സഞ്ജുവിന് ഇത് ആദ്യത്തെ അനുഭവമല്ലല്ലോ; അവസാനത്തേതാകാനും വഴിയില്ല: തുറന്നടിച്ച് റോബിൻ ഉത്തപ്പ
Mail This Article
ബെംഗളൂരു∙ ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിനെ സംബന്ധിച്ച് ഇത്തരം തഴയലുകൾ ആദ്യത്തെ അനുഭവമല്ലെന്ന് ഉത്തപ്പ പറഞ്ഞു. ഇത് അവസാനത്തെ അനുഭവമാകാനും വഴിയില്ല. ഇതുകൊണ്ട് സഞ്ജു ഏകദിന ടീമിൽനിന്ന് പുറത്തായി എന്ന് അർഥമില്ലെന്നും, ഇനിയും അവസരം വരുമെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള പുതിയ പരിശീലക സംഘം ചുമതലയേറ്റതേ ഉള്ളൂവെന്നും, കാര്യങ്ങൾ പഠിക്കാനും നടപ്പിലാക്കാനും അവർക്ക് സാവകാശം അനുവദിക്കണമെന്നും ഉത്തപ്പ ആരാധകരോട് അഭ്യർഥിച്ചു. ഏകദിന ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞതിനെക്കുറിച്ച് ഉത്തപ്പയുടെ പ്രതികരണം ഇങ്ങനെ:
‘‘സഞ്ജുവിന്റെ ഭാഗത്തുനിന്ന് നോക്കിയാൽ, ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ അനുഭവമല്ല. ഇത് ഇത്തരത്തിലുള്ള അവസാനത്തെ അനുഭവമാകുമെന്ന് കരുതാനും വയ്യ. പക്ഷേ, ഏകദിനത്തിൽ വളരെ മികച്ച റെക്കോർഡുള്ള താരമാണ് സഞ്ജു എന്നത് വ്യക്തമാണ്. പുതിയ പരിശീലക സംഘം ചുമതല ഏറ്റെടുത്തതേയുള്ളൂ. അവർക്ക് കാര്യങ്ങളൊക്കെ ഒന്നു ക്രമപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യൻ ടീമിന്റെ ആരാധകരെന്ന നിലയിൽ അതിനു കുറച്ചുകൂടി സമയം നൽകണം’’ – ഉത്തപ്പ പറഞ്ഞു.
ഇത്തവണ ടീമിൽ ഉൾപ്പെടുത്താത്തതുകൊണ്ട്, ഏകദിനത്തിൽ സഞ്ജുവിന് ഇനി അവസരമില്ലെന്ന് അർഥമില്ലെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. സഞ്ജുവിന് ഏകദിനത്തിലും ഇനിയും അവസരം ലഭിക്കും. എന്നാൽ, അവസരം ലഭിക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ ദീർഘകാലം ടീമിൽ നിലനിൽക്കാനാകൂവെന്നും ഉത്തപ്പ അഭിപ്രായപ്പെട്ടു.
‘‘ഏതെങ്കിലും ഒരു താരം ഉള്ളതുകൊണ്ട് സഞ്ജുവിന് ഇനി ഏകദിന ടീമിൽ അവസരം ലഭിക്കില്ലെന്നൊന്നും ചിന്തിക്കാനാകില്ല. സമയമാകുമ്പോൾ സഞ്ജുവിന് ഇനിയും അവസരങ്ങൾ ലഭിക്കും. പക്ഷേ, അവസരം ലഭിക്കുന്ന സമയത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും സ്ഥിരതയോടെ മുന്നോട്ടു പോകാനും സഞ്ജുവിന് സാധിക്കണം’’ – ഉത്തപ്പ പറഞ്ഞു.