ADVERTISEMENT

ഒരു നൂറ്റാണ്ടിനു ശേഷം ഫ്രഞ്ച് തലസ്ഥാനമായ പാരിസിലേക്ക് ഒളിംപിക്സ് മഹോത്സവം മടങ്ങിയെത്തുമ്പോൾ, ചരിത്രത്തിലാദ്യമായി ഒളിംപിക് വേദിയിൽ മത്സരയിനമായി അരങ്ങറ്റം കുറിക്കുകയാണ് ബ്രേക്ക് ഡാൻസ് അഥവാ ബ്രേക്കിങ്. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്താണ് കായികലോകത്തിന്റെ മഹാവേദിയിൽ ബ്രേക്ക് ഡാൻസ് അരങ്ങേറ്റം കുറിക്കുന്നത്. പേരുമാറ്റി ‘ബ്രേക്കിങ്’ എന്ന പേരിലാകും പാരിസിൽ ബ്രേക്ക് ഡാൻസ് അരങ്ങേറുക.

ഇത്തവണ പാരിസിൽ ബ്രേക്ക് ഡാൻസിൽ മെഡൽ തേടിയെത്തുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 ബ്രേക്കർമാരാണ്. പുരുഷ, വനിതാ വിഭാഗങ്ങളിൽ രണ്ടായാണ് മത്സരം നടക്കുക. 

എന്താണ് ബ്രേക്ക് ഡാൻസ്?

∙ ഡ്രം ബ്രേക്കുകൾക്കൊപ്പം ഹിപ്-ഹോപ് സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന നൃത്തരൂപം.

∙ ബ്രേക്ക് ഡാൻസിൽ ഉൾപ്പെടുന്നത് നാലു തരം നൃത്തചലനങ്ങൾ; ടോപ്–റോക്ക്, ഡൗൺ–റോക്ക്, പവർ മൂവ്സ്, ഫ്രീസസ്

∙ അമേരിക്കയിൽ രൂപപ്പെട്ട ഹിപ്–ഹോപ് സംസ്കാരത്തിലാണ് ബ്രേക് ഡാൻസിന്റെ വേരുകളുള്ളത്.

∙ 1990കളിൽ ബ്രേക്ക് ഡാൻസ് ആദ്യമായി ഒരു മത്സരയിനമായി പരീക്ഷിക്കപ്പെട്ടു.

∙ 2004ൽ ആരംഭിച്ച ‘റെഡ് ബുൾ ബിസി വൺ’ ആണ് നിലവിൽ ഈ രംഗത്തെ ഏറ്റവും പ്രസിദ്ധമായ ചാംപ്യൻഷിപ്പ്.

∙ 2018 മുതൽ വേൾഡ് ഡാൻസ്‌ സ്പോർട് ഫെഡറേഷനാണ് ബ്രേക്ക് ഡാൻസിനെ നിയന്ത്രിക്കുന്ന ഭരണ സംവിധാനം.

∙ 2018ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്ന യൂത്ത് ഒളിംപിക്സിലാണ് ബ്രേക്ക് ഡാൻസ് ആദ്യമായി ഒളിംപിക് വേദിയിൽ മത്സരയിനമായത്.

ഓർക്കാം, ഈ വാക്കുകൾ

∙ ബ്രേക്കർ: ബ്രേക്ക് ഡാൻസിൽ പങ്കെടുക്കുന്നവരെ ലിംഗഭേദമില്ലാതെ വിശേഷിപ്പിക്കുന്ന പേര്

∙ ബി–ബോയ്സ്, ബി–ഗേൾസ്: ബ്രേക്ക് ഡാൻസിൽ പങ്കെടുക്കുന്ന പുരുഷൻമാരാണ് ബി–ബോയ്സ്. സ്ത്രീകളെ ബി–ഗേൾസും എന്നും വിളിക്കാം. ബ്രേക്ക്–ബോയ്സ്, ബ്രേക്ക്–ഗേൾസ് എന്നതിന്റെ ചുരുക്കപ്പേരാണിത്.

∙ ബി–ബോയിങ്, ബി–ഗേളിങ്: പുരുഷനാണ് ബ്രേക്ക് ഡാൻസ് ചെയ്യുന്നതെങ്കിൽ അതിനെ ബി–ബോയിങ് എന്നും സ്ത്രീയാണ് ചെയ്യുന്നതെങ്കിൽ ബി–ഗേളിങ് എന്നും വിളിക്കുന്നു.

ബ്രേക്ക് ഡാൻസ് @ പാരിസ്

∙ രണ്ടു വിഭാഗങ്ങളിലായാണ് ബ്രേക്ക് ഡാൻസിന്റെ അരങ്ങേറ്റം. ഒരു വിഭാഗത്തിൽ ബി–ബോയ്സും രണ്ടാമത്തെ വിഭാഗത്തിൽ ബി–ഗേൾസും മത്സരിക്കും.

∙ സംഘാടകർ നൽകുന്ന ഡിജെ ട്രാക്കുകൾക്കനുസരിച്ച് 16 ബി–ബോയ്സും 16 ബി–ഗേൾസും കളത്തിലിറങ്ങും.

∙ സാമാന്യം കാഠിന്യമേറിയ സ്റ്റെപ്പുകളാകും ഒളിംപിക് വേദിയിലെ ബ്രേക്ക് ഡാൻസിന്റെ സവിശേഷത. ഇതിനെ ഒളിംപിക് വെബ്സൈറ്റ് വിശദീകരിക്കുന്നത് ‘വിൻഡ്മിൽസ്‍, ദ 6–സ്റ്റെപ്സ്, ഫ്രീസസ്’ എന്നിങ്ങനെ...

∙ മാർക്ക് ഇടുന്നത് എങ്ങനെ?

∙ ഒരു വിഭാഗത്തിൽ ഒരു മത്സരാർഥിയുടെ ഊഴം കഴിഞ്ഞാൽ അടുത്തയാൾ മത്സരത്തിന് ഇറങ്ങും.

∙ അഞ്ച് ജഡ്ജിമാരാണ് വിധികർത്താക്കളായി ഉണ്ടാകുക.

∙ അവർ വ്യക്തിത്വം (Peronality), സർഗാത്‌മകത (Creativity), സാങ്കേതികത (Technique), പ്രകടനപരത (Performativity), വൈവിധ്യം (Variety), സംഗീത വൈദഗ്ധ്യം (Musicality) എന്നീ ആറു വിഭാഗങ്ങളിൽ പോയിന്റ് രേഖപ്പെടുത്തും

∙ ഇതിൽ വ്യക്തിത്വം, പ്രകടനപരത, സർഗാത്‌മകത എന്നിവയ്ക്ക് 60 ശതമാനം പോയിന്റും ശേഷിക്കുന്ന മൂന്നു വിഭാഗങ്ങളിലായി 40 ശതമാനം പോയിന്റുമാണ് നൽകുക. കൂടുതൽ പോയിന്റ് നേടുന്നയാൾ ഒന്നാമതെത്തും.

പാരിസിൽ എപ്പോൾ, എവിടെ?

∙ ഒളിംപിക് വേദിയിലെ അരങ്ങേറ്റമാണെങ്കിലും, പാരിസിൽ ബ്രേക്ക് ഡാൻസ് കുറച്ചധികം കാത്തിരിക്കണം. ഒളിംപിക്സിന്റെ അവസാന ദിനങ്ങളിലാണ് ബ്രേക്ക് ഡാൻസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒൻപതിന് ഇന്ത്യൻ സമയം രാത്രി 7.30നാണ് വനിതാ വിഭാഗം ബ്രേക്ക് ഡാൻസ് അരങ്ങേറുക. സ്വർണ മെഡൽ ജേതാവിനെ കണ്ടെത്തുന്നതിനുള്ള അവസാന റൗണ്ട് പുലർച്ചെ 12.53നാണ് നിശ്ചയിച്ചിരിക്കുന്നത്.

∙ ബി–ബോയ്സ് ഒളിംപിക് വേദിയിലെ അരങ്ങേറ്റത്തിന് ഒരു ദിവസം കൂടി കാത്തിരിക്കണം. ഓഗസ്റ്റ് പത്തിന് ഇന്ത്യൻ സമയം രാത്രി 7.30നാണ് പുരുഷ വിഭാഗം ബ്രേക്ക് ഡാൻസ് ആരംഭിക്കുക. മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള അവസാന റൗണ്ട് പുലർച്ചെ 12.53നും ആരംഭിക്കും.

∙ ഒളിംപിക് വില്ലേജിൽനിന്ന് 5 കിലോമീറ്റർ അകലെ ലാ കോൺകോർദെയിലാണ് ബ്രേക്ക് ഡാൻസ് നടക്കുക.

English Summary:

What is breaking as an Olympic sport? All to know ahead of Paris 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com