ADVERTISEMENT

മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ വളർത്തിക്കൊണ്ടുവരാൻ ഉറച്ച് ബിസിസിഐ. നിലവിൽ മൂന്നു ഫോർമാറ്റുകളിലും സജീവമായി കളിക്കുന്ന ഗില്ലില്‍ ഭാവിയിലേക്കുള്ള ക്യാപ്റ്റന്റെ മികവുണ്ടെന്നാണ് ചീഫ് സിലക്ടർ അജിത് അഗാർക്കറിന്റെയും ഗൗതം ഗംഭീറിന്റെയും പ്രതീക്ഷ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശുഭ്മൻ ഗിൽ. ഹാർദിക് പാണ്ഡ്യ ടീമിലുള്ളപ്പോഴാണ് ഗില്ലിനെ ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ബിസിസിഐ വിശ്വസിച്ച് ഏൽപിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ശുഭ്മന്‍ ഗില്ലിനെക്കുറിച്ചുള്ള പ്രതീക്ഷകൾ അജിത് അഗാർക്കർ പങ്കുവയ്ക്കുകയും ചെയ്തു. ‘‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം മികച്ച പ്രകടനമാണ് എല്ലാ ഫോർമാറ്റുകളിലും നടത്തുന്നത്. സീനിയർ താരങ്ങളായ സൂര്യകുമാർ യാദവിൽനിന്നും രോഹിത് ശർമയിൽനിന്നും ഗിൽ കാര്യങ്ങൾ പഠിക്കട്ടെ. പരുക്കു വന്നാലോ, അല്ലെങ്കിൽ ഫോം ഔട്ട് ആകുമ്പോഴോ മറ്റൊരു ക്യാപ്റ്റനു വേണ്ടി ബുദ്ധിമുട്ടാൻ ഞങ്ങൾക്കു താൽപര്യമില്ല. നേതൃപരമായ മികവുകൾ ഇതിനകം ഗിൽ പുറത്തെടുത്തിട്ടുണ്ട്. ഇനി അദ്ദേഹം കൂടുതൽ മത്സരപരിചയം നേടുകയാണു വേണ്ടത്.’’– അജിത് അഗാര്‍ക്കർ പറഞ്ഞു.

ഗില്ലിന്റെ കാര്യത്തിൽ ഉറപ്പൊന്നുമില്ലെന്നും എന്നാൽ ഇപ്പോൾ ഇതാണ് പ്ലാനെന്നും അഗാർ‌ക്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ശുഭ്മൻ ഗില്ലായിരുന്നു. ആദ്യ മത്സരം തോറ്റെങ്കിലും 4–1ന് ഇന്ത്യ പരമ്പര വിജയിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശുഭ്മൻ ഗില്ലിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിലെത്താതെ പുറത്തായി.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയായിരുന്നു. രോഹിത് ശര്‍മ ട്വന്റി20യിൽനിന്നു വിരമിച്ചതോടെ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സൂര്യകുമാർ യാദവിനെയാണ് ബിസിസിഐ ടീം ക്യാപ്റ്റനാക്കിയത്. ഗില്ലിനു ചുമതല നൽകിയതോടെ ഹാർദിക് പാണ്ഡ്യയ്ക്കു വൈസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായി. കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സ് ടീമിലൂടെ വളർന്നുവന്ന താരങ്ങളാണ് ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും.

English Summary:

Agarkar Explains Why Shubman Gill Was Appointed India's Vice Captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com