ADVERTISEMENT

പാരിസ് ∙ ഇത്തവണത്തേത് തന്റെ അവസാന ഒളിംപിക്സ് ആയിരിക്കുമെന്നു ജൂണിൽ കൊച്ചിയിലെ വീട്ടിലിരുന്നു ‘മനോരമ’യോടു സംസാരിക്കുമ്പോൾ പി.ആർ.ശ്രീജേഷ് വെളിപ്പെടുത്തിയിരുന്നു. 

 എന്നാൽ, പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങാൻ 4 ദിവസം മാത്രം ബാക്കിനിൽക്കേ ശ്രീജേഷ് അതിലും വലിയൊരു തീരുമാനമെടുത്തിരിക്കുന്നു: ഒളിംപിക്സിനു ശേഷം രാജ്യാന്തര കരിയറിനോടു തന്നെ വിടപറയുക. ഇന്നലെ വൈകിട്ട് ഇംഗ്ലണ്ടുമായുള്ള പരിശീലന മത്സരത്തിനുശേഷം തിരിച്ചെത്തിയ ശ്രീജേഷ് സംസാരിക്കുന്നു...

തീരുമാനത്തിനു പിന്നിൽ

കുറച്ചുകാലമായി വിരമിക്കൽ ആലോചിക്കുന്നുണ്ട്. ഒളിംപിക്സ് പോലെയൊരു വലിയ വേദിയിൽ പ്രഖ്യാപനം നടത്താമെന്നു കരുതി. ഇനിയൊരു വലിയ ടൂർണമെന്റ്, ലോകകപ്പോ കോമൺവെൽത്ത് ഗെയിംസോ, രണ്ടു വർഷത്തിനു ശേഷമേയുള്ളൂ. അതുകൊണ്ടു നിർത്താമെന്നു കരുതി. സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുന്നതു നല്ലതാണല്ലോ...

ഭാവി പദ്ധതികൾ

ഒളിംപിക്സിൽ മികച്ച പ്രകടനം നടത്തുകയാണ് ആദ്യ ലക്ഷ്യം. നാട്ടിൽ തിരിച്ചെത്തിയാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. കോച്ചിങ് ഉൾപ്പെടെയുള്ള പദ്ധതികളും മനസ്സിലുണ്ട്.   ഞാൻ സഞ്ചരിച്ച വഴികളിലൂടെ പുതിയ തലമുറയെ നടത്താൻ എന്റെ പരിചയവും അറിവും കൈമാറും.

നേട്ടങ്ങളിൽ ഏറ്റവും മികച്ചത്

ഒരു സംശയവുമില്ല, ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ തന്നെ. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇന്ത്യയ്ക്കായി ഹോക്കിയിൽ മെഡൽ നേടാൻ കഴിഞ്ഞതു വലിയ അഭിമാനമായി കരുതുന്നു. 2 ഏഷ്യൻ ഗെയിംസുകളിൽ സ്വർണം നേടാനും കഴിഞ്ഞു. 2 കോമൺവെൽത്ത് വെള്ളി. ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ 4 സ്വർണം. 2004ൽ ജൂനിയർ ഇന്ത്യൻ ടീമിൽ ഇടംനേടിയതു മുതൽ രാജ്യത്തിന്റെ ജഴ്സിയിൽ കളിക്കുന്നു. ഇതിൽപരമെന്തു വേണം..

എന്റെ ആദ്യ ഹോക്കി കിറ്റ്; വീട്ടിലെ പശുവിനു പകരം! 

 ശ്രീജേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നിന്ന് 

രാജ്യാന്തര കരിയറിലെ അവസാന അരങ്ങിനൊരുങ്ങി നിൽക്കവേ, എന്റെ ഹൃദയം അഭിമാനം കൊണ്ടും നന്ദി കൊണ്ടും തുളുമ്പുകയാണ്. ജിവി രാജ സ്പോർട്സ് സ്കൂളിലെ ചെറിയ സാഹചര്യങ്ങളിൽനിന്നും എന്റെ ജീവിതത്തെ തന്നെ നിർണയിച്ച ഈ വലിയ യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ അങ്ങനെയാവാതെ വയ്യ. 

വീട്ടിലെ പശുവിനെ വിറ്റിട്ടാണ് അച്ഛൻ എനിക്ക് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങിത്തന്നത്. അദ്ദേഹത്തിന്റെ ആ ത്യാഗം എന്റെ ഉള്ളിലെ ജ്വാല ഊതിക്കത്തിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ആദ്യ പര്യടനം എന്റെ സ്വപ്നസാക്ഷാത്ക്കാരങ്ങളുടെ തുടക്കമായിരുന്നു. അത്യധികം ആഹ്ലാദത്തോട‌െയും അദ്ഭുതത്തോടെയുമാണ് ഒരു കൊച്ചു പയ്യനായിരുന്ന ഞാൻ വിദേശ മണ്ണിലേക്കുള്ള ആ യാത്ര ആസ്വദിച്ചത്. 

   ഒടുവിൽ ഒളിംപിക്സ് യാത്രയിലെ തിളങ്ങുന്ന അധ്യായമായി 2021ൽ ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡലും നമ്മൾ നേടിയെടുത്തു. അതോട‌െ അതിനു വേണ്ടിയുള്ള   കണ്ണീരും കഠിനാധ്വാനവുമെല്ലാം മധുരതരമായി.

English Summary:

Sreejesh speaks from the Olympic Village after announcing his retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com