സൂര്യകുമാർ വിളിച്ച ടീമംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കാതെ പാണ്ഡ്യ, ഉടക്കിലെന്ന് റിപ്പോർട്ട്; ഉടനടി ഇടപെട്ട് ഗംഭീർ
Mail This Article
കൊളംബോ∙ രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ട്വന്റി20 ടീം നാടകനായി ചുതലയേറ്റ സൂര്യകുമാർ യാദവ് വിളിച്ച ആദ്യ ടീം മീറ്റിങ്ങിൽ ഹാർദിക് പാണ്ഡ്യ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ശ്രീലങ്കയിലേക്ക് പുറപ്പെടും മുൻപ് വിമാനത്താവളത്തിൽവച്ച് കണ്ടുമുട്ടിയ ഘട്ടത്തിൽ പാണ്ഡ്യ സൂര്യകുമാറിനെ ആലിംഗനം ചെയ്തത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ല എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, സൂര്യ വിളിച്ച ടീമംഗങ്ങളുടെ യോഗത്തിൽ പാണ്ഡ്യ പങ്കെടുത്തില്ല എന്ന് ഒരു ദേശീയ മാധ്യമം വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്.
‘‘ശ്രീലങ്കയിലെത്തിയ ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരിശീലന സെഷൻ ഇന്നാണ് നടന്നത്. ക്യാപ്റ്റനെന്ന നിലയിൽ പരിശീലനത്തിനു മുന്നോടിയായി സൂര്യകുമാർ യാദവ് ടീമംഗങ്ങളുടെ യോഗം വിളിച്ചപ്പോൾ, ഹാർദിക് പാണ്ഡ്യ അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് എന്തുകൊണ്ടാണ് പാണ്ഡ്യ അപ്രത്യക്ഷനായതെന്ന് ഈ ഘട്ടത്തിൽ വ്യക്തമല്ല. എന്നാൽ, പാണ്ഡ്യ പിന്നീട് പരിശീലനത്തിന് എത്തി’’– വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമത്തിന്റെ പ്രതിനിധി എക്സിൽ കുറിച്ചു.
‘‘രോഹിത് ശർമ രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിച്ചതോടെ അദ്ദേഹത്തിനു കീഴിൽ ഉപനായകനായിരുന്ന ഹാർദിക് പാണ്ഡ്യ നായകനാകും എന്നായിരുന്നു ധാരണയെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, നായകസ്ഥാനം സൂര്യകുമാർ യാദവിനു നൽകാനാണ് മുഖ്യപരിശീലകൻ ഗൗതം ഗംഭീറും സിലക്ടർമാരും തീരുമാനിച്ചത്. എന്തായാലും പരിശീലനത്തിനിടെ ഹാർദിക് പാണ്ഡ്യ ഗംഭീറുമായി ദീർഘനേരം സംസാരിക്കുന്നതു കാണാമായിരുന്നു. പാണ്ഡ്യയുടെ ബാറ്റിങ് സ്റ്റാൻസും ചർച്ചാ വിഷയമായി’’– എക്സിലെ കുറിപ്പിൽ പറയുന്നു.
സൂര്യകുമാർ വിളിച്ച യോഗത്തിൽനിന്ന് ഹാർദിക് വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഗംഭീർ താരവുമായി ദീർഘനേരം സംസാരിച്ചതെന്നാണ് വിവിധ മാധ്യമങ്ങൾ നൽകുന്ന വ്യാഖ്യാനം. നായകസ്ഥാനം കൈവിട്ടതിനു പിന്നാലെ, ട്വന്റി20 ടീമിന്റെ ഉപനായക സ്ഥാനത്തുനിന്നും പാണ്ഡ്യയെ നീക്കിയിരുന്നു. പകരം യുവതാരം ശുഭ്മൻ ഗില്ലിനെയാണ് ഭാവി നായകനെന്ന പരിഗണനയിൽ ഏകദിനത്തിലും ട്വന്റി20യിലും ഉപനായകനായി പ്രഖ്യാപിച്ചത്.
സന്തോഷം കളിയാടുന്ന ഡ്രസിങ് റൂമിലേക്കു മാത്രമേ വിജയങ്ങൾ വരൂ എന്ന് തന്റെ ആദ്യ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ ഗംഭീർ, ടീമിനുള്ളിലെ ബന്ധങ്ങൾ വഷളാകാതിരിക്കാനാണ് അടിയന്തര ഇടപെടൽ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.