‘ഇന്ത്യയ്ക്കു വേണ്ടി പാക്കിസ്ഥാൻ മറ്റു വേദികളിലേക്കു പോകരുത്, ക്രിക്കറ്റ് ബോര്‍ഡുകൾ ജയ്ഷായ്ക്കു പിന്നാലെ’
Mail This Article
ഇസ്‌ലാമബാദ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാന്‍ മുൻ താരം ബാസിത്ത് അലി. സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടി ലോകത്തെ പല ക്രിക്കറ്റ് ബോർഡുകളും ബിസിസിഐയെ പിന്തുണയ്ക്കുകയാണെന്നും ബാസിത്ത് അലി ആരോപിച്ചു. അടുത്ത വർഷം നടക്കേണ്ട ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന നിലപാടിലാണ് ബിസിസിഐ.
ബിസിസിഐ നിലപാടിൽ ഉറച്ചുനിന്നാൽ ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തേക്കു മാറ്റേണ്ടിവരും. ഏഷ്യാ കപ്പിലെ മത്സരങ്ങൾ ഇന്ത്യയുടെ നിർബന്ധത്തെ തുടർന്ന് ശ്രീലങ്കയിലേക്കു മാറ്റിയിരുന്നു. ‘‘അഞ്ചോ, ആറോ ബോര്‍ഡുകൾ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നത് അതേപടി പിന്തുടരുകയാണു ചെയ്യുന്നത്. ചാംപ്യൻസ് ട്രോഫി പാക്കിസ്ഥാനിൽ നടക്കണമെന്നു ജയ് ഷാ പറഞ്ഞാൽ അവർ അംഗീകരിക്കും. ഹൈബ്രിഡ് മോഡൽ മതിയെന്നു പറഞ്ഞാൽ അതും സമ്മതിക്കും. കാരണം ന്യൂസീലൻഡ്, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ ബോർഡുകൾക്ക് അവരുടെ താരങ്ങൾ ഐപിഎൽ കളിക്കുമ്പോൾ ബിസിസിഐ വലിയ തുക നൽകുന്നുണ്ട്.’’– ബാസിത് അലി യുട്യൂബ് ചാനലിൽ ആരോപിച്ചു.
‘‘ഇന്ത്യ– പാക്കിസ്ഥാൻ പരമ്പര അടുത്ത കാലത്തൊന്നും നടക്കില്ലെന്നാണ് എനിക്കു തോന്നുന്നത്. മറ്റേതെങ്കിലും രാജ്യത്തുവച്ച് കളിക്കാനാണു നീക്കമെങ്കിൽ പാക്കിസ്ഥാൻ അതിനു തയാറാകരുത്. ഇന്ത്യന്‍ ടീം ഇവിടെ വന്നു കളിക്കുന്നില്ല. അപ്പോൾ പാക്കിസ്ഥാൻ അവർക്കു വേണ്ടി മറ്റേതെങ്കിലും വേദികളിലേക്കു പോകേണ്ട കാര്യമില്ല.’’– ബാസിത് അലി പറഞ്ഞു. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്കോ, ദുബായിലേക്കോ മാറ്റാനാണു സാധ്യത. ഇക്കാര്യം ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോട് അഭ്യർഥിക്കും.
2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നിലവിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ പാക്കിസ്ഥാൻ താരങ്ങൾ ഇന്ത്യയിലെത്തിയിരുന്നു. 2025ൽ ഫെബ്രുവരി– മാർച്ച് മാസങ്ങളിലാണ് ചാംപ്യൻസ് ട്രോഫി നടക്കേണ്ടത്.