടെ മനോധൈര്യവും ആത്മവിശ്വാസവും വർധിപ്പിക്കാൻ വിവിധ വ്യായാമങ്ങളും യോഗയും ധ്യാനവും ഉൾപ്പെടെയുള്ള പരിശീലനങ്ങളും ഇവർ നൽകും.

വിഡിയോ അനലിസ്റ്റ്

ഒരു അത്‌ലീറ്റിന്റെ പ്രകടനം കൃത്യമായി വിലയിരുത്തി അതിലെ പോരായ്മകൾ പരിശീലകരുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് വിഡിയോ അനലിസ്റ്റുകൾ ചെയ്യുന്നത്. താരങ്ങളുടെ മത്സരദൃശ്യങ്ങൾ ഇവർ കൃത്യമായി നിരീക്ഷിക്കുകയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. 

English Summary:

India's support staff for the Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com