ഇന്ത്യൻ ക്രിക്കറ്റിൽ ഉയരങ്ങൾ താണ്ടി സൂര്യ; 24 വർഷത്തിനു ശേഷം ജോലി പോയ വേദനയിൽ ബാല്യകാല പരിശീലകൻ
Mail This Article
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായി രാജ്യാന്തര തലത്തിൽ സൂര്യകുമാർ യാദവ് പുത്തൻ ഉയരങ്ങൾ കീഴടക്കി മുന്നേറുമ്പോൾ, 24 വർഷമായി ചെയ്തുവന്ന ജോലിയിൽനിന്ന് പുറത്തായ വേദനയിൽ അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ. ക്രിക്കറ്റ് കളത്തിൽ സൂര്യയ്ക്ക് ബാലപാഠങ്ങൾ പകർന്നു നൽകിയ ആദ്യകാല പരിശീലകൻ അശോക് അസ്‌വാൽക്കറാണ് ജോലി നഷ്ടത്തിന്റെ വേദനയിൽ ഉരുകി കഴിയുന്നത്. ചെമ്പൂരിലെ അനുശക്തി നഗർ മൈതാനത്ത് ക്യുറേറ്ററായും പരിശീലകനായും ജോലി ചെയ്തു വരികയായിരുന്നു അസ്‌വാൽക്കർ. ഈ ജോലിയാണ് അദ്ദേഹത്തിന് നഷ്ടമായത്.
ജോലി നഷ്ടത്തേക്കാൾ, ഇതുവരെ ലഭിച്ചുവന്നിരുന്ന വരുമാനം കുത്തനെ ഇടിഞ്ഞതാണ് അസ്‍വാൽക്കറിനെ വേദനിപ്പിക്കുന്നത്. ‘‘1989–90 കാലഘട്ടത്തിലാണ് ഞാൻ ബാർക്കിൽ (ഭാഭ ആറ്റമിക് റിസർച്ച് സെന്റർ) ജോലിക്കു ചേരുന്നത്. ജഗന്നാഥ് ഫാൻസെയുടെ സഹായിയായി ഗ്രൗണ്ട്സ്മാൻ, പരിശീലക ജോലികളാണ് ചെയ്തിരുന്നത്. അന്ന് 3000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. അടുത്തിടെ ജോലി നഷ്ടമാകുന്ന സമയത്ത് എഎസ്എംസിയിൽനിന്ന് (അനുശക്തിനഗർ സ്പോർട്സ് മാനേജ്മെന്റ് കമ്മിറ്റി) ഗ്രൗണ്ട്സ്മാനെന്ന നിലയിൽ മാസം 26,000 രൂപയും പരിശീലകനെന്ന നിലയിൽ കോച്ചിങ് ഏജൻസിയിൽനിന്ന് പ്രതിമാസം 15,000 രൂപയും ലഭിച്ചിരുന്നു.’’ – അസ്‌വാൽക്കർ ഒരു മാധ്യമത്തോടു വെളിപ്പെടുത്തി.
‘‘എന്റെ ജോലി നഷ്ടമായ വിവരം ഞാൻ കുടുംബാംഗങ്ങളെപ്പോലും അറിയിച്ചിട്ടില്ല. എന്റെ ജോലി നഷ്ടപ്പെട്ട കാര്യവും അതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന കാര്യവും ഞാൻ സൂര്യയെ മെസേജ് അയച്ച് അറിയിച്ചിരുന്നു. അതോടെ ആ വ്യക്തിയോടുള്ള സൂര്യയുടെ സമീപനത്തിൽ മാറ്റം വന്നു.’’ – അസ്‌വാൽക്കർ പറഞ്ഞു.
‘‘ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അവധിയെടുത്തതുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളുടെ തുടർച്ചയായാണ് ജോലി നഷ്ടമായതെന്ന് അസ്‍വാൽക്കർ പറയുന്നു. വിവാഹത്തിനു ശേഷം തിരിച്ചെത്തുമ്പോഴേയ്ക്കും കാര്യങ്ങൾ മാറിമറിഞ്ഞു. കമ്മിറ്റിയംഗങ്ങളിൽ ആരും എന്നോടു സംസാരിക്കാതായി. പിന്നീട്, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജോലിക്കു വരേണ്ടതില്ലെന്നും വീട്ടിലേക്കുമടങ്ങാനും അറിയിച്ച് സന്ദേശം ലഭിച്ചു. ഇത് എന്നെ സംബന്ധിച്ച് വളരെ വിഷമിപ്പിക്കുന്ന സമീപനമായിരുന്നു.
‘‘പിന്നീട് കമ്മിറ്റിയംഗങ്ങളിൽ ചിലർക്ക് എന്നെ കാണണമെന്ന് അറിയിച്ചതിനെ തുടർന്ന് ഞാൻ ചെന്നു. ഞാൻ പറഞ്ഞതെല്ലാം ശ്രദ്ധാപൂർവം കേട്ടശേഷം വിളിക്കാമെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. പിന്നീട് ഇതുവരെ അവിടെനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല.’’ – അസ്‍വാൽക്കർ പറഞ്ഞു.
അതേസമയം, ചില ആശയക്കുഴങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് എഎസ്എംസി തലവൻ രമാകാന്ത് സാഹു പ്രതികരിച്ചു. അദ്ദേഹത്തെ തിരിച്ചെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും എന്തോ കാരണത്താൽ അദ്ദേഹം അതൃപ്തനായിരുന്നുവെന്നും സഹകരിച്ചില്ലെന്നും സാഹു വെളിപ്പെടുത്തി. ഒരു ടൂർണമെന്റിനിടെ ആരെയും അറിയിക്കാതെ അപ്രത്യക്ഷനായെന്നും സാഹു പറഞ്ഞു. വർഷങ്ങളോളം ഇവിടെ പരിശീലകനായി ജോലി ചെയ്ത അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും അടുത്ത സീസണിൽ അതു സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സാഹു വ്യക്തമാക്കി.