ADVERTISEMENT

പാരിസ് ∙ ചിലരങ്ങനെയാണ്. ഭ്രാന്തമായ ചില ആവേശങ്ങൾക്കു പിന്നാലെ സർവം മറന്നു പായും. ഇവിടെ ഒളിംപിക്സ് വേദിയിലും കണ്ടു അങ്ങനെ ചിലരെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ. പക്ഷേ, ഒരൊറ്റ ലക്ഷ്യവുമായി പാരിസിലേക്കെത്തിയവർ. ഒളിംപിക് പിന്നുകൾ ശേഖരിക്കുന്നവരുടെ കഥ വിസ്മയിപ്പിക്കുന്നതാണ്.

ഓരോ രാജ്യവും തങ്ങളുടെ ഔദ്യോഗിക സംഘത്തിലുള്ള താരങ്ങൾക്കും ഒഫിഷ്യലുകൾക്കും ഒളിംപിക്സിൽ സമ്മാനിക്കുന്ന ഉപഹാരമാണ് ഒളിംപിക് പിൻ. വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന തരത്തിലുള്ള ചെറിയ രൂപങ്ങൾ. വിവിധ രാജ്യങ്ങളുടെ ഇത്തരം പിന്നുകൾ ശേഖരിക്കുന്നതു വിനോദമാക്കിയവരാണു പാരിസിലുള്ളത്.

കാനഡക്കാരൻ റോസ് ബാക്സ്റ്റർക്ക് 86 വയസ്സായി. 1988ലെ ശീതകാല ഒളിംപിക്സിൽ വൊളന്റിയറായിരുന്നു. അതിനിടെ കിട്ടിയ ‘പിന്നി’ൽ തുടങ്ങുന്നു അദ്ദേഹത്തിന്റെ യാത്ര. അതിനുശേഷം ബാർസിലോന, അറ്റ്‌ലാന്റ ഒളിംപിക്സ് ഒഴികെയുള്ള എല്ലാ വിശ്വമേളകളിലും സാന്നിധ്യമറിയിച്ചു.

ഫ്രാൻസിൽനിന്നുള്ള ടിം ജെയ്മിസന്റെ കഥ അമ്പരപ്പിക്കുന്നതാണ്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സ് മുതൽ പിന്നുകൾ ശേഖരിച്ചു തുടങ്ങിയതാണ് അദ്ദേഹം. പിന്നീടുവന്ന എല്ലാ ഒളിംപിക്സുകളിലും അദ്ദേഹം വേദികളിലെത്തി. ഒളിംപിക് വില്ലേജിനു സമീപം നിലയുറപ്പിച്ച് വിവിധ രാജ്യങ്ങളുടെ താരങ്ങളോടും ഒഫിഷ്യലുകളോടും പിന്നുകൾ അഭ്യർഥിക്കുകയാണ് ഇവർ ചെയ്യുക. ഒളിംപിക് വളയങ്ങളുടെയോ മറ്റോ രൂപങ്ങൾ ഈ വിചിത്ര ഹോബിക്കാരുടെ കയ്യിലുണ്ടാകും. അതു കൊടുത്ത് ഓരോ രാജ്യത്തിന്റെയും പിന്നുകൾ ശേഖരിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഇന്ത്യയിൽനിന്നാണെന്നു പറഞ്ഞപ്പോൾ റോസ് ചേർത്തുനിർത്തി പറഞ്ഞു: ‘മുൻപൊരിക്കൽ ഒരു ഇന്ത്യൻ മാധ്യമപ്രവർത്തകൻ എനിക്കൊരു പിൻ തന്നിരുന്നു. ഇതാണത്...’ നൂറുകണക്കിനു പിന്നുകൾക്കിടയിൽനിന്ന് ഒരെണ്ണം എടുത്തുകാട്ടി. ദൂരദർശന്റെ പേരുള്ള പിൻ...

English Summary:

Tourists with rare collection of Olympic pins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com