ADVERTISEMENT

ആവേശത്തിലാണു ഞാനിപ്പോഴും. ഒളിംപിക് ദീപശിഖ എന്റെ കയ്യിലെത്തിയപ്പോൾ സർവം മറന്നു നിന്നുപോയി. പതിനായിരങ്ങളുടെ കൈ മറിഞ്ഞെത്തിയ ദീപശിഖയിൽ എന്റെയും കരസ്പർശം പതിഞ്ഞു. ഓ, പറഞ്ഞറിയിക്കാനാവില്ല ആ നിമിഷത്തെപ്പറ്റി’ – ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ ബുധനാഴ്ച പങ്കാളിയായ മലയാളിപ്പെൺകുട്ടി തിലോത്തമ ഐക്കരേത്ത് സന്തോഷത്തിലാണ്.

കോട്ടയം കളത്തിപ്പടി സ്വദേശി ജോ ഐക്കരേത്തിന്റെയും ഫ്രാൻസ് സ്വദേശിനി മ്യൂറിയലിന്റെയും ഇളയ മകളാണ് ഇരുപതുകാരിയായ തിലോത്തമ. ജനിച്ചതു ഫ്രാൻസിൽ. കൈകൾ ജന്മനാ തളർന്ന നിലയിലായിരുന്നു. ഭാഷ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഡിസ്‌ലെക്സിയ എന്ന ശാരീരികാവസ്ഥയും നേരിടേണ്ടി വന്നു. ഇടതു കൈയുടെ പ്രയാസം പിന്നീടു ചികിത്സയിലൂടെ ശരിയാക്കി. വലത്തേ കൈയിൽ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്.

tilothama-at-paris-with-olympic-torch-3
ഒളിംപിക് ദീപശിഖയുമായി തിലോത്തമ (Photo: Speical Arrangement)

ഏഴാം ക്ലാസ് വരെ പഠനം കോട്ടയം പള്ളിക്കൂടം സ്കൂളിലായിരുന്നു. കോവിഡിനുശേഷം ഫ്രാൻസിലാണു താമസം. 7നു ശേഷം വീട്ടിലിരുന്നു പഠിച്ച് 10–ാം ക്ലാസ് വരെ തിലോത്തമ പൂർത്തിയാക്കി. പിന്നീടു ഫ്രാൻസിലെ ‘ഇംപൾഷൻ’ എന്ന സാമൂഹികസേവന സംഘടനയിലൂടെ കായികപഠനത്തിൽ സർട്ടിഫിക്കറ്റ് നേടി. പഠനകാലത്ത്, ഫ്രാൻസിലെ കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന ദേശീയ അക്കാദമി (ഇൻസെപ്) സന്ദർശിക്കാനിടയായി. അവിടെ തയ്ക്വാൻഡോ പരിശീലനം കണ്ടതു വഴിത്തിരിവായി. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മത്സരിക്കുന്ന പാരാ തയ്ക്വാൻഡോയിൽ പരിശീലനം തുടങ്ങി. ഒന്നര വർഷമായി പരിശീലനം നടത്തുന്നു.

tilothama-at-paris-with-olympic-torch-2
ഒളിംപിക് ദീപശിഖയുമായി തിലോത്തമ (Photo: Speical Arrangement)

തയ്ക്വാൻഡോ പരിശീലിക്കുന്ന 24 പേർ ദീപശിഖാ പ്രയാണത്തിൽ പങ്കുചേർന്നപ്പോൾ അതിൽ 3 പേർ പാരാ അത്‌ലീറ്റുകൾ ആയിരുന്നു. അവരിലൊരാളായി തിലോത്തമ ചരിത്രത്തിൽ ഇടംപിടിച്ചു. പാരിസ് ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിൽ പങ്കാളിയാകുന്ന ആദ്യ മലയാളി പെൺകുട്ടിയെന്ന നേട്ടം സ്വന്തം പേരിനൊപ്പം ചേർത്തു.

tilothama-at-paris-with-olympic-torch-5
ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കുന്ന തിലോത്തമ (Photo: Speical Arrangement)

‘എനിക്കു പാരാ ഒളിംപിക്സിൽ മത്സരിക്കണം. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ. 2028ൽ ലൊസാഞ്ചലസിൽ ഞാനുമുണ്ടാകും’ – നിശ്ചയദാർഢ്യത്തോടെ തിലോത്തമ പറഞ്ഞു. ഇംപൾഷനിലെ പഠനം പൂർത്തിയാക്കിയതോടെ കായികാധ്യാപിക ആകാനുള്ള ഒരുക്കവും തിലോത്തമ തുടങ്ങിയിട്ടുണ്ട്. പിന്തുണയുമായി സഹോദരൻ തിയോ ഒപ്പമുണ്ട്.

tilothama-at-paris-with-olympic-torch-1
ഒളിംപിക് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കുന്ന തിലോത്തമ (Photo: Speical Arrangement)

പരേതനായ ജോസഫ് ഐക്കരേത്തിന്റെയും ലളിതയുടെയും മകനായ ജോ, ഫാഷൻ ഡിസൈനറും യോഗാ അധ്യാപകനുമാണ്. കേരളത്തിലും ഫ്രാൻസിലുമായാണ് ജീവിതം. മ്യൂറിയൽ കോട്ടയത്ത് ആയുർവേദ ചികിത്സാകേന്ദ്രം നടത്തിയിരുന്നു. ഇപ്പോൾ ഫ്രാൻസിലെ ബെലോയിലുള്ള മ്യൂസിക് സ്കൂളിൽ ഡയറക്ടറാണ്.

English Summary:

Kottayam native also participated in Olympic lamp relay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com