ADVERTISEMENT

കീവ് ∙ പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്ന തങ്ങളുടെ അത്‌ലീറ്റുകൾക്ക് ഐക്യദാർഢ്യമറിയിച്ച് പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കി യുക്രെയ്ൻ. റഷ്യയുമായുള്ള യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഒളിംപിക്സ് ചരിത്രത്തിലെ ഏറ്റവും ചെറിയ സംഘവുമായാണ് യുക്രെയ്ൻ ഇത്തവണ പാരിസിൽ എത്തുന്നത്.

140 പേരാണ് ഇത്തവണ യുക്രെയ്നിനു വേണ്ടി ഒളിംപിക്സിൽ മത്സരിക്കാൻ ഇറങ്ങുന്നത്. യുദ്ധത്തിൽ ഒട്ടേറെ അത്‍ലീറ്റുകളും പരിശീലകരും കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തതോടെ പല മത്സരങ്ങളും യുക്രെയ്നിന് ഉപേക്ഷിക്കേണ്ടിവന്നു. 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിൽ അത്‍‌ലീറ്റുകളും പരിശീലകരുമടക്കം 479 യുക്രെയ്ൻ കായികതാരങ്ങൾ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

ഇതോടെയാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ച അത്‌ലീറ്റുകളോടുള്ള ആദരസൂചകമായി യുക്രെയ്ൻ സർക്കാർ പോസ്റ്റൽ സ്റ്റാംപ് പുറത്തിറക്കിയത്. ‘വെള്ളവും വെളിച്ചവുമില്ലാതെ എത്രയോ ദിവസങ്ങൾ ഞങ്ങൾ അതിജീവിച്ചു. എന്നാൽ ഇതെല്ലാം ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്തത്.

ഇതിനൊന്നും യുക്രെയ്ൻ എന്ന രാജ്യത്തെയും ജനതയെയും തകർക്കാൻ സാധിക്കില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാൻ കൂടിയാണ് ഇത്തവണ ഞങ്ങൾ ഒളിംപിക്സിന് ഇറങ്ങുന്നത്’– സ്റ്റാംപ് പുറത്തിറക്കുന്ന ചടങ്ങിൽ യുക്രെയ്ൻ ഫെൻസിങ് താരം വ്ലാഡ ഖർകോവ പറഞ്ഞു. യുക്രെയ്നിന്റെ ഒളിംപിക്സ് ചരിത്രം രേഖപ്പെടുത്തിയ 6 സ്റ്റാംപുകളാണ് ദേശീയ കായിക മന്ത്രാലയം പുറത്തിറക്കിയത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒളിംപിക്സിൽ നിന്ന് റഷ്യയെയും ബെലാറൂസിനെയും ഐഒസി വിലക്കിയിട്ടുണ്ട്. എന്നാൽ ഇവരുടെ അത്‌ലീറ്റുകൾക്ക് സ്വതന്ത്ര താരങ്ങളായി പാരിസിൽ മത്സരിക്കാം.

English Summary:

Ukraine released postal stamp for Olympics athletes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com