ബിസിസിഐ വിഡിയോയിൽ സഞ്ജുവിന് ഗംഭീറിന്റെ ‘സ്പെഷൽ ക്ലാസ്’; ഒന്നാം ട്വന്റി20യിൽ കളിക്കുമെന്നതിന്റെ സൂചന?– വിഡിയോ
Mail This Article
കൊളംബോ∙ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണിന് ബാറ്റിങ് പരിശീലനം നൽകി നിയുക്ത പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുറത്തുവിട്ട വിഡിയോയിലാണ്, ഗംഭീർ സഞ്ജുവിന് ബാറ്റിങ് ടിപ്സ് കൈമാറുന്ന ദൃശ്യങ്ങളുള്ളത്. ഇതോടെ, ഈ മാസം 27നു നടക്കുന്ന ശ്രീലങ്കയ്‍ക്കെതിരായ ഒന്നാം ട്വന്റി20യിൽ സഞ്ജു കളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി.
ശ്രീലങ്കൻ പര്യടനത്തിന് എത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അവിടെ ആദ്യമായി പരിശീലനത്തിന് ഇറങ്ങുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വിഡിയോയാണ് ബിസിസിഐ പുറത്തുവിട്ടത്. ഇന്ത്യൻ ടീമിന്റെ പരിശീലകനെന്ന നിലയിൽ ആദ്യമായി ഗ്രൗണ്ടിലേക്കു വരുന്ന ഗംഭീറിനെ ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ്, സഞ്ജുവിനായി ഗംഭീർ ബാറ്റിങ് ടിപ്സ് പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളുമുള്ളത്.
ഒന്നാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തിരഞ്ഞെടുത്തതോടെ സഞ്ജുവിന് ഇന്ത്യൻ നിരയിൽ അവസരം കിട്ടുമോയെന്ന സംശയം ആരാധകർ ഉൾപ്പെടെ പങ്കുവച്ചിരുന്നു. ബിസിസിഐ പങ്കുവച്ച വിഡിയോയിൽ ഗംഭീർ സഞ്ജുവിന് ‘സ്പെഷൽ ക്ലാസ്’ നൽകുന്ന ദൃശ്യങ്ങൾ പതിഞ്ഞതോടെ, സഞ്ജു ടീമിലുണ്ടാകുമെന്ന അഭ്യൂഹം ശക്തമായി.
സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു മൂന്നു മത്സരങ്ങളിൽ കളത്തിലിറങ്ങിയിരുന്നു. ഇതിൽ അവസാന മത്സരത്തിൽ അർധസെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയുമായി. ഇന്ത്യ കിരീടം ചൂടിയ ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും താരം ടീമിലുണ്ടായിരുന്നെങ്കിലും, ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.