ആർച്ചറിയിൽ വനിതകൾക്കു പിന്നാലെ പുരുഷൻമാരും ടീമിനത്തിൽ നേരിട്ട് ക്വാർട്ടറിൽ; തുടക്കം മിന്നിച്ച് ഇന്ത്യ
Mail This Article
പാരിസ്∙ പാരിസ് ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിളക്കമേറ്റി ആർച്ചറിയിൽ വനിതാ വിഭാഗത്തിനു പിന്നാലെ, പുരുഷ വിഭാഗം ടീമിനത്തിലും ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ. റാങ്കിങ് വിഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിനത്തിൽ മൂന്നാം സ്ഥാനത്തോടെയാണ് ഇന്ത്യ ക്വാർട്ടറിൽ കടന്നത്. ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ധീരജ് ബൊമ്മദേവര 681 പോയിന്റോടെ വ്യക്തിഗത വിഭാഗത്തിൽ നാലാം സ്ഥാനത്തും തരുൺ ദീപ് റായ് 674 പോയിന്റോടെ 14–ാം സ്ഥാനത്തും പ്രവീൺ യാദവ് 658 പോയിന്റുമായി 39–ാം സ്ഥാനത്തുമെത്തി.
ടീമിനത്തിൽ ആകെ 2013 പോയിന്റ് നേടിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. 2049 പോയിന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. 2025 പോയിന്റുമായി ആതിഥേയരായ ഫ്രാൻസ് രണ്ടാം സ്ഥാനത്തെത്തി. ചൈന ഇന്ത്യയ്ക്കു പിന്നിൽ നാലാമതാണ്. പുരുഷ വിഭാഗം ക്വാർട്ടറിൽ, കൊളംബിയ – തുർക്കി പ്രീക്വാർട്ടർ വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ക്വാർട്ടർ കടന്നുകിട്ടിയാൽ ആതിഥേയരായ ഫ്രാൻസ് ഇന്ത്യയ്ക്ക് എതിരാളികളായി വന്നേക്കും.
ഇതോടെ, മിക്സഡ് ആർച്ചറിയിൽ വനിതകളിൽ ഒന്നാമതെത്തിയ അങ്കിത ഭക്തിനൊപ്പം പുരുഷ വിഭാഗത്തിൽനിന്ന് 681 പോയിന്റോടെ നാലാമതെത്തിയ ധീരജ് ബൊമ്മദേവര മത്സരിക്കും.
വനിതാ വിഭാഗം യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ടീമിനത്തിൽ ഇന്ത്യ ആകെ നേടിയത് 1983 പോയിന്റ്. 28ന് നടക്കുന്ന ക്വാർട്ടറിൽ, നെതർലൻഡ്സ് – ഫ്രാൻസ് മത്സര വിജയികളാകും ഇന്ത്യയുടെ എതിരാളികൾ. ഈയിനത്തിലെ മെഡൽ ജേതാക്കളെയും അന്നറിയാം.
ഒളിംപിക് റെക്കോർഡ് തിരുത്തി 2046 പോയിന്റ് നേടിയ ദക്ഷിണ കൊറിയയാണ് ഒന്നാമത്. ചൈന (1996), മെക്സിക്കോ (1986) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. റാങ്കിങ് റൗണ്ടിലെ ആദ്യ നാലു സ്ഥാനക്കാർ നേരിട്ട് ക്വാർട്ടറിൽ കടക്കും. അഞ്ച് മുതൽ 12 വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീക്വാർട്ടർ കളിക്കണം. റാങ്കിങ് മത്സരത്തിലെ പ്രകടനം അനുസരിച്ചാണ് ആർച്ചറി നോക്കൗട്ട് റൗണ്ടിൽ വ്യക്തിഗത, ടീമിനങ്ങളിൽ മത്സരക്രമം നിശ്ചയിക്കുക. മികച്ച റാങ്ക് നേടുന്നവർക്കു റാങ്കിങ്ങിൽ പിന്നിലുള്ളവരെ എതിരാളിയായി ലഭിക്കും.
ഇന്ത്യൻ താരങ്ങളിൽ അങ്കിത ഭക്ത് 666 പോയിന്റുമായി 11–ാം സ്ഥാനത്തെത്തി. ഭജൻ കൗർ 659 പോയിന്റുമായി 22–ാമതാണ്. നാലാം ഒളംപിക്സിനിറങ്ങിയ ദീപിക കുമാരി 658 പോയിന്റുമായി 23–ാം സ്ഥാനത്തായത് ഇന്ത്യയ്ക്ക് നിരാശയായി. മറ്റു രണ്ടു പേരുടെയും അരങ്ങേറ്റ ഒളിംപിക്സാണ്. മൂന്നു പേരും കൂടി ടീമിനത്തിൽ നാലാമതായതോടെ ഇന്ത്യ നേരിട്ട് ക്വാർട്ടറിൽ കടന്നു.
അതേസമയം, ക്വാർട്ടറിൽ ജയിച്ചാലും സെമിയിൽ കരുത്തരായ ദക്ഷിണ കൊറിയയാകും ഇന്ത്യയുെട എതിരാളികൾ. റാങ്കിങ് റൗണ്ടിൽ നാലാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യ കൊറിയ ഉൾപ്പെടുന്ന പൂളിലായത്. സെമിയിൽ തോറ്റാലും വെങ്കല മെഡൽ മത്സരത്തിൽ പങ്കെടുക്കാനാകുമെന്നത് നേട്ടമാണ്.