ADVERTISEMENT

പാരിസ് നഗരം പൂത്തുലയുന്ന ആഘോഷരാവിൽ ഇന്ന് ഒളിംപിക്സ് ദീപം മിഴി തുറക്കുന്നതോടെ ലോകം കാത്തിരിക്കുന്നത് മത്സരവേദികളെ ത്രസിപ്പിക്കുന്ന അത്‌ലീറ്റുകളെ മാത്രമല്ല; ആരാധകരുടെ ചങ്കിടിപ്പിന്റെ താളം പെരുക്കുന്ന മത്സരയിനത്തെക്കൂടിയാണ്. ലോകമെങ്ങും യുവജനങ്ങളുടെ ഹരമായ ബ്രേക്കിങ് അഥവാ ബ്രേക്ക് ഡാൻസിങ് ന്യൂജൻ മത്സരയിനമായി ഈ ഒളിംപിക്സിൽ അരങ്ങേറുകയാണ്.

ഷാസ് എല്ലിസെയിലെ പൊതുവേദിയായ പ്ലാസ് ദെ ലാ കോൺകോദിൽ ഓഗസ്റ്റ് 9,10 ദിനങ്ങളിൽ ഹിപ്ഹോപ് ഗാനങ്ങളുടെ അകമ്പടിയിൽ ചടുലചലനങ്ങളുടെ ഇരമ്പം മുഴങ്ങും.

എഴുപതുകളിൽ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ രൂപംകൊണ്ട തെരുവുനൃത്ത രൂപമായ ബ്രേക്കിങ് ഹിപ്ഹോപ് പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ലോകമെങ്ങും പ്രചരിച്ചത്. 2020 ഡിസംബറിൽ ബ്രേക്കിങ് ഒളിംപിക്സ് മത്സരയിനമായി രാജ്യാന്തര ഒളിംപിക് കമ്മിറ്റി അംഗീകരിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായി 32 അത്‌ലീറ്റുകൾ പാരിസ് ഒളിംപിക്സിൽ ഈ ഇനത്തിൽ പങ്കെടുക്കുന്നുണ്ട്.

ബ്രേക്കിങ്ങിലെ പുരുഷ താരങ്ങൾ ബി ബോയ്സ് എന്നും വനിതാ താരങ്ങൾ ബി ഗേൾസ് എന്നുമാണ് അറിയിപ്പെടുന്നത്. ഫുട്‌വർക്ക്, ഫ്ലോർമീവസ്, ഫ്രീസസ് (freezes) എന്നിവയടങ്ങുന്നതാണ് മത്സരപ്രകടനം. താരങ്ങൾ ഒറ്റക്കയ്യിലോ കൈമുട്ടിലോ ഭാരം താങ്ങി അക്രോബാറ്റിക് പോസിൽ ബാലൻസ് ചെയ്യുന്നതാണ് ബ്രേക്കിങ്ങിന്റെ സവിശേഷതകളിലൊന്ന്. ഡിജെ ഒരുക്കുന്ന സംഗീതം ആരാധകർ പകരുന്ന ഊർജം എന്നിവ സ്വാംശീകരിച്ച് ഡാൻസർമാർ സ്വാഭാവികമായ ചടുലനൃത്തവുമായി അരങ്ങുവാഴും.

തൊണ്ണൂറുകളിലാണ് ബ്രേക്കിങ്ങിൽ രാജ്യാന്തര മത്സരങ്ങൾ തുടങ്ങിയത്. തുടക്കത്തിൽ ഹിപ് ഹോപ് കമ്യൂണിറ്റികൾക്കിടയിലും പിന്നീട് പൊതുജനങ്ങൾക്കിടയിലും നൃത്തരൂപം ജനപ്രിയമായി. 2018ൽ ബ്യൂനസ് ഐറിസിൽ നടന്ന യൂത്ത് ഒളിംപിക്സിൽ ബ്രേക്കിങ് മത്സരയിനമായി അവതരിപ്പിച്ചു. ഈ ഗെയിംസിലെ വിജയത്തെത്തുടർന്നാണ് ബ്രേക്കിങ് പുതിയ കായിക ഇനമായി പാരിസ് ഒളിംപിക്സിൽ ഉൾപ്പെടുത്തിയത്.

English Summary:

Breaking for Olympic fans to get excited with the moves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com