കോച്ചായപ്പോൾ ഗംഭീർ മുൻപു പറഞ്ഞതെല്ലാം വിഴുങ്ങി, ദക്ഷിണാഫ്രിക്കയിൽ കളിച്ചാൽ രോഹിത്തിന്റെ ബോധം പോകും: തുറന്നടിച്ച് ശ്രീകാന്ത്
Mail This Article
ന്യൂഡൽഹി∙ ഫിറ്റ്നസ് നിലനിർത്തിയാൽ സൂപ്പർതാരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും 2027ലെ ഏകദിന ലോകകപ്പിലും കളിക്കാനാകുമെന്ന നിയുക്ത ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇവരുടെ കാര്യത്തിൽ പരിശീലകനാകുന്നതിനു മുൻപ് ഗംഭീർ നടത്തിയിട്ടുള്ള പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്റെ വിമർശനം. മുൻപു പറഞ്ഞതെല്ലാം വിഴുങ്ങി ഗംഭീർ ‘യു–ടേൺ’ എടുത്തിരിക്കുകയാണെന്ന് ശ്രീകാന്ത് പരിഹസിച്ചു. 2027ൽ ഇരുവരും 40 വയസ് കടക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്തിന്റെ പരിഹാസം.
ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ വലിയ ശ്രദ്ധ ചെലുത്തുന്ന വിരാട് കോലി 2027 ലോകകപ്പിൽ കളിച്ചേക്കാമെങ്കിലും, അപ്പോഴേക്കും 41 വയസിലെത്തുന്ന രോഹിത് ശർമയുടെ കാര്യം സംശയമാണെന്ന് ശ്രീകാന്ത് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഉൾപ്പെടെയായി നടക്കുന്ന ലോകകപ്പിൽ കളിച്ചാൽ രോഹിത് ശർമ ബോധം കെട്ടു വീണേക്കാമെന്നും ശ്രീകാന്ത് പരിഹസിച്ചു.
‘‘രോഹിത് ശർമ മികച്ച കളിക്കാരനാണ്. പക്ഷേ, അദ്ദേഹത്തിന് ഇപ്പോൾത്തന്നെ 37 വയസ്സായി. അടുത്ത ഏകദിന ലോകകപ്പിലേക്ക് ഇനിയും 3 വർഷം കൂടിയുണ്ട്. അപ്പോഴേക്കും രോഹിത്തിന് 40 വയസ്സാകും. അതായത്, മഹേന്ദ്രസിങ് ധോണിയെയോ സച്ചിൻ തെൻഡുൽക്കറെയോ പോലെ സൂപ്പർ ഫിറ്റായ ഒരു താരത്തിനു മാത്രമേ, 40–ാം വയസ്സിലും ലോകകപ്പ് കളിക്കാനാകൂ.
‘‘വിരാട് കോലിയുടെ കാര്യത്തിൽ ഇതു ശരിയായിരിക്കും. ആ പ്രായത്തിലും അദ്ദേഹത്തിന് ഏകദിന ലോകകപ്പ് കളിക്കാനുള്ള ഫിറ്റ്നസ്സുണ്ടാകും. പക്ഷേ, രോഹിത്തിന്റെ കാര്യത്തിൽ ഗംഭീറിന്റെ പ്രസ്താവന അൽപം കടന്നു പോയില്ലേ എന്നൊരു സംശയം. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം മിക്കവാറും തലകറങ്ങി വീഴും’– ശ്രീകാന്ത് പറഞ്ഞു.
ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഗംഭീറിന്റെ അസ്ഥിരതയെയും ശ്രീകാന്ത് വിമർശിച്ചു. ‘‘നോക്കൂ, ഗൗതം ഗംഭീർ ടീം സിലക്ഷന്റെ കാര്യത്തിൽ യു–ടേൺ എടുത്തിരിക്കുന്നു. മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കിൽ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും തന്റെ ടീമിൽ ഇടമുണ്ടാകില്ലെന്നായിരുന്നു മുൻപ് ഗംഭീർ പറഞ്ഞിരുന്നത്. ഇപ്പോൾ അദ്ദേഹം യു–ടേൺ എടുത്തിരിക്കുന്നു. വിരാട് കോലിയെയും രോഹിത് ശർമയെയും പോലെ വേറെ കളിക്കാരില്ലെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. ഇരുവർക്കും ഇനിയും ദീർഘകാലം കളിക്കാനാകുമെന്ന് പരിശീലകനായ ശേഷമാണ് ഗംഭീറിനു മനസ്സിലായത്. 2027 ലോകകപ്പിലും അവർക്ക് കളിക്കാനാകുമെന്ന് അദ്ദേഹം ഇപ്പോൾ കരുതുന്നു’ – ശ്രീകാന്ത് പറഞ്ഞു.